പഴകിയ ഉൽപന്നം വിറ്റ സൂപ്പര്‍മാര്‍ക്കറ്റിന് ഉപഭോക്തൃ കോടതിയുടെ പിഴ
text_fieldsബംഗളൂരു: പഴകിയ ഉൽപന്നം വിറ്റ സൂപ്പര്‍ മാര്‍ക്കറ്റിന് ഉപഭോക്തൃ കോടതി 10,000 രൂപ പിഴ വിധിച്ചു. ഉപഭോക്താവിന്റെ പരാതിയിലാണ് നടപടി. ഉപയോഗ തീയതി കഴിഞ്ഞ ഓട്സ് വില്പന നടത്തിയ സൂപ്പര്‍മാര്‍ക്കറ്റിനെതിരെ ബംഗളൂരു സ്വദേശിയായ ഉപഭോക്താവ് നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. തുടര്‍ന്ന് ചികിത്സാ ചെലവുകളും നിയമ ചെലവുകളും ഉള്‍പ്പെടെ അയാള്‍ അനുഭവിച്ച എല്ലാ നഷ്ടങ്ങള്‍ക്കും ചേര്‍ത്ത് 10,000 രൂപ നഷ്ടപരിഹാരം നല്കാന് കടയുടമയോട് ഉപഭോക്തൃ കമീഷന് ഉത്തരവിട്ടു.
ജയനഗറിലെ ഒരു സൂപ്പര്‍ മാര്‍ക്കറ്റില്‍നിന്ന് 49കാരനായ പരപ്പ എന്നയാള്‍ 925 രൂപ വിലയുള്ള ഓട്സ് പാക്കറ്റ് ഉള്‍പ്പെടെയുള്ള ഏതാനും സാധനങ്ങള്‍ വാങ്ങിയിരുന്നു. വീട്ടിലെത്തി ഓട്സ് കഴിച്ചതിനെ തുടര്‍ന്ന് അദ്ദേഹത്തിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു. തുടര്‍ന്ന് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആശുപത്രിയില്‍ െവച്ച് നടത്തിയ പരിശോധനയിലാണ് ഭക്ഷ്യവിഷബാധയേറ്റതായി കണ്ടെത്തിയത്. ഓട്സില്നിന്ന് തന്നെയായിരിക്കാം ഭക്ഷ്യവിഷബാധ ഏറ്റതെന്ന സംശയത്തെ തുടര്‍ന്ന് ഉൽപന്നത്തിന്റെ പാക്കേജിങ് പരിശോധിച്ചപ്പോൾ ഒരു പുതിയ ലേബല്‍ ഉപയോഗിച്ച് യഥാർഥ എക്സ്പയറി ഡേറ്റ് മറച്ചുവെച്ചതായും മറ്റൊരു തീയതി തല്‍സ്ഥാനത്ത് ചേര്‍ത്തതായും കണ്ടെത്തി.
ഇതു സംബന്ധിച്ച് സൂപ്പര്‍മാര്‍ക്കറ്റുമായി ബന്ധപ്പെട്ടെങ്കിലും അനുകൂല പ്രതികരണം ലഭിച്ചില്ലെന്ന് പരാതിക്കാരൻ ചൂണ്ടിക്കാട്ടി. തുടര്‍ന്ന് സൂപ്പര്‍മാര്‍ക്കറ്റ് ഉടമകൾക്ക് വക്കീല്‍ നോട്ടീസ് അയക്കുകയും ബംഗളൂരു ഉപഭോക്തൃ തര്‍ക്ക പരിഹാര കമീഷനില്‍ പരാതി നൽകുകയും ചെയ്തു. ഉപഭോക്തൃ കമീഷന് വിധി പരാതിക്കാരന് അനുകൂലമാവുകയായിരുന്നു. ഉല്പന്നത്തിന്റെ 925 രൂപ മുഴുവന്‍ മടക്കി നല്‍കാനും ഒപ്പം കാലഹരണപ്പെട്ട ഉല്പന്നം മൂലമുണ്ടായ അസുഖം കാരണം അദ്ദേഹത്തിന് ഉണ്ടായ ചികിത്സാ ചെലവായി 5,000 രൂപയും നിയമ നടപടികള്‍ക്ക് ചെലവായ 5 000 രൂപയും വഹിക്കാനും സൂപ്പര്‍മാര്‍ക്കറ്റിനോട് കോടതി നിര്‍ദേശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.