ഗുരുശിഷ്യ ബന്ധത്തേക്കാൾ ഉത്തമമായ മറ്റൊരു ബന്ധമില്ല- ഡോ. ജി. സുബ്രഹ്മണ്യം
text_fieldsബംഗളൂരു: ഗുരുശിഷ്യ ബന്ധത്തേക്കാൾ ഉത്തമമായ മറ്റൊരു ബന്ധമില്ലെന്ന് ഡോ. ജി. സുബ്രഹ്മണ്യം പറഞ്ഞു. വൈറ്റ്ഫീൽഡ് ശ്രീസരസ്വതി എജുക്കേഷൻ ട്രസ്റ്റിൽ നടന്ന അധ്യാപക ദിനാചരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു മുൻ രാഷ്ട്രപതിമാരായ സർവേപള്ളി രാധാകൃഷ്ണന്റെയും വി.വി. ഗിരിയുടെയും ചെറുമകൻകൂടിയായ ഡോ. ജി. സുബ്രഹ്മണ്യം. ഡോ. എസ്. രാധാകൃഷ്ണൻ തങ്ങളുടെ മാത്രം മുത്തച്ഛനല്ല ഇന്ത്യയുടെ മുഴുവൻ മുത്തച്ഛനാണ്. അദ്ദേഹത്തിന്റെ ജന്മനാൾ രാജ്യത്തെ എല്ലാ സ്കൂളുകളിലും എല്ലാ മക്കളും ആചരിക്കുമ്പോൾ അത് തങ്ങളുടെ മുത്തച്ഛൻ മാത്രം എങ്ങനെയാകും.
ഇത് കുടുംബത്തിന്റെ മഹാഭാഗ്യമാണെന്ന് അദ്ദേഹം പറഞ്ഞു. തന്റെ കുടുംബത്തിൽ രാഷ്ട്രപതി ഭവനിൽ ഒടുവിൽ ജനിച്ചത് താനാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ജന്മം നൽകുന്ന മാതാപിതാക്കളെക്കാൾ അക്ഷരവും അറിവും പകർന്നു ജീവിക്കാൻ നമ്മളെ പ്രാപ്തരാക്കുന്ന അധ്യാപകരെ ഓരോ ദിവസവും സ്മരിക്കണമെന്നും അദ്ദേഹം ഉണർത്തി. തൊദൽ നുഡി കന്നട മാസികയുടെ പതിനൊന്നാമത്തെ ഉത്തമ അധ്യാപക അവാർഡ് കോലാർ ജില്ലയിലെ ആർ. സരസ്വതിക്ക് അദ്ദേഹം സമ്മാനിച്ചു. 5001 രൂപയും പ്രശസ്തി ഫലകവും അടങ്ങുന്നതാണ് അവാർഡ്. ചടങ്ങിൽ ഡോ. സുഷമ ശങ്കർ അധ്യക്ഷതവഹിച്ചു. ലോക കേരളസഭ അംഗം സി. കുഞ്ഞപ്പൻ, എസ്. ശ്രീനിവാസ്, പ്രഫ. വി.എസ്. രാകേഷ് എന്നിവർ സംസാരിച്ചു. 25 വർഷക്കാലമായി സരസ്വതി എജുക്കേഷൻ ട്രസ്റ്റിൽ അധ്യാപക ദിനം ആചരിക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.