കൊടും കുറ്റവാളി സാൻട്രോ രവിയുമായി മുഖ്യമന്ത്രിക്ക് ബന്ധമെന്ന്
text_fieldsബംഗളൂരു: കൊടും കുറ്റവാളി സാൻട്രോ രവിയുമായി തനിക്ക് ഒരു ബന്ധവുമില്ലെന്നും ഇതു സംബന്ധിച്ച് മുൻ മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമിയുടെ ആരോപണം അടിസ്ഥാനരഹിതമാണെന്നും മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ പറഞ്ഞു. പ്രാദേശിക ചാനൽ കഴിഞ്ഞ ദിവസം സാൻട്രോ രവിയുടെ ശബ്ദസന്ദേശം പുറത്തുവിട്ടിരുന്നു.
പൊലീസ് ഉദ്യോഗസ്ഥരുടെ സ്ഥലംമാറ്റ വിഷയത്തിൽ ഇടപെടുന്ന തരത്തിലുള്ളതാണ് ഈ സന്ദേശം. ഇതോടെയാണ് ബി.ജെ.പി മന്ത്രിമാർക്ക് സാൻട്രോയുമായി അടുത്ത ബന്ധമാണുള്ളതെന്നും ഇക്കാര്യം അന്വേഷിക്കണമെന്നും കുമാരസ്വാമി ആവശ്യപ്പെട്ടത്. മനുഷ്യക്കടത്ത്, വേശ്യാവൃത്തി തുടങ്ങിയ സംഭവങ്ങളിൽ നിരവധി കേസുകളുള്ള കുറ്റവാളിയാണ് സാൻട്രോ രവി.
‘കുമാരസ്വാമിയാണ് ഇതു സംബന്ധിച്ച ആരോപണം ഉന്നയിച്ചത്. അദ്ദേഹം തന്നെ അത് തെളിയിക്കുന്ന വിവരങ്ങൾ നൽകട്ടെ. തനിക്ക് സാൻട്രോ രവിയെ അറിയുകപോലുമില്ല’ -മുഖ്യമന്ത്രി പറഞ്ഞു.
രവിയും പൊലീസ് ഉദ്യോഗസ്ഥനും തമ്മിലുള്ള സംഭാഷണമാണ് ചാനൽ പുറത്തുവിട്ടത്. ഉദ്യോഗസ്ഥന് വിചാരിച്ച രൂപത്തിലുള്ള സ്ഥലംമാറ്റം ശരിപ്പെടുത്തിത്തരാമെന്ന് രവി ഉറപ്പുപറയുന്നുണ്ട്. മുഖ്യമന്ത്രിയുമായും മുതിർന്ന പൊലീസ് ഉദ്യോഗസ്ഥരുമായും തനിക്ക് അടുത്ത ബന്ധമാണുള്ളതെന്നും സാൻട്രോ പറയുന്നതും കേൾക്കാം. ഇതോടെയാണ് ബുധനാഴ്ച കുമാരസ്വാമി ആരോപണമുന്നയിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.