പുരാസഞ്ചയ അറിവിന്റെ വാതായനങ്ങൾ തുറന്ന് ഇൻഡിക് ഡിജിറ്റൽ ആർക്കൈവ് ഫൗണ്ടേഷൻ
text_fieldsബംഗളൂരു: പുരാസഞ്ചയ അറിവിന്റെ വാതായനങ്ങൾ പൊതുജനങ്ങൾക്കായി തുറന്ന് ഇൻഡിക് ഡിജിറ്റൽ ആർക്കൈവ് ഫൗണ്ടേഷൻ ഔദ്യോഗികമായി പ്രവർത്തനമാരംഭിച്ചു. ബംഗളൂരു ക്രൈസ്റ്റ് യൂനിവേഴ്സിറ്റിയിൽ നടന്ന ചടങ്ങിൽ ഫൗണ്ടേഷന് കീഴിലെ വെബ് പോർട്ടലായ ഗ്രന്ഥപുര ലോഞ്ച് ചെയ്തു. ഫൗണ്ടേഷന്റെ ഉദ്ഘാടനം ക്രൈസ്റ്റ് യൂനിവേഴ്സിറ്റി പ്രോ വി.സി ഫാ.ഡോ. ജോസ് സി.സി നിർവഹിച്ചു.
ഈ ഉദ്യമത്തിലൂടെ ഗവേഷണം ഒരു പൊതുപ്രവർത്തനമായി മാറുകയാണെന്ന് ചടങ്ങിൽ സംസാരിച്ച മലയാളം റിസർച്ച് ജേണൽ ചീഫ് എഡിറ്റർ ഡോ. ബാബു ചെറിയാൻ പറഞ്ഞു. മലയാളത്തിന്റെയും കേരളത്തിന്റെയും ഭാവി എഴുതപ്പെടാൻ പോകുന്ന രണ്ട് നാഴികക്കല്ലുകളാണ് ഇൻഡിക് ഡിജിറ്റൽ ആർക്കൈവ് ഫൗണ്ടേഷനും ഗ്രന്ഥപ്പുരയുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. അറിവിന്റെ സ്രോതസ്സുകളെ പുതിയ തലമുറക്കായി കാത്തുവെക്കുക എന്നത് ലോകത്തിന്റെ ഉത്തരവാദിത്തമാണ്. നൂറുകണക്കിന് മൗലികമായ ഗവേഷണങ്ങൾക്കുള്ള സാധ്യതകളാണ് ഗ്രന്ഥപ്പുര തുറന്നിടുന്നത്. സർക്കാറിന് കീഴിലെ ഇത്തരം ഉദ്യമങ്ങൾ പലതും പണത്തിന്റെ പാഴ്ച്ചെലവല്ലാതെ അറിവിന്റെ ഡോക്യുമെന്റേഷൻ നടന്നിട്ടില്ല. ഈ സാഹചര്യത്തിലാണ് നിഷ്കാമമായ ഇത്തരം ചരിത്ര ഉദ്യമങ്ങളുമായി ഒരു സംഘം യുവാക്കൾ രംഗത്തുവരുന്നതെന്നും ഇത്തരം ഒറ്റപ്പെട്ട പ്രവർത്തനങ്ങളാണ് ലോകത്തെ മാറ്റത്തിലേക്ക് നയിച്ചിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു.
ഗ്രന്ഥപ്പുര വെബ് പോർട്ടലിന്റെ (gpura.org) ഉദ്ഘാടനം സാഹിത്യ നിരൂപകൻ ഡോ. പി.കെ. രാജശേഖരൻ നിർവഹിച്ചു. വ്യക്തികൾ പതുക്കെയും സമൂഹം അതിവേഗത്തിലും ഓർമയുടെ നാശത്തിലേക്ക് നീങ്ങുന്ന ഈ കാലത്താണ് ഓർമകളെ ആർക്കൈവ് ചെയ്യുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഭൂതകാലത്തെ അടുക്കികെട്ടിക്കൊണ്ട് ഭാവിയെ നിർമിക്കുന്ന ഈ ഉദ്യമം ഒരേസമയം രാഷ്ട്രീയ പ്രവർത്തനവും സാമൂഹിക പ്രവർത്തനവും സാംസ്കാരിക പ്രവർത്തനവും കൂടിയാണെന്ന് അദ്ദേഹം പറഞ്ഞു. മാധ്യമപ്രവർത്തകനായ എം.ജി. രാധാകൃഷ്ണൻ, മലയാളംമിഷൻ കർണാടക ചാപ്റ്റർ പ്രസിഡന്റ് കെ. ദാമോദരൻ, ഷിജു അലക്സ്, ജിസോ ജോസ്, കൈലാഷ് നാഥ്, സതീശ് തോട്ടശ്ശേരി തുടങ്ങിയവർ പങ്കെടുത്തു.
കേരളവുമായി ബന്ധപ്പെട്ട് മലയാളം, തമിഴ്, സംസ്കൃതം, ഇംഗ്ലീഷ്, സുറിയാനി, സുറിയാനി-മലയാളം, അറബി മലയാളം, ലത്തീൻ, പോർച്ചുഗീസ്, ജർമൻ തുടങ്ങി വിവിധ ഭാഷകളിലും ലിപികളിലുമുള്ള രേഖകൾ ക്രോഡീകരിച്ച് പൊതുജനങ്ങൾക്ക് സൗജന്യമായി ലഭ്യമാക്കുകയാണ് ഫൗണ്ടേഷന്റെ പ്രവർത്തന ലക്ഷ്യം. ബംഗളൂരു മലയാളിയായ ഷിജു അലക്സിന്റെ നേതൃത്വത്തിൽ പാലക്കാട് ജില്ലയിലെ മണ്ണാർക്കാട് കേന്ദ്രമായി രജിസ്റ്റർ ചെയ്ത ഫൗണ്ടേഷന്റെ നേതൃത്വത്തിൽ മലയാളത്തിന് പുറമെ, മറ്റു ഭാഷകളിലെ രേഖകളും ഡിജിറ്റൈസ് ചെയ്യും. ഇതിനകം ആയിരക്കണക്കിന് രേഖകളും താളുകളും ഇവർ ഗ്രന്ഥപുരയിൽ സജ്ജീകരിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.