ടെക്കിയുടെ ആത്മഹത്യ: ഭാര്യ അറസ്റ്റിൽ
text_fieldsബംഗളൂരു: ടെക്കി യുവാവ് ജീവനൊടുക്കിയ സംഭവത്തിൽ ഭാര്യയും അറസ്റ്റിലായി. അതുൽ സുഭാഷിന്റെ ഭാര്യ നിഖിത സിങ്കാനിയയാണ് അറസ്റ്റിലായത്. ഇവർ ഒളിവിലായിരുന്നു. സിങ്കാനിയയുടെ മാതാവ് നിഷ, സഹോദരൻ അനുരാഗ് എന്നിവരെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. മൂവരെയും ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തിയാണ് അറസ്റ്റ് ചെയ്തത്.
മൂന്നു പ്രതികളെയും ജഡ്ജിക്ക് മുന്നിൽ ഹാജരാക്കി റിമാൻഡ് ചെയ്തതായി വൈറ്റ്ഫീൽഡ് ഡി.സി.പി ശിവകുമാർ പറഞ്ഞു. പ്രതികളെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. ഹരിയാനയിലെ ഗുരുഗ്രാമിലെ പേയിങ് ഗെസ്റ്റ് ഹോസ്റ്റലിൽനിന്നാണ് നിഖിത സിങ്കാനിയയെ പിടികൂടിയത്. മാതാവിനെയും സഹോദരനെയും അലഹബാദിൽനിന്ന് അറസ്റ്റ് ചെയ്തു.
ഭാര്യയുടെയും അവരുടെ വീട്ടുകാരുടെയും നിരന്തര പീഡനം സഹിക്കാനാകാതെയാണ് ജീവനൊടുക്കുന്നതെന്ന് 24 പേജുള്ള ആത്മഹത്യ കുറിപ്പിലും 81 മിനിറ്റ് ദൈർഘ്യമുള്ള വിഡിയോ സന്ദേശത്തിലും അതുൽ പറഞ്ഞിരുന്നു. സ്ത്രീധന പീഡനം നടത്തിയെന്ന് കള്ളക്കേസുണ്ടാക്കി തന്നെ കുടുക്കാൻ ശ്രമിക്കുകയാണെന്നും കേസിൽനിന്ന് ഒഴിവാക്കാൻ മൂന്നുകോടി രൂപ ആവശ്യപ്പെട്ടെന്നും കുട്ടിയെ കാണാൻ അനുമതി നൽകുന്നതിനും പ്രത്യേകം പണം ആവശ്യപ്പെട്ടെന്നും അതുൽ പറയുന്ന ദൃശ്യങ്ങൾ വലിയ പ്രതിഷേധങ്ങൾക്കിടയാക്കിയിരുന്നു.
സ്വകാര്യ കമ്പനിയിലെ എക്സിക്യൂട്ടിവ് എഡിറ്ററായിരുന്നു അതുൽ. കര്‍ണാടകയിലെ മറാത്തഹള്ളിയിൽ താമസിച്ചിരുന്ന അതുല്‍ സുഭാഷ് നിഖിതയുമായി വേര്‍പിരിഞ്ഞ് ഒറ്റക്കാണ് കഴിഞ്ഞിരുന്നത്. കുട്ടിയെ സന്ദര്‍ശിക്കുന്നതിനുള്ള അനുമതി ലഭിക്കാനായി 30 ലക്ഷം രൂപ ഭാര്യയുടെ കുടുംബം ആവശ്യപ്പെട്ടിരുന്നതായും പറയുന്നു. ഭാര്യക്കും മകനും ചെലവിനായി പ്രതിമാസം രണ്ടുലക്ഷം രൂപ ഭാര്യ ആവശ്യപ്പെട്ടിരുന്നതായും ആരോപണമുണ്ട്.
വിവാഹ മോചനവുമായി ബന്ധപ്പെട്ട കേസ് കൈകാര്യം ചെയ്തിരുന്ന ഉത്തര്‍പ്രദേശിലെ ജോന്‍പൂര്‍ കുടുംബ കോടതിയിലെ വനിത ജഡ്ജി ഭാര്യയുടെ കുടുംബക്കാരുടെ പക്ഷത്തുനിന്നു മാത്രമാണ് തുടക്കം മുതല്‍ കേസ് കൈകാര്യം ചെയ്തിരുന്നതെന്നും ആത്മഹത്യാക്കുറിപ്പില്‍ പറയുന്നുണ്ട്. അഞ്ചുലക്ഷം രൂപ നല്കിയാല് കേസ് ഒതുക്കിത്തീര്‍ക്കാമെന്ന് ജഡ്ജി പറഞ്ഞിരുന്നതായും ആത്മഹത്യാക്കുറിപ്പില്‍ അതുല്‍ ആരോപിച്ചു.
ആത്മഹത്യ ചെയ്യുംമുമ്പ് അതുൽ സുഭാഷ് സുപ്രീംകോടതിക്കും രാഷ്ട്രപതി ദ്രൗപതി മുർമുവിനും മെയിലയച്ചിരുന്നു. തന്നെ ഉപദ്രവിച്ചവർക്ക് ശിക്ഷ നൽകാനാകില്ലെങ്കിൽ ചിതാഭസ്മം നിമജ്ജനം ചെയ്യേണ്ടെന്നും അതുൽ ആത്മഹത്യക്കു മുമ്പ് പറഞ്ഞിരുന്നു. പൊലീസ് കണ്ടെടുത്ത ആത്മഹത്യാക്കുറിപ്പിൽ ഓരോ പേജിലും നീതി ലഭിക്കണമെന്ന് സുഭാഷ് ആവശ്യപ്പെടുന്നു. താൻ ജീവനൊടുക്കാൻ കാരണം ഭാര്യയും ഭാര്യവീട്ടുകാരും കുടുംബ കോടതിയിലെ ജഡ്ജുമാണെന്നും യുവാവ് പറയുന്നു.
ഉത്തർപ്രദേശിലെ ജൗൻപൂരിലുള്ള കുടുംബ കോടതി ജഡ്ജിയെയാണ് കുറിപ്പിൽ പരാമർശിക്കുന്നത്. കോടതിയിലെ ഉദ്യോഗസ്ഥൻ ജഡ്ജിക്ക് മുന്നിൽവെച്ച് കൈക്കൂലി വാങ്ങി. കൊലപാതകശ്രമം, ലൈംഗികാതിക്രമം, ഗാർഹിക പീഡനം, സ്ത്രീധനപീഡനം തുടങ്ങി ഒമ്പത് കേസുകളാണ് തനിക്കെതിരെ ഭാര്യ നൽകിയതെന്ന് സുഭാഷ് ആത്മഹത്യാക്കുറിപ്പിൽ പറഞ്ഞിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.