അന്ധവിശ്വാസം ഒറ്റപ്പെടുത്തി; നവജാത ശിശുവിന് ദാരുണാന്ത്യം
text_fieldsബംഗളൂരു: മാസം തികയാതെ പ്രസവിച്ച കുഞ്ഞ് അന്ധവിശ്വാസത്തിന്റെ കഠിനവഴികൾ താണ്ടാനാകാതെ മരണത്തിന് കീഴടങ്ങി. കർണാടകയിലെ തുമകുരു ജില്ലയിലെ മല്ലെനഹള്ളി ഗൊള്ളരഹട്ടി ഗ്രാമത്തിലാണ് സംഭവം. അയിത്താചരണവും അന്ധവിശ്വാസവും കൊടികുത്തിവാഴുന്ന മേഖലയാണിത്. ഇവിടെയുള്ള എ.വി. സിദ്ദേശിന്റെ ഭാര്യ വസന്തയുടെ (27) പെൺകുഞ്ഞാണ് മരിച്ചത്.
കഴിഞ്ഞ മാസം 22നാണ് ഗവ.ആശുപത്രിയിൽ വെച്ച് വസന്ത ഇരട്ടക്കുട്ടികൾക്ക് ജന്മം നൽകിയത്. എട്ടാം മാസത്തിലായിരുന്നു പ്രസവം. തൂക്കം നന്നേ കുറവായിരുന്ന ആൺകുട്ടി അല്പ സമയത്തിനകം തന്നെ മരിച്ചു. എന്നാൽ, 1.1 കിലോഗ്രാം തൂക്കമുള്ള പെൺകുഞ്ഞിനെ തുമകുരു ജില്ല ആശുപത്രിയിലെ എൻ.സി.യുവിൽ പ്രവേശിപ്പിച്ച് ചികിത്സ നൽകുകയായിരുന്നു. ആരോഗ്യ നില മെച്ചപ്പെട്ടുവരുന്നതിനിടെ ജൂലൈ 14ന് സിദ്ദേശ് ഭാര്യയെയും കുഞ്ഞിനെയും വീട്ടിലേക്ക് കൊണ്ടുപോയി. ഒരു മാസം കൂടി ചികിത്സ തുടരണമെന്ന ഡോക്ടർമാരുടെ നിർദേശം ഗൗനിക്കാതെയായിരുന്നു ഇത്. തുടർന്ന് ഗ്രാമത്തിലെത്തിയ വസന്തയെയും കുഞ്ഞിനെയും മാത്രം തീണ്ടാപ്പാടകലെ കുടിലിൽ ഒറ്റക്ക് താമസിപ്പിച്ചു. കൊടുഗൊള്ള സമുദായത്തിലെ ‘സുതക’ ആചാരപ്രകാരമായിരുന്നു ഇത്. മാസം തികയാതെ പ്രസവിക്കുന്ന സ്ത്രീകളെ വീട്ടിൽ താമസിപ്പിച്ചാൽ കുലദൈവങ്ങൾ കോപിക്കും എന്നാണ് ഇവിടെയുള്ളവരുടെ അന്ധവിശ്വാസം. മഴയും കുടിലിലെ ചോർച്ചയും അതിജീവിച്ച് ദിവസങ്ങൾ കടന്നു പോവുന്നതിനിടെ കുഞ്ഞിന്റെ ആരോഗ്യ നില തീർത്തും വഷളായി. ഒടുവിൽ കുഞ്ഞ് അബോധാവസ്ഥയിലായപ്പോഴാണ് തുമകുരു ആശുപത്രിയിൽ എത്തിച്ചത്. മരുന്നുകളോട് പ്രതികരിക്കാതെ കഴിഞ്ഞ ദിവസം കുഞ്ഞ് കണ്ണടക്കുകയും ചെയ്തു.
ആശുപത്രി അധികൃതർ നൽകിയ റിപ്പോർട്ട് അനുസരിച്ച് തുമകൂരു തഹസിൽദാർ ഗ്രാമം സന്ദർശിച്ചു. ജില്ല ലീഗൽ സർവിസ് അതോറിറ്റി മെംബർ സെക്രട്ടറിയും ജഡ്ജിയുമായ നൂറുന്നിസ പരിശോധനക്ക് എത്തിയപ്പോഴാണ് സംഭവം പുറംലോകം അറിയുന്നത്. ഇടിഞ്ഞുവീഴാറായ കുടിലിൽ തന്റെ മകളെ നഷ്ടമായതിന്റെ ദുഃഖം താങ്ങാനാവാതെ അവശനിലയിൽ കിടക്കുന്ന യുവതിയിൽനിന്ന് ജഡ്ജി വിവരങ്ങൾ ശേഖരിച്ചു. ഭർത്താവ് ഉൾപ്പെടെ വീട്ടിലെ അംഗങ്ങളിൽ നിന്ന് ജഡ്ജി മൊഴിയെടുത്തു. പരിസരവാസികൾ, ഗ്രാമപ്രമുഖർ തുടങ്ങിയവരുടെ യോഗം വിളിച്ചു ചേർത്ത് യുവതിക്ക് മതിയായ സംരക്ഷണം ഉറപ്പുവരുത്തി. കർണാടക ഹൈകോടതിയുടെ കീഴിലുള്ള കർണാടക ലീഗൽ സർവിസ് അതോറിറ്റിയുടെ മേൽനോട്ടത്തിൽ സംഭവത്തിൽ തുടരന്വേഷണം നടക്കും. യുവതിയുടെ ഭർത്താവിനും കുടുംബത്തിലെ മറ്റു അംഗങ്ങൾക്കുമെതിരെ കൊറ പൊലീസ് കേസെടുത്തു.
ദലിതനായതിന്റെ പേരിൽ പാർലമെന്റ് അംഗത്തെ സ്വന്തം മണ്ഡലത്തിലെ ഗ്രാമത്തിൽ കാലുകുത്താൻ പോലും അനുവദിക്കാത്ത വിധം അയിത്തവും ജാത്യാചാരങ്ങളും വാഴുന്ന ഇടങ്ങളാണ് തുമകുരുവിലെ ചില ഗ്രാമങ്ങൾ. ബി.ജെ.പി നേതാവും ചിത്രദുർഗ ലോക് സഭ അംഗവുമായ എ. നാരായണ സ്വാമിയെ 2019 സെപ്റ്റംബർ 17നാണ് ഗൊള്ളറഹട്ടി ഗ്രാമത്തിൽ കടക്കുന്നത് ചിലർ തടഞ്ഞത്. ബി.ജെ.പി ഭരണത്തിൽ സ്വന്തം പാർട്ടി എം.പിക്ക് അയിത്തം കല്പിച്ചതറിഞ്ഞ് അന്നത്തെ ഉപമുഖ്യമന്ത്രി സി.എൻ.അശ്വന്ത് പരിഹാര പ്രഖ്യാപനങ്ങൾ നടത്തിയിരുന്നു. ജില്ല പൊലീസ് സൂപ്രണ്ട് സംഭവസ്ഥലം സന്ദർശിക്കുകയും ചെയ്തു. എന്നിട്ടും അനാചാരങ്ങൾ തുടർന്നു. നാരായണ സ്വാമി ഇപ്പോൾ കേന്ദ്ര സാമൂഹിക നീതി വകുപ്പ് മന്ത്രിയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.