തൽക്കാൽ ടിക്കറ്റ് ബുക്കിങ് ടൂൾ; സ്റ്റാർട്ട് അപ് സ്ഥാപകനെതിരായ ക്രിമിനൽ നടപടി കർണാടക ഹൈകോടതി തടഞ്ഞു
text_fieldsബംഗളൂരു: തൽക്കാൽ ബുക്കിങ്ങിന്റെ സമയം കുറക്കുന്ന ടൂൾ വികസിപ്പിച്ച സോഫ്റ്റ്വെയർ എൻജിനീയർക്കെതിരെ ക്രിമിനൽ കേസ് രജിസ്റ്റർ ചെയ്ത ഇന്ത്യൻ റെയിൽവേയുടെ നടപടി തടഞ്ഞ് കർണാടക ഹൈകോടതി.
ഐ.ഐ.ടി ബിരുദധാരിയായ ഗൗരവ് ധാക്കെ നൽകിയ ഹരജിയിൽ ജസ്റ്റിസ് എം. നാഗപ്രസന്ന അധ്യക്ഷനായ സിംഗിൾ ബെഞ്ചിന്റേതാണ് ഉത്തരവ്. റെയിൽവേ ടിക്കറ്റ് അനധികൃതമായി കൈപ്പറ്റുകയും വിതരണം ചെയ്യുകയും ചെയ്തെന്ന് ആരോപിച്ച് യുവാവിനെതിരെ റെയിൽവേ നിയമം 143ാം വകുപ്പു പ്രകാരം റെയിൽവേ കേസെടുത്തിരുന്നു. എന്നാൽ, ഗൗരവ് ധാക്കെയുടെ പ്രവൃത്തി, തൽക്കാൽ ബുക്കിങ്ങിന് നിലവിൽ എടുക്കുന്ന അഞ്ചു മിനിറ്റ് സമയം 45 സെക്കൻഡായി കുറക്കുന്ന ബ്രൗസർ എക്സ്റ്റൻഷൻ മാത്രമാണെന്നും റെയിൽവേ നിയമത്തിന്റെ ലംഘനമല്ലെന്നും ജസ്റ്റിസ് നാഗപ്രസന്ന ചൂണ്ടിക്കാട്ടി.
തൽക്കാൽ ടിക്കറ്റ് ബുക്ക് ചെയ്യുന്നയാളുടെ വിവരങ്ങൾ ഐ.ആർ.സി.ടി.സി വെബ്സൈറ്റിലെ ബുക്കിങ്ങിനിടെ ഓട്ടോഫിൽ ആയി വരുന്ന സോഫ്റ്റ്വെയർ ടൂൾ ആണ് ഗൗരവ് ധാക്കെ വികസിപ്പിച്ചത്. തുടക്കത്തിൽ ഇത് ഉപഭോക്താക്കൾക്ക് സൗജന്യമായി നൽകിയിരുന്നു.
എന്നാൽ, ചില ഏജന്റുമാർ കൂടുതൽ ടിക്കറ്റുകൾ ബുക്ക് ചെയ്യാൻ ഈ സംവിധാനം ഉപയോഗിച്ചതോടെ 2020 ഫെബ്രുവരി മുതൽ ഒരാൾക്ക് മാസത്തിൽ ഓട്ടോഫിൽ സൗകര്യത്തോടെ ബുക്കിങ് 10 എണ്ണമാക്കി ചുരുക്കുകയും ചെയ്തു. ഒരു ബുക്കിങ്ങിന് 30 രൂപ വീതം ചാർജും ഈടാക്കിത്തുടങ്ങി. തുടർന്ന് ക്രിമിനൽ നടപടി സ്വീകരിക്കുകയാണെന്ന് ചൂണ്ടിക്കാട്ടി 2022 സെപ്റ്റംബറിൽ ഗൗരവിന് റെയിൽവേ നോട്ടീസയച്ചു. സോഫ്റ്റ് വെയർ ടൂൾ നിർമിച്ചതിലൂടെ ഗൗരവ് 12 ലക്ഷം രൂപ സമ്പാദിച്ചതായി റെയിൽവേ സംരക്ഷണ സേന ചൂണ്ടിക്കാട്ടുന്നു. എന്നാൽ, പൊതുജനങ്ങളുടെ സൗകര്യത്തിനായാണ് താൻ തൽക്കാൽ ബുക്കിങ് സോഫ്റ്റവെയർ ടൂൾ രൂപപ്പെടുത്തിയതെന്നും അനധികൃത ഉപയോഗത്തിനായല്ലെന്നും ഗൗരവ് ധാക്കെയുടെ അഭിഭാഷകൻ കോടതിയെ ബോധിപ്പിച്ചു.
അനധികൃത ടിക്കറ്റ് വാങ്ങലോ വിൽക്കലോ ഗൗരവ് നടത്തിയിട്ടില്ലെന്ന് നിരീക്ഷിച്ച കർണാടക ഹൈകോടതി, റെയിൽവേ നിയമം 143ാം വകുപ്പു പ്രകാരം രജിസ്റ്റർ ചെയ്ത കേസിനെ ന്യായീകരിക്കാവുന്ന തെളിവുകളില്ലെന്ന് ഉത്തരവിൽ വ്യക്തമാക്കി. സമാനമായ മറ്റൊരു കേസിൽ 2016ൽ കേരള ഹൈകോടതിയുടെ ഉത്തരവും ജസ്റ്റിസ് എം. നാഗപ്രസന്ന ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.