10,889 മുസ്ലിം പള്ളികൾക്ക് ലൗഡ് സ്പീക്കർ ഉപയോഗിക്കാൻ സർക്കാർ അനുമതി
text_fieldsബംഗളൂരു: മുസ്ലിം പള്ളികളിലെ മൈക്കുകളിലൂടെയുള്ള ബാങ്കുവിളിക്കെതിരെ തീവ്രഹിന്ദുത്വ സംഘടനകൾ പ്രതിഷേധമുയർത്തുന്നതിനിടെ മിക്ക പള്ളികളിലും ലൗഡ് സ്പീക്കറുകൾ ഉപയോഗിക്കുന്നത് നിയമപ്രകാരമാണെന്ന വിവരം പുറത്ത്. ആഭ്യന്തരവകുപ്പിന്റെ രേഖകളാണ് ഇക്കാര്യം തെളിയിക്കുന്നത്. കർണാടക സർക്കാർ പതിനായിരത്തിലധികം പള്ളികൾക്കാണ് ഇത്തരം മൈക്കുകൾ ഉപയോഗിക്കാൻ ലൈസൻസ് നൽകിയതെന്നാണ് രേഖകൾ. ഇതിനകം സംസ്ഥാനത്തെ ആകെ 17,850 സ്ഥാപനങ്ങൾക്കാണ് മൈക്ക് ഉപയോഗിക്കാൻ അനുമതി നൽകിയിരിക്കുന്നത്. ഇതിൽ 10,889 മുസ്ലിം പള്ളികളാണ്.
പൊലീസാണ് 450 രൂപ ഫീസ് ഈടാക്കി രണ്ടുവർഷത്തെ കാലാവധിയുള്ള ലൈസൻസ് അനുവദിക്കുന്നത്. ബംഗളൂരുവിലാണ് ഏറ്റവും കൂടുതൽ ലൈസൻസ് നൽകിയിരിക്കുന്നത്, 1,841 എണ്ണം. പള്ളികൾ, ക്ഷേത്രങ്ങൾ, ചർച്ചുകൾ, റസ്റ്റാറന്റുകൾ തുടങ്ങിയവക്കാണിത്. വിജയപുരയിലാണ് ഏറ്റവും കൂടുതൽ പള്ളികൾക്ക് ലൈസൻസ് നൽകിയിരിക്കുന്നത്, 744 എണ്ണം. ഈ വർഷം ആദ്യത്തിലാണ് പള്ളികളിലെ ലൗഡ് സ്പീക്കറിലൂടെയുള്ള ബാങ്കുവിളിക്കെതിരെ ബജ്റംഗ്ദൾ അടക്കമുള്ള തീവ്രസംഘടനകൾ രംഗത്തുവന്നത്. രാവിലെ ആറിനുമുമ്പ് ലൗഡ്സ്പീക്കറുകൾ ഉപയോഗിക്കരുതെന്ന സുപ്രീം കോടതി ഉത്തരവിന്റെ ലംഘനമാണ് പള്ളികൾ നടത്തുന്നത് എന്നായിരുന്നു ആരോപണം.
ബാങ്കുവിളിക്കെതിരെ ക്ഷേത്രങ്ങളുടെ പുറത്ത് ഉച്ചത്തിൽ ഹനുമാൻ ചാലിസ പാടി ഹിന്ദുത്വ സംഘടനകൾ രംഗത്തുവരുകയും ചെയ്തിരുന്നു. ഒടുവിൽ ലൗഡ് സ്പീക്കർ ഉപയോഗിക്കുന്ന എല്ലാവരും ഇതിനുള്ള പ്രത്യേക ലൈസൻസ് നേടണമെന്ന് സർക്കാർ ഉത്തരവിറക്കി.
ലൈസൻസുകൾ അനുവദിക്കാൻ കമ്മിറ്റിയും രൂപവത്കരിച്ചു. അതേസമയം, ഇത്രയധികം പള്ളികൾക്ക് സർക്കാർ തന്നെ ലൗഡ്സ്പീക്കർ ലൈസൻസ് അനുവദിച്ചു എന്നത് ഹിന്ദുത്വ സംഘടനകളുടെ ബാങ്കുവിളിക്കെതിരായ കാമ്പയിന്റെ പരാജയമല്ലെന്ന് ബി.ജെ.പി ദേശീയ ജനറൽ സെക്രട്ടറി സി.ടി. രവി പറഞ്ഞു.
സുപ്രീംകോടതിയുടെ ഉത്തരവ് പാലിക്കണമെന്ന് മാത്രമേ തങ്ങൾ പറഞ്ഞിട്ടുള്ളൂ. ലൈസൻസ് കിട്ടിയെങ്കിലും അതിലൂടെയുള്ള ശബ്ദത്തിന്റെ തീവ്രത എത്രയാകണമെന്നത് സംബന്ധിച്ച് വ്യക്തത വേണമെന്നും രവി പറഞ്ഞു.
അതേസമയം, ലൗഡ് സ്പീക്കർ ഉപയോഗിക്കുന്ന പൊതുസ്ഥലത്തിന്റെ വ്യാപ്തിക്ക് അനുസരിച്ചാണ് ഇതിന്റെ ശബ്ദതീവ്രത വേണ്ടതെന്നാണ് സർക്കുലറിൽ പറയുന്നത്.
പൊതുവായ അടിയന്തര സാഹചര്യങ്ങളിൽ അല്ലാതെ രാത്രി 10നും രാവിലെ ആറിനും ഇടയിൽ ലൗഡ്സ്പീക്കർ ഉപയോഗിക്കുന്നത് സംസ്ഥാനത്ത് നിരോധിച്ചിട്ടുണ്ട്. ഓഡിറ്റോറിയം, കോൺഫറൻസ് റൂമുകൾ, കമ്യൂണിറ്റി ഹാളുകൾ തുടങ്ങിയവക്ക് അകത്തുമാത്രമാണ് രാത്രി പത്തിനും രാവിലെ ആറിനും ഇടയിൽ ലൗഡ്സ്പീക്കർ ഉപയോഗിക്കാൻ പാടുള്ളൂ.
അതേസമയം, പള്ളികളിലെ ബാങ്കുവിളിക്കെതിരായ പ്രചാരണം സമൂഹത്തിൽ വിഭാഗീയത ഉണ്ടാക്കാനാണെന്ന് ന്യൂനപക്ഷ സംഘടനകൾ ആരോപിക്കുന്നു. മുസ്ലിം സമുദായത്തെ ലക്ഷ്യമിട്ടാണ് ഈ പ്രചാരണമെങ്കിലും ക്ഷേത്രങ്ങളടക്കമുള്ളവയും ലൗഡ്സ്പീക്കർ ഉപയോഗത്തിനായി പ്രത്യേക അനുമതി വാങ്ങേണ്ട സാഹചര്യമാണ് ഇതുമൂലം ഉണ്ടായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.