ഗതാഗത മന്ത്രിയുടെ മണ്ഡലത്തിലെ ഈജിപുര മേൽപാലം നിർമാണം ഇഴയുന്നു
text_fieldsബംഗളൂരു: കർണാടക ഗതാഗത മന്ത്രി രാമലിംഗ റെഡ്ഡി പ്രതിനിധാനംചെയ്യുന്ന മണ്ഡലത്തിലെ ഈജിപുര മേൽപാലം നിർമാണം ഏഴ് വർഷമായി ഇഴയുന്നു.
2017ൽ 15 മാസംകൊണ്ട് പൂർത്തിയാക്കാൻ ലക്ഷ്യമിട്ട ഈജിപുരയെ അഗരയുമായി ബന്ധിപ്പിക്കുന്ന പദ്ധതി പാതിവഴിയിൽ നിലച്ചു. എസ്റ്റിമേറ്റിൽ കഴിഞ്ഞ വർഷം 100 കോടി രൂപയുടെ വർധന വരുത്തി കരാർ മാറ്റി നൽകിയിട്ടും പ്രവൃത്തി നടക്കുന്നില്ല. ബി.എസ്.സി.പി.എൽ ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡ് എന്ന കമ്പനിക്കാണ് നിലവിൽ കരാർ. മേൽപാലത്തിന്റെ നിർമാണത്തിന് കരാറെടുക്കുന്ന രണ്ടാമത്തെ കമ്പനിയാണിത്.
നേരത്തേ കൊൽക്കത്ത ആസ്ഥാനമായി പ്രവർത്തിക്കുന്ന മറ്റൊരു കമ്പനി 40 ശതമാനം നിർമാണം പൂർത്തിയാക്കിയിരുന്നു. എന്നാൽ സാമ്പത്തിക പ്രതിസന്ധിയെത്തുടർന്ന് കമ്പനി നിർമാണം നിർത്തിവെച്ചു.
ഇതോടെയാണ് ബംഗളൂരു കോർപറേഷൻ പുതിയ ടെൻഡർ വിളിച്ച് ബി.എസ്.സി.പി.എല്ലിന് കരാർ നൽകിയത്. നിർമാണസാമഗ്രികൾ റോഡരികിൽ കൂട്ടിയിട്ടിരിക്കുന്നതിനാൽ നിർദിഷ്ട മേൽപാലത്തിന് സമീപത്തെ റോഡിൽ ഗതാഗതക്കുരുക്ക് അനുഭവപ്പെടുന്നതായി ആക്ഷേപമുണ്ട്. മഴയിൽ മണലും പാറപ്പൊടിയുമുൾപ്പെടെ സമീപ പ്രദേശത്തെ വീടുകളിലേക്ക് ഒഴുകിയെത്തുകയും ചെയ്യുന്നു.
കഴിഞ്ഞദിവസം നഗരപാതകൾ സന്ദർശിച്ച മുഖ്യമന്ത്രി സിദ്ധരാമയ്യയുടേയും മന്ത്രിമാരുടെയും ശ്രദ്ധയിൽ പ്രദേശവാസികൾ പ്രശ്നങ്ങൾ അവതരിപ്പിച്ചിരുന്നു. 204 കോടിയായിരുന്നു തുടക്കത്തിൽ എസ്റ്റിമേറ്റ്. കഴിഞ്ഞവർഷം തുക 307.96 കോടിയായി ഉയർത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.