വർഗീയതയെ തെരഞ്ഞെടുപ്പുകൊണ്ട് തോൽപിക്കാനാവില്ല -സുനിൽ പി. ഇളയിടം
text_fieldsഇന്ദിരാനഗർ ഇ.സി.എ ഹാളിൽ ബംഗളൂരു സെക്കുലർ ഫോറം സംഘടിപ്പിച്ച സെമിനാറിൽ സുനിൽ പി. ഇളയിടം സംസാരിക്കുന്നു
ബംഗളൂരു: വർഗീയതയെ തെരഞ്ഞെടുപ്പുകൊണ്ട് തോൽപിക്കാനാവില്ലെന്നും വർഗീയത ജനാധിപത്യത്തിനുള്ളിൽ മറ്റൊരു രൂപത്തിൽ പ്രവർത്തനക്ഷമമാണ് എന്നതാണ് ബി.ജെ.പിയുടെ രാഷ്ട്രീയ വളർച്ച കാണിക്കുന്നതെന്നും ചിന്തകനും വാഗ്മിയുമായ സുനിൽ പി. ഇളയിടം പറഞ്ഞു. ബംഗളൂരു സെക്കുലർ ഫോറം ‘ഇന്ത്യൻ ജനാധിപത്യം: വെല്ലുവിളികളും പ്രത്യാശകളും’ എന്ന തലക്കെട്ടിൽ സംഘടിപ്പിച്ച സെമിനാറിൽ മുഖ്യപ്രഭാഷണം നിർവഹിക്കുകയായിരുന്നു അദ്ദേഹം.
ദേശീയവാദിയിൽനിന്നോ പാരമ്പര്യ വാദിയിൽനിന്നോ വർഗീയവാദിയായി മാറാൻ കഴിയുന്ന ദേശീയവാദവും പാരമ്പര്യവാദവുമാണ് ഇന്ന് നമ്മുടെ രാജ്യത്തുള്ളത്. ഇന്ത്യൻ ദേശീയതയെ മതനിരപേക്ഷമായ ആധാരഘടനയിലേക്ക് കൊണ്ടുവന്നു എന്നതാണ് ഗാന്ധിജിയുടെ മൗലിക പ്രാധാന്യം. ഇന്ത്യൻ ദേശീയതയിൽ കൊണ്ടുവന്ന മാറ്റമാണ് വർഗീയതക്കെതിരായ മഹാത്മാ ഗാന്ധിയുടെ പ്രധാന സംഭാവനയെന്നും അല്ലായിരുന്നെങ്കിൽ 1930കളിൽത്തന്നെ ഇന്ത്യ മതരാഷ്ട്രമായി മാറുമായിരുന്നെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
പ്രാതിനിധ്യപരമായ ഉൾക്കൊള്ളലിനുപകരം ‘തെരഞ്ഞെടുത്ത ഒഴിവാക്ക’ലിനുള്ള ഉപാധിയായാണ് ഇന്ത്യയിൽ ഇന്ന് തെരഞ്ഞെടുപ്പിനെ കാണുന്നത്. ആരെയൊക്കെയാണ് ഒഴിവാക്കേണ്ടത് എന്ന് തീരുമാനിക്കുകയും ആ ഒഴിവാക്കലിനുള്ള നടപടിക്രമമായി തെരഞ്ഞെടുപ്പ് മാറുകയും അത് ജനാധിപത്യമാണെന്ന് കരുതുകയും ചെയ്യുന്നു. ജനാധിപത്യത്തിന്റെ വിപരീത യുക്തിയാണ് ജനാധിപത്യത്തിന്റെ പേരിൽ നടപ്പാക്കപ്പെടുന്നത്.
ജനാധിപത്യത്തിൽ അന്തർലീനമായ ഫാഷിസ്റ്റ് സാധ്യതകളെ എങ്ങനെ മറികടക്കണമെന്നതാണ് അംബേദ്കറുടെ മൈത്രി ആശയം പ്രസരിപ്പിക്കുന്നത്. സമത്വഭാവനയെ സമൂഹത്തിൽ ബലിഷ്ഠമാക്കിയല്ലാതെ ഇന്ത്യയിൽ ജനാധിപത്യം പൂർണമാകില്ലെന്നതാണ് അംബേദ്കറിന്റെ വീക്ഷണം. മനുഷ്യർ തുല്യരല്ലെന്ന ജാതിബദ്ധ യുക്തിയെ സഹസ്രാബ്ദങ്ങളോളം പോറ്റിവളർത്തിയ ഇന്ത്യക്ക് ജനാധിപത്യത്തെ സ്വാഭാവികമായി സ്വാംശീകരിക്കാൻ കഴിയില്ല. മനുഷ്യർക്കിടയിലെ സമത്വത്തെയും തുല്യതയെയും അംഗീകരിക്കുന്ന ജീവിതരീതിയാണ് യഥാർഥത്തിൽ ജനാധിപത്യം. ഭൂരിപക്ഷമല്ല മറിച്ച്, സഹജീവികളോടുള്ള ആദരവും ബഹുമാനവുമാണ് അതിന്റെ കാതലെന്നും ജനാധിപത്യ ബോധംകൊണ്ട് ഇരുട്ടിനെതിരായ സമരം ജ്വലിപ്പിച്ചുനിർത്തേണ്ടതുണ്ടെന്നും സുനിൽ പി. ഇളയിടം അഭിപ്രായപ്പെട്ടു.
ഇന്ദിരാനഗർ ഇ.സി.എ ഹാളിൽ നടന്ന പരിപാടിയിൽ സിനിമ-നാടക പ്രവർത്തകൻ പ്രകാശ് ബാരെ അധ്യക്ഷത വഹിച്ചു. സംവാദ സെഷനിൽ ആർ.വി. ആചാരി, സലാം യാങ്കൻ, ഫ്രാൻസിസ് ആന്റണി, കെ.വി.പി. സുലൈമാൻ, അൻവർ മുത്തില്ലത്ത്, നാദിറ കോട്ടികൊല്ലൻ, എം.എസ്. ശരത്, ശരത് എസ്. കുമാർ തുടങ്ങിയവർ പങ്കെടുത്തു. ശാന്തകുമാർ എലപ്പുള്ളി നന്ദി പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.