ആഭ്യന്തര മന്ത്രിയുടെ സുഹൃത്തായ കോൺഗ്രസ് നേതാവിനെ ആറംഗ സംഘം വെട്ടിക്കൊന്നു
text_fieldsകോലാർ: കർണാടക കോലാർ ജില്ലയിലെ കോൺഗ്രസ് നേതാവും ആഭ്യന്തര മന്ത്രി ഡോ.ജി.പരമേശ്വരയുടെ അടുത്ത സുഹൃത്തുമായ എം.ശ്രീനിവാസ്(66)ആറംഗ സംഘത്തിന്റെ വെട്ടേറ്റ് മരിച്ചു.തിങ്കളാഴ്ചയുണ്ടായ അക്രമത്തിലെ പ്രതികളെ ചൊവ്വാഴ്ച രാവിലെ വനമേഖലയിൽ കണ്ടെത്തി. പിന്തുടർന്ന പൊലീസ് സംഘത്തിനു നേരെയുണ്ടായ വെടിവെപ്പിൽ ഇൻസ്പെക്ടർമാർക്ക് പരുക്കേറ്റു. പൊലീസ് മുട്ടിന് താഴെ വെടിയുതിർത്ത് പിടികൂടിയ പ്രതികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.അടുത്ത ലോക്സഭ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർഥിയാവും എന്ന് അനുയായികൾ പ്രതീക്ഷിച്ചിരുന്ന ദലിത് നേതാവായ ശ്രീനിവാസിന്റെ കൊലപാതകത്തിൽ ദലിത് സംഘടനകൾ പ്രതിഷേധിച്ചു.
അറസ്റ്റിലായ പ്രതികളിൽ വേണുഗോപാൽ,മനിന്ദ്ര എന്നിവർക്കാണ് പോലീസ് വെടിവെപ്പിൽ പരുക്കേറ്റത്.ഇൻസ്പെക്ടർമാരായ വെങ്കിടേഷ്, മഞ്ചുനാഥ്, കോൺസ്റ്റബിൾ നാഗേഷ് എന്നിവരാണ് പരുക്കേറ്റ് ആശുപത്രിയിലുള്ളത്.മുൻ കർണാടക നിയമസഭ സ്പീക്കർ രമേശ് കുമാറിന്റേയും സുഹൃത്തായ ശ്രീനിവാസ് തന്റെ മദ്യശാല കെട്ടിടം നിർമ്മാണ സ്ഥലം സന്ദർശിച്ച് ഫാം ഹൗസിൽ തിരിച്ചെത്തിയ വേളയിലാണ് കൊല്ലപ്പെട്ടത്.അതിഥികളായി എത്തിയ അക്രമി സംഘത്തിന് ശ്രീനിവാസ് ഇരിപ്പിടങ്ങൾ നൽകിയ ശേഷം തന്റെ അംഗരക്ഷകനെ കാപ്പി വാങ്ങാനായി അയക്കുകയായിരുന്നു.
കണ്ണുകളിൽ രാസവസ്തു സ്പ്രേ ചെയ്ത ശേഷം ശ്രീനിവാസിനെ സംഘം അക്രമിക്കുന്നതാണ് കാപ്പികളുമായെത്തിയ താൻ കണ്ടതെന്ന് അംഗരക്ഷകൻ പൊലീസിനോട് പറഞ്ഞു. സംഭവസ്ഥലത്ത് നിന്ന് താൻ ജീവനും കൊണ്ട് ഓടി രക്ഷപ്പെട്ടു.അക്രമികൾ സ്ഥലം വിട്ട ശേഷം ശ്രീനിവാസയെ ജാലപ്പ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.ശ്രീനിവാസയും വേണുഗോപാലും തമ്മിലുള്ള വൈരമാണ് അക്രമത്തിന് പിന്നിലെന്ന് പറയുന്നുണ്ടെങ്കിലും അത് മാത്രം മുഖവിലക്കെടുക്കുന്നില്ലെന്ന് പൊലീസ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.