രാജ്യത്തെ ആദ്യത്തെ സൈബർ കമാൻഡ് സെന്റർ ബംഗളൂരുവിൽ
text_fieldsബംഗളൂരു: സൈബർ സുരക്ഷ ശക്തിപ്പെടുത്തുന്നതിന് മുന്നോടിയായി രാജ്യത്തെ ആദ്യത്തെ സൈബർ കമാൻഡ് സെന്റർ സ്ഥാപിച്ച് കർണാടക സർക്കാർ. സംസ്ഥാനത്തുടനീളം സൈബർ കുറ്റകൃത്യങ്ങൾ വർധിച്ചുവരുന്ന സാഹചര്യത്തിലാണ് നടപടി.
പാലസ് റോഡിലെ സി.ഐ.ഡി കെട്ടിടത്തിലാണ് സൈബർ കമാൻഡ് സെന്റർ പ്രവർത്തിക്കുക. ഡി.ജി.പി റാങ്കിലുള്ള ഒരു ഐ.പി.എസ് ഓഫിസർക്കായിരിക്കും മേൽനോട്ടം. സംസ്ഥാനത്തെ 43 സൈബർ, ഇക്കണോമിക് ആൻഡ് നാർക്കോട്ടിക്സ് പൊലീസ് സ്റ്റേഷനുകൾ സൈബർ കമാൻഡ് സെന്ററിന് കീഴിൽവരും.
സൈബർ തട്ടിപ്പ്, ഹാക്കിങ്, ഐഡന്റിറ്റി മോഷണം, ഓൺലൈനിൽ സ്ത്രീകളെ ശല്യം ചെയ്യൽ, സെക്സ്ടോർഷൻ, ഡീപ്ഫേക്ക് സംബന്ധമായ കുറ്റകൃത്യങ്ങൾ, തെറ്റായ വിവരങ്ങൾ, ഡേറ്റാ ലംഘനങ്ങൾ എന്നിവയുൾപ്പെടെ ഡിജിറ്റൽ ഭീഷണികളിൽ സൈബർ കമാൻഡ് സെന്റർ ശ്രദ്ധ കേന്ദ്രീകരിക്കും.
ഇന്ത്യയിലെ വൻ നഗരങ്ങളിൽ രേഖപ്പെടുത്തിയിട്ടുള്ള ഇത്തരം കേസുകളിൽ ഏകദേശം 20 ശതമാനം കർണാടകയിലാണ്. പ്രത്യേകിച്ച് തലസ്ഥാനമായ ബംഗളൂരുവിൽ. കഴിഞ്ഞ നാലു വർഷത്തിനിടെ 52,000 സൈബർ കുറ്റകൃത്യ കേസുകളാണ് കർണാടകയിൽ രജിസ്റ്റർ ചെയ്തത്.
ദക്ഷിണേന്ത്യയിൽ ഏറ്റവും കൂടുതൽ കേസുകളും കർണാടകയിലാണ്. ഈ സാഹചര്യത്തിലാണ് സൈബർ കുറ്റകൃത്യങ്ങൾ ഫലപ്രദമായി തടയാൻ സൈബർ കമാൻഡ് സെന്റർ രൂപവത്കരിക്കുന്നത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.