വിജയമാണ് മികച്ച പ്രതികാരം; ഹിജാബ് വിവാദത്തിലുലയാതെ തബസ്സുമിന്റെ വിജയം
text_fieldsബംഗളൂരു: യൂനിഫോമിന്റെ പേരിൽ കർണാടകയിലെ പി.യു കോളജുകളിൽ ഹിജാബ് നിരോധിച്ച ബി.ജെ.പി സർക്കാറിന് മധുരപ്രതികാരമായി തബസ്സും ഷെയ്ക്കിന്റെ വിജയം. കർണാടക പ്രീയൂനിവേഴ്സിറ്റി രണ്ടാം വർഷ പരീക്ഷഫലത്തിൽ 600ൽ 593 മാർക്ക് നേടി ആർട്സ് വിഭാഗത്തിൽ ഒന്നാമതെത്തി ഈ മിടുക്കി. ഹിജാബ് വിവാദ കാലം ജീവിതത്തിലെ ഏറ്റവും നിർണായകമായ ദിനങ്ങളായിരുന്നെന്നും വിദ്യാഭ്യാസത്തിനായി ഹിജാബ് അഴിച്ചുവെക്കേണ്ടിവന്നത് ഏറെ വിഷമിപ്പിച്ചെന്നും ബംഗളൂരു എൻ.എം.കെ.ആർ.വി വനിത പി.യു കോളജ് വിദ്യാർഥിനിയായിരുന്ന തബസ്സും ഷെയ്ക്ക് പറഞ്ഞു.
ഹിജാബ് നിരോധനം നിരവധി മുസ്ലിം വിദ്യാർഥിനികളുടെ വിദ്യാഭ്യാസത്തെ പ്രതികൂലമായി ബാധിച്ചിരുന്നു. പലരും സ്വകാര്യ കോളജുകളിലേക്ക് പഠിത്തം മാറ്റി. ഹിജാബ് നിരോധനത്തിനെതിരെ ഉഡുപ്പി ഗവ. പി.യു കോളജിലെ ആറു വിദ്യാർഥിനികൾ നൽകിയ ഹരജി സുപ്രീംകോടതിയിലാണ്. ഈ പ്രതിസന്ധിക്കിടയിലും മാനസികമായി തളരാതെ ഉന്നത വിജയം നേടിയ തബസ്സൂമിന് അനുമോദന പ്രവാഹമാണ്. മാതാപിതാക്കൾക്കൊപ്പമുള്ള ചിത്രം പങ്കുവെച്ച കോൺഗ്രസ് എം.പി ശശി തരൂർ, ‘വിജയമാണ് മികച്ച പ്രതികാരം’ എന്ന് ട്വീറ്റ് ചെയ്തു. അതേസമയം, തബസ്സുമിന്റെ നേട്ടത്തെ സംഘ്പരിവാർ കേന്ദ്രങ്ങൾ സർക്കാർ നിലപാടിന്റെ വിജയമായി സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നുണ്ട്. എന്നാൽ, കടുത്ത മാനസിക സമ്മർദത്തിലൂടെയാണ് ആ കാലം കഴിച്ചുകൂട്ടിയതെന്ന് തബസ്സും തുറന്നുപറഞ്ഞു. ‘എന്റെ വ്യക്തിത്വത്തിന്റെയും വിശ്വാസത്തിന്റെയും ഭാഗമാണ് ഹിജാബ്. മതമോ അതോ വിദ്യാഭ്യാസമോ എന്ന തിരഞ്ഞെടുപ്പായിരുന്നു മുന്നിൽ.
എല്ലാ മതങ്ങൾക്കും തുല്യ പരിഗണന നൽകുന്ന നമ്മുടെ രാജ്യത്ത് അത് യുക്തിയില്ലാത്തതാണ്. ആ സമയത്ത് രണ്ടാഴ്ച ക്ലാസിൽ പോകാൻ കഴിഞ്ഞില്ല. എന്റെ കോളജിൽനിന്ന് നിരവധി പെൺകുട്ടികൾ വിട്ടുപോയി. ഉന്നത നിലയിൽ എത്താനും മറ്റുള്ളവരെ കൈപിടിച്ചുയർത്താനും ഭാവിയിൽ ഇത്തരം അനീതികളെ തടയാനും വിദ്യാഭ്യാസം നേടുക എന്നത് പ്രധാനമാണെന്ന മാതാപിതാക്കളുടെ ഉപദേശമാണ് വീണ്ടും പഠിക്കാൻ ഊർജമേകിയത്. ബംഗളൂരുവിൽ ഇലക്ട്രിക്കൽ എൻജിനീയറായ അബ്ദുൽ ഖയ്യൂം ഷെയ്ക്കിന്റെയും വീട്ടമ്മയായ പർവീൺ മോദിയുടെയും മകളാണ് ഈ 18 കാരി. സൈക്കോളജിയിൽ ബിരുദംനേടി ക്ലിനിക്കൽ സൈക്കോളജിസ്റ്റാവാൻ ആഗ്രഹിക്കുന്ന തബസ്സും ബംഗളൂരു ആർ.വി സർവകലാശാലയിൽ ബിരുദത്തിന് പ്രവേശനം നേടി. സഹോദരൻ എം.ടെക് വിദ്യാർഥിയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.