നാട് സ്വാതന്ത്ര്യ ദിനാഘോഷത്തിലേക്ക്
text_fieldsബംഗളൂരു: രാജ്യം മുഴുവൻ സ്വാതന്ത്ര്യദിനാഘോഷത്തിലേക്ക് നീങ്ങുമ്പോൾ കന്നട നാടും ആഘോഷത്തിനൊരുങ്ങി. സംസ്ഥാനത്തിന്റെ ഔദ്യോഗിക ആഘോഷ പരിപാടികൾ ചൊവ്വാഴ്ച ബംഗളൂരു മനേക് ഷാ പരേഡ് മൈതാനത്ത് അരങ്ങേറും. രാവിലെ ഒമ്പതിന് മുഖ്യമന്ത്രി സിദ്ധരാമയ്യ ദേശീയ പതാക ഉയർത്തും. കർണാടക പൊലീസിലെ വിവിധ വിഭാഗങ്ങളുടെ ഗാർഡ് ഓഫ് ഓണർ മുഖ്യമന്ത്രി സ്വീകരിക്കും.
തുടർന്ന് നടക്കുന്ന സാംസ്കാരിക-കലാ പ്രകടനങ്ങളിൽ കലാകാരന്മാരും ബംഗളൂരു നഗരത്തിലെ 1500ഓളം വിദ്യാർഥികളും ഭാഗമാകും. പൊതുജനങ്ങൾക്ക് ചടങ്ങുകൾ വീക്ഷിക്കാൻ 8000 സീറ്റ് സജ്ജമാക്കിയിട്ടുണ്ട്. 11.15ന് ചടങ്ങ് സമാപിക്കും.
സ്വാതന്ത്ര്യദിനത്തിൽ അനിഷ്ടസംഭവങ്ങൾ ഒഴിവാക്കാൻ ബംഗളൂരു നഗരത്തിലടക്കം വൻ സുരക്ഷയാണ് ഒരുക്കുന്നത്. 1786 പൊലീസുകാരെയാണ് സുരക്ഷക്കായി നിയോഗിച്ചിരിക്കുന്നത്. ഇതിനുപുറമെ, സ്കൂളുകളിലും ഓഫിസുകളിലും പതാകയുയർത്തലും സ്വാതന്ത്ര്യദിന സന്ദേശം കൈമാറലും വിവിധ പരിപാടികളും മത്സരങ്ങളും അരങ്ങേറും.
രക്തദാന ക്യാമ്പുമായി കൂട്ടായ്മകൾ
വിവിധ സംഘടനകളുടെയും കൂട്ടായ്മകളുടെയും നേതൃത്വത്തിൽ സ്വാതന്ത്ര്യ ദിനത്തിൽ രക്തദാന ക്യാമ്പുകൾ സംഘടിപ്പിക്കും.എച്ച്.ഡബ്ല്യു.എ ചാരിറ്റബിൾ ഫൗണ്ടേഷന്റെ നേതൃത്വത്തിൽ വിക്ടോറിയ ഹോസ്പിറ്റൽ ബ്ലഡ് സെന്ററുമായി സഹകരിച്ചുകൊണ്ട് മാറത്തഹള്ളി ലക്ഷ്മി നാരായണപുര എഡിഫിസ് വൺ ഓഡിറ്റേറിയത്തിൽ ഏകദിന രക്തദാന ക്യാമ്പ് സംഘടിപ്പിക്കും.
സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് ബംഗളൂരു മേഴ്സി മിഷൻ കൂട്ടായ്മ, മഞ്ഞപ്പട ബംഗളൂരു വിങ്, ഒലിവ് കഫേ എന്നിവയുടെ സഹായത്തോടെയാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്. രാവിലെ 10 മുതൽ വൈകീട്ട് നാലുവരെ നടക്കുന്ന ക്യാമ്പിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ രജിസ്ട്രേഷന് 90081 58788 നമ്പറിൽ ബന്ധപ്പെടണം.സുവർണ കർണാടക കേരള സമാജം കന്റോൺമെന്റ് സോണിന്റെ ആഭിമുഖ്യത്തിൽ ചൊവ്വാഴ്ച രാവിലെ 9.30ന് രക്തദാന ക്യാമ്പ് ആരംഭിക്കും. ഫോൺ: 9746429087.
എസ്.വൈ.എസ് രാഷ്ട്രരക്ഷ സംഗമം
സുന്നി യുവജന സംഘം ബംഗളൂരു ജില്ല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന രാഷ്ട്രരക്ഷ സംഗമം ചൊവ്വാഴ്ച നടക്കും. ഡബിൾ റോഡ് കാദർ ശരീഫ് ഗാർഡനിലെ ഫ്രീഡം സ്വീറ്റിൽ വെച്ച് രാവിലെ 9.30ന് നടക്കുന്ന പരിപാടിയിൽ മലബാർ മുസ്ലിം അസോസിയേഷൻ പ്രസിഡന്റ് ഡോ. എൻ.എ. മുഹമ്മദ് പതാക ഉയർത്തും. സ്വാതന്ത്ര്യത്തിന്റെ 76 വർഷം പിന്നിടുമ്പോൾ ഇന്ത്യ നേരിടുന്ന അനവധി പ്രതിസന്ധികളിൽനിന്ന് രാഷ്ട്രത്തെ രക്ഷിക്കാൻ രാഷ്ട്രസ്നേഹികളുടെ സംഗമത്തിൽ ‘മതേതരത്വം ഇന്ത്യയുടെ മതം’ എന്ന വിഷയത്തിൽ മുസ്തഫ ഹുദവി കാലടി മുഖ്യപ്രഭാഷണം നടത്തും. പ്രസിഡന്റ് അശ്റഫ് ഹാജി പ്രതിജ്ഞ ചൊല്ലിക്കൊടുക്കും. ജനറൽ സെക്രട്ടറി അബ്ദുൽ ലത്തീഫ് ഹാജി സ്വാഗതം പറയും.
എസ്.എം.എ സ്വാതന്ത്ര്യദിനാഘോഷം
ബാംഗ്ലൂർ സുന്നി മാനേജ്മെന്റ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ എല്ലാ മഹല്ലിലും ചൊവ്വാഴ്ച രാവിലെ സ്വാതന്ത്ര്യ ദിനാഘോഷം നടത്തുമെന്ന് ഭാരവാഹികൾ അറിയിച്ചു. മഹല്ല് മസ്ജിദ്, മദ്റസ ഇതര സ്ഥാപനങ്ങളുടെ കീഴിൽ നടത്തുന്ന പരിപാടിയിൽ ഭാരവാഹികളും വിദ്യാർഥികളും രക്ഷിതാക്കളും പങ്കെടുക്കുമെന്ന് പ്രസിഡന്റ് അബ്ദുറഹ്മാൻ ഹാജി, സെക്രട്ടറി സ്വാലിഹ്, ട്രഷറർ അബ്ദുൽ ഹകീം എന്നിവർ അറിയിച്ചു.
കെ.എം.സി സ്വാതന്ത്ര്യദിനാഘോഷം
കർണാടക മലയാളി കോൺഗ്രസ് സ്വാതന്ത്ര്യദിനാഘോഷവും നിർവാഹകയോഗവും ചൊവ്വാഴ്ച നടക്കും. വൈകീട്ട് 3.30ന് ഇന്ദിരനഗർ ഇ.സി.എയിൽ നടക്കുന്ന യോഗത്തിൽ സംസ്ഥാന ഭാരവാഹികൾ, ജില്ല പ്രസിഡന്റുമാർ, നിർവാഹക സമിതി അംഗങ്ങൾ തുടങ്ങിയവർ പങ്കെടുക്കും.
ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി
അനിൽ കുംെബ്ല സർക്കിൾ മുതൽ ശിവാജി നഗർ ബസ് സ്റ്റാൻഡ് വരെ സെൻട്രൽ സ്ട്രീറ്റിലും സി.ടി.ഒ സർക്കിൾ മുതൽ കെ.കെ റോഡ് വരെ കബൺ റോഡിലും വാഹന പാർക്കിങ് നിരോധിച്ചതായി ബംഗളൂരു ട്രാഫിക് പൊലീസ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.