‘നന്ദി സിദ്ധരാമയ്യാ... എന്നെ മന്ത്രിയാക്കാത്തതിന്..’
text_fieldsബംഗളൂരു: തനിക്ക് മന്ത്രിസ്ഥാനം നിഷേധിച്ചതിന് പിന്നിൽ മുഖ്യമന്ത്രി സിദ്ധരാമയ്യയാണെന്ന് തുറന്ന വിമർശനവുമായി എം.എൽ.സിയും മുൻ എ.ഐ.സി.സി ജനറൽ സെക്രട്ടറിയുമായ ബി.കെ. ഹരിപ്രസാദ്. ശനിയാഴ്ച പാലസ് മൈതാനത്ത് പിന്നാക്ക വിഭാഗങ്ങളായ ബില്ലഗ-ഈഡിഗ- നാമധാരി അനുയായികളായ ആയിരങ്ങൾ പങ്കെടുത്ത സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒരു ദോത്തിയും അടിയിലൊരു കാക്കി ട്രൗസറും കൈയിലൊരു ഹുബ്ലോട്ട് വാച്ചും ധരിച്ചതുകൊണ്ട് സ്വയം ഒരു സമൂഹമാണെന്ന് കരുതേണ്ടെന്ന് ഹരിപ്രസാദ് സിദ്ധരാമയ്യയെ വിമർശിച്ചു.
മന്ത്രിസഭ രൂപവത്കരണസമയം മുതൽ പല സന്ദർഭങ്ങളിലായി ബി.കെ. ഹരിപ്രസാദ് സിദ്ധരാമയ്യക്കെതിരെ വിമർശനമുയർത്തിയിരുന്നു. ‘എന്നെ മന്ത്രിയാക്കാത്തതിൽ സിദ്ധരാമയ്യക്ക് നന്ദി. ഞാൻ മന്ത്രിയായിരുന്നെങ്കിൽ എനിക്ക് നിങ്ങളെ കാണാനും നിങ്ങൾക്ക് ശക്തിപകരാനും കഴിയില്ലായിരുന്നു.
ഈ സർക്കാറിൽ ഞാൻ ഒരു മുഖ്യമന്ത്രിയാവുമെന്നോ മന്ത്രിയാവുമെന്നോ സ്വപ്നം കാണരുത്. ചെറിയ സമുദായങ്ങളെ ശക്തിപ്പെടുത്താൻ എന്റെ ശ്രമങ്ങൾ തുടരും - ഹരിപ്രസാദ് പറഞ്ഞു. കോൺഗ്രസ് നേതാക്കൾ ദലിത് നേതാക്കളെ അവഗണിക്കുകയാണെന്നും സംസ്ഥാനത്തെ ചെറുജാതികൾക്ക് കൂടുതൽ പ്രാതിനിധ്യം നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ദലിതനെ മുഖ്യമന്ത്രിയാക്കുമെന്നത് മറന്നേക്കുക. അവർ ദലിതരെ താഴ്ത്തിയിരിക്കുന്നു. കർണാടകയിൽ കെ.പി.സി.സി അധ്യക്ഷനായി ഏറ്റവും കൂടുതൽ കാലം ഇരുന്നത് ഡോ. ജി. പരമേശ്വരയാണ്. മുമ്പ് ഉപമുഖ്യമന്ത്രിയായിരുന്നു. മുഖ്യമന്ത്രിയാവാൻ എല്ലാ ഗുണങ്ങളുമുള്ള നേതാവ്. എന്നാൽ, ലജ്ജാകരമെന്ന് പറയട്ടെ, അദ്ദേഹത്തെ താഴ്ത്തി. ഉപമുഖ്യമന്ത്രിയായി തുടരാനെങ്കിലും അദ്ദേഹത്തെ അനുവദിക്കണമായിരുന്നു. സമീഷ് ജാർക്കിഹോളിയും ഉപമുഖ്യമന്ത്രിയാവാൻ യോഗ്യതയുള്ള നേതാവായിരുന്നു. എന്നാൽ, തെരഞ്ഞെടുപ്പിന് ശേഷം അത്തരം ചിന്തകളൊന്നും കോൺഗ്രസ് നേതാക്കളുടെ തലയിൽ ഉദിക്കുന്നില്ല. ഇത് തുടർന്നാൽ കർണാടകയിലെ ജനങ്ങൾ കടുത്ത തീരുമാനങ്ങളെടുക്കുമെന്ന് ഹരിപ്രസാദ് മുന്നറിയിപ്പ് നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.