അഞ്ചുപേരുടെ അസ്ഥികൂടം കിടന്ന വീട്ടിൽനിന്ന് കത്ത് കണ്ടെത്തി; ആത്മഹത്യയെന്ന് സൂചന
text_fieldsബംഗളൂരു: ചിത്രദുർഗയിൽ അഞ്ചു പേരുടെ അസ്ഥികൂടങ്ങൾ കിടന്ന വീട്ടിൽ നിന്ന് കൈപ്പടയിൽ തയാറാക്കിയ കത്ത് പൊലീസ് കണ്ടെത്തി. റിട്ട. എക്സിക്യൂട്ടിവ് എൻജിനീയർ ജഗന്നാഥ് റെഡ്ഡിയുടെ അടഞ്ഞു കിടന്ന വീട്ടിൽ നാലര വർഷം പഴക്കം സൂചിപ്പിക്കുന്ന അസ്ഥികൂടങ്ങൾ വെള്ളിയാഴ്ചയാണ് കണ്ടെത്തിയത്. ജഗന്നാഥ് റെഡ്ഡി (85), ഭാര്യ പ്രേമ (80), മകൾ ത്രിവേണി (62), ആൺമക്കൾ കൃഷ്ണ (60), നരേന്ദ്ര (57) എന്നിവരുടേതാണ് അസ്ഥികൂടം. കൂട്ട ആത്മഹത്യ എന്ന് ഉറപ്പിക്കാനായില്ലെങ്കിലും കത്തിൽ അതിന്റെ സൂചനകൾ ഉണ്ടെന്ന് ചിത്രദുർഗ ജില്ല പൊലീസ് സൂപ്രണ്ട് ധർമേന്ദ്ര കുമാർ മീന പറഞ്ഞു.
അഞ്ചുപേരും ഒരുമിച്ച് ജീവൻ വെടിയാൻ തീരുമാനിച്ചു എന്ന് കത്തിലുണ്ട്. ഭൂമി ഇടപാടിൽ വഞ്ചിച്ച രണ്ട് വ്യക്തികളുടെ പേരുകൾ കത്തിൽ പരാമർശിക്കുന്നുണ്ട്. കുടുംബം ഏറ്റവും ഒടുവിൽ വൈദ്യുതി ബിൽ അടച്ചത് 2019 ജനുവരി 13നാണെന്ന വിവരം ബന്ധപ്പെട്ട ഓഫിസിൽ നിന്ന് പൊലീസ് ശേഖരിച്ചു.
ബിൽ അടക്കാത്തതിനാൽ വൈദ്യുതി ബന്ധം വിച്ഛേദിച്ചിരുന്നു. വീട്ടിൽ തൂക്കിയ കലണ്ടറിലെ താൾ 2019 ജൂൺ മാസത്തേതായിരുന്നു.ദുരന്തങ്ങളുടെ ആവർത്തനവും രോഗങ്ങളും കുടുംബത്തെ അലട്ടിയിരുന്നു. നിത്യരോഗിയായ ഭാര്യ പ്രേമയുടെ ചികിത്സക്ക് ചെലവായ ലക്ഷങ്ങളുടെ കട ബാധ്യത തീർക്കാനായി നടത്തിയ ഭൂമി ഇടപാടിൽ ജഗന്നാഥ് ചതിക്കപ്പെട്ടു. മകൻ മഞ്ജുനാഥ് 2014ൽ അപകടത്തിൽ മരിച്ചിരുന്നു. മറ്റൊരു മകൻ നരേന്ദ്ര റെഡ്ഡി കവർച്ചക്കേസിൽ അറസ്റ്റിലായതും ആഘാതമായി. മൂത്തമകൾ ത്രിവേണി നട്ടെല്ലിന് ക്ഷതമേറ്റ അവസ്ഥയിലാണ് കഴിഞ്ഞിരുന്നത്.
മക്കൾ എല്ലാവരും അവിവാഹിതരുമായിരുന്നു.
അയൽപക്കവുമായി ബന്ധമില്ലാതെ കഴിഞ്ഞിരുന്നതാണ് പ്രസ്തുത കുടുംബമെന്ന് ചിത്രദുർഗ നഗരസഭ കൗൺസിലർ എസ്.പി താരികേശ്വരി പൊലീസിനോട് പറഞ്ഞു. നാലു വർഷം മുമ്പ് വീട്ടിൽനിന്ന് ദുർഗന്ധം വന്നിരുന്നെങ്കിലും അവർ വീട്ടിൽ നിന്ന് ദീർഘനാൾ പുറത്തുപോയതിനാൽ പട്ടി ചത്തതാവുമെന്ന് കരുതിയതായും കൂട്ടമരണം നടന്ന വീടിന് അടുത്താണ് തങ്ങൾ കഴിഞ്ഞത് എന്നോർത്ത് ഭയം തോന്നുന്നതായും അയൽവാസികൾ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.