സാമൂഹിക പ്രശ്നങ്ങളിലേക്ക് ശ്രദ്ധക്ഷണിച്ച് തണൽ സി.എസ്.ആർ മീറ്റ്
text_fieldsബംഗളൂരു: ദയ റീഹാബിലിറ്റേഷൻ ട്രസ്റ്റ് നടത്തുന്ന ചാരിറ്റബിൾ സംരംഭമായ തണലിന്റെ ബംഗളൂരു ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ 20ലധികം കോർപറേറ്റുകളെയും മനുഷ്യസ്നേഹികളെയും സംയോജിപ്പിച്ച് കോർപറേറ്റ് സോഷ്യൽ റെസ്പോൺസിബിലിറ്റി (സി.എസ്.ആർ) മീറ്റ് സംഘടിപ്പിച്ചു. ബനശങ്കരിയിലെ തണൽ മലബാർ ഗ്രാൻഡ്മാ ഹോമിൽ നടന്ന ചടങ്ങിൽ പ്രമുഖവ്യക്തികൾ പങ്കെടുത്തു.
ബിൽഗേറ്റ്സ് ഫൗണ്ടേഷൻ ഇന്ത്യ ഡയറക്ടർ ഹരി മേനോൻ മുഖ്യ പ്രഭാഷണം നടത്തി. ദാരിദ്ര്യ നിർമാർജനത്തിൽ തണലിന്റെ പ്രവർത്തനങ്ങൾക്ക് വലിയ പങ്കുവഹിക്കാൻ കഴിയുമെന്ന് സൂചിപ്പിച്ച അദ്ദേഹം, സമാനരീതിയിൽ പ്രവർത്തിക്കുന്ന ഇതര സംഘടനകളുമായി സഹകരിച്ചു പ്രവർത്തിക്കേണ്ടതിന്റെ ആവശ്യകതയും ചൂണ്ടിക്കാട്ടി. കോർപറേറ്റുകൾ, മനുഷ്യസ്നേഹികൾ, സാമൂഹിക മേഖലയിലെ പ്രമുഖർ എന്നിവരെ ഒരുമിച്ച് കൊണ്ടുവരുന്നതിലൂടെ ഇന്ത്യയിലെ ദാരിദ്ര്യ നിർമാർജനം, ആരോഗ്യ സംരക്ഷണം, വിദ്യാഭ്യാസ പ്രശ്നങ്ങൾ തുടങ്ങിയ അടിസ്ഥാന സാമൂഹിക വിഷയങ്ങൾ അഭിസംബോധന ചെയ്യാനാവുമെന്ന് സംഗമം പ്രതീക്ഷ പ്രകടിപ്പിച്ചു. നിലവിലെ പ്രവർത്തനങ്ങളെക്കുറിച്ചും ഭാവി പദ്ധതികളെക്കുറിച്ചും തണൽ ബാംഗ്ലൂർ ചെയർമാൻ മുസ്തഫ സംസാരിച്ചു.
ഐഡി ഫ്രഷ് സി.ഇ.ഒ പി.സി. മുസ്തഫ, സ്വക്ഷത്ര ട്രസ്റ്റ് സെക്രട്ടറി മേജർ ഭാവന, അസിം പ്രേംജി ഫൗണ്ടേഷനിലെ ചിന്മയ്, എച്ച്.ടി.എൽ മാർക്കറ്റിങ് മാനേജർ ഖുറം, തണൽ സി.എസ് ആർ മാനേജർ അസീം സേട്ട് എന്നിവർ സംസാരിച്ചു. ഡോ. രമ്യ, സഹീർ സി.എച്ച് , ഷാഹിന എന്നിവർ നേതൃത്വം നൽകി.
2008ൽ സ്ഥാപിതമായ തണലിന് കീഴിൽ 16 സംസ്ഥാനങ്ങളിലായി ആരോഗ്യ സംരക്ഷണം, വിദ്യാഭ്യാസം, ഭക്ഷണം, പാർപ്പിടം തുടങ്ങിയ മേഖലകളിലായി 250 സെന്ററുകൾ പ്രവർത്തിക്കുന്നുണ്ട്. 3565 വ്യക്തികൾക്ക് പ്രയോജനപ്പെടുന്ന 70 ഡയാലിസിസ് സെന്ററുകൾ, മലബാർ ഗ്രൂപ്പുമായി സഹകരിച്ച് ‘ഫീഡ് ദി നീഡി ഹൻഗർ ഫ്രീ വേൾഡ്’ പദ്ധതിയിൽ 12 സംസ്ഥാനങ്ങളിലായി 29 നഗരങ്ങളിൽ 18765 നിരാലംബർക്ക് ഭക്ഷണം നൽകിവരുന്നു.
നിലവിൽ തണൽ പ്രതിദിനം 1.35 ലക്ഷം ജനങ്ങൾക്ക് ആശ്വാസം നൽകുന്നുണ്ട്. 2030 ഓടെ പ്രതിദിനം ഒരു ദശലക്ഷം ആളുകൾക്ക് തണലിന്റെ സേവനം ലഭ്യമാക്കുക എന്നതാണ് ലക്ഷ്യം. തണൽ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾക്ക് 9483966830 ൽ ബന്ധപ്പെടണമെന്ന് ഭാരവാഹികൾ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.