പണിയെടുക്കേണ്ട, ജീവനക്കാരോട് ഉറങ്ങൂവെന്ന് കമ്പനി
text_fieldsബംഗളൂരു: എല്ലുമുറിയെ പണിയെടുപ്പിച്ച് ജീവനക്കാരെ പരമാവധി പിഴിയുന്ന കമ്പനികളുള്ള നാടാണിത്. അപ്പോഴാണ് ഒരു കമ്പനി സ്വന്തം ജീവനക്കാരോട് പറയുന്നത്, ‘പണിയെടുക്കേണ്ട, പോയിക്കിടന്ന് ഉറങ്ങിക്കോളാൻ’. ഹോം ഫർണിഷിങ് മേഖലയിൽ പ്രവർത്തിക്കുന്ന ബംഗളൂരു ആസ്ഥാനമായ കമ്പനിയായ ‘വേക്ഫിറ്റ് സൊലൂഷൻസ്’ ആണ് ഉറങ്ങാനായി ജീവനക്കാർക്ക് വെള്ളിയാഴ്ച പ്രത്യേകഅവധി തന്നെ അനുവദിച്ചത്.
മാർച്ച് 17ന് ലോക ഉറക്കദിനവുമായി ബന്ധപ്പെട്ടായിരുന്നു ഇത്. ജീവനക്കാരുടെ ആരോഗ്യസംരക്ഷണമാണ് ലക്ഷ്യമെന്നും വിശ്രമിക്കാനും വെറുതെ ഇരിക്കാനും അവധി ഉപയോഗിക്കണമെന്നും ജീവനക്കാർക്ക് അയച്ച മെയിലിൽ കമ്പനി പറയുന്നു. ‘അത്ഭുതകരമായ അവധി: ഉറക്കത്തിന്‍റെ സമ്മാനപ്രഖ്യാപനം’ എന്നാണ് അവധി അറിയിപ്പിന്‍റെ തലക്കെട്ട്.
ഇന്ത്യയിലെ ജീവനക്കാരുടെ ഉറക്കമില്ലായ്മയുടെയും വിശ്രമമില്ലായ്മയുടെയും കണക്കും കമ്പനി വിശദീകരിക്കുന്നുണ്ട്. രാജ്യത്തെ 21 ശതമാനം ജീവനക്കാരും ഉറക്കം തൂങ്ങിയാണ് തൊഴിലിടങ്ങളിൽ ഇരിക്കുന്നത്. 11ശതമാനം പേരും മതിയായ ഉറക്കം കിട്ടാതെയാണ് എഴുന്നേൽക്കുന്നത്.
ഇതിനാൽ ലോക ഉറക്കദിനത്തിൽ മതിയായ ഉറക്കം അനുവദിക്കുക തന്നെയാണ് ജീവനക്കാർക്ക് കൊടുക്കാനാകുന്ന ഏറ്റവും വലിയ സമ്മാനമെന്നും കമ്പനി പറയുന്നു. മുമ്പും സമാനരീതിയിൽ ജീവനക്കാർക്ക് വിശ്രമിക്കാൻ പ്രത്യേക അവസരം നൽകിയ കമ്പനിയാണിത്. ജോലിസമയത്ത് 30 മിനിറ്റ് മയങ്ങാനുള്ള അവസരമാണ് അന്ന് നൽകിയത്.
രാജ്യത്താകെ 5000ത്തോളം ജീവനക്കാരാണ് കമ്പനിക്കുള്ളത്. അങ്കിത് ഗാർഗ്, ചൈതന്യ രാമലിംഗ ഗൗഡ എന്നിവരാണ് സ്ഥാപകർ. എന്തായാലും ഉറക്കത്തിനും വിശ്രമത്തിനും മതിയായ സമയം നൽകിയിട്ടും കമ്പനിയുടെ വളർച്ച മുന്നോട്ട് തന്നെയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.