കൊലവിളിപ്രസംഗത്തിനെതിരെ നടപടിയെടുക്കാതെ പൊലീസ്
text_fieldsബംഗളൂരു: കർണാടകയിൽ ഹിന്ദുത്വ നേതാക്കൾ നടത്തുന്ന വ്യാപക കൊലവിളിക്കും വെറുപ്പ് പ്രചാരണ പ്രസംഗത്തിനുമെതിരെ സാമൂഹിക പ്രവർത്തകർ രംഗത്ത്. ഈയടുത്ത് ബി.ജെ.പിയുടേതടക്കം നിരവധി ഉത്തരവാദപ്പെട്ട നേതാക്കളാണ് മുസ്ലിംകൾക്കുനേരെ കൊലവിളി പ്രസംഗമടക്കം നടത്തിയത്.
ലൗ ജിഹാദിൽ ഒരു പെൺകുട്ടി നഷ്ടപ്പെട്ടാൽ പത്ത് മുസ്ലിം പെൺകുട്ടികളെ കെണിയിൽപെടുത്തി ഇതിന് പരിഹാരം കാണണമെന്ന് ഈയടുത്താണ് ശ്രീരാമസേന തലവൻ പ്രമോദ് മുത്തലിക് ബാഗൽകോട്ടിൽ പ്രസംഗിച്ചത്. ഹിന്ദുക്കളോട് ആയുധം മൂർച്ചകൂട്ടി വെക്കാനും ആഹ്വാനംചെയ്തു.
കോൺഗ്രസ് നേതാവും പ്രതിപക്ഷ നേതാവും മുൻ മുഖ്യമന്ത്രിയുമായ സിദ്ധരാമയ്യയെ കൊല്ലണമെന്നാണ് അടുത്തിടെ മന്ത്രി അശ്വത് നാരായൺ മാണ്ഡ്യയിൽ ആഹ്വാനം ചെയ്തത്. തുമകുരുവിൽ വിശ്വഹിന്ദു പരിഷത് നേതാവ് ശരൺ പമ്പ്വെൽ നടത്തിയത് കൊലവിളി ആഹ്വാനമായിരുന്നു.
ഗുജറാത്ത് കൂട്ടക്കൊലയെ ന്യായീകരിച്ച ഇയാൾ മംഗളൂരുവിൽ മുഹമ്മദ് ഫാസിലിനെ കൊന്നത് തങ്ങളാണെന്നും പറഞ്ഞു. മുസ്ലിംകളെ ‘ജിഹാദി നായ്ക്കൾ’ എന്നാണ് വിളിച്ചത്.
ഒരു ഹിന്ദുവിനെ കൊന്നാൽ പകരം എട്ട് മുസ്ലിംകളെ കൊല്ലുമെന്നും ഇയാൾ ആക്രോശിച്ചു. തുമകുരുവിലെതന്നെ ഹിന്ദുത്വ നേതാവ് കാളി സ്വാമി പറഞ്ഞത്, യുവമോർച്ച നേതാവ് പ്രവീൺ നെട്ടാരുവിന്റ കൊലപാതകത്തിന് പകരമായി ഒമ്പത് മുസ്ലിംകളെയെങ്കിലും കൊല്ലണമെന്നാണ്.
എന്നാൽ, ഇത്തരം കൊലവിളികൾക്കെതിരെ പൊലീസ് നടപടിയുണ്ടാകുന്നില്ല. ഈ സാഹചര്യത്തിലാണ് മധു ഭൂഷൺ, ഗമന മഹിള സമൂഹ സംഘടനയുടെ മമത യജ്മാൻ, പി.യു.സി.എല്ലിന്റെ അരവിന്ദ് നരെയ്ൻ, ഡൊമസ്റ്റിക് വർക്കേഴ്സ് റൈറ്റ്സ് യൂനിയന്റെ ഗീത മേനോൻ, ഗ്ലോബൽ കൺസേൺസ് കൂട്ടായ്മയുടെ മറിയ എന്നിവരടങ്ങുന്ന സംഘം കഴിഞ്ഞ ദിവസം പൊലീസ് ഐ.ജി പി. ദേബാജീത് റേയെ കണ്ടത്.
ഡി.ജി.പിയുടെ അഭാവത്തിലായിരുന്നു ഇത്. എന്നാൽ, ഇത്തരം പ്രസംഗങ്ങൾക്കെതിരെ പൊലീസിന് സ്വമേധയാ കേസെടുക്കാൻ കഴിയില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ നിലപാട്. പരാതിയുടെ അടിസ്ഥാനത്തിൽ മാത്രമേ കേസെടുക്കാൻ കഴിയൂ എന്നാണ് അദ്ദേഹം പറഞ്ഞത്. കുറ്റകൃത്യങ്ങളുടെ വിവരങ്ങൾ അടങ്ങിയ നിവേദനവും പൊലീസിന് നൽകി.
ഈ വിഷയങ്ങൾ ബോധ്യപ്പെടുത്താൻ ഡി.ജി.പിയെ കാണാനുള്ള അനുമതി പ്രതിനിധിസംഘം ചോദിച്ചിട്ടുണ്ട്. അതേസമയം, പൊലീസ് നിലപാട് തെറ്റാണെന്ന് സംഘാംഗങ്ങൾ പറഞ്ഞു. നേരിട്ട് ബോധ്യപ്പെടുന്ന കാര്യങ്ങളിൽ പൊലീസിന് സ്വമേധയാ കേസ് എടുക്കാൻ കഴിയും. പ്ലക്കാർഡുമേന്തി പൊലീസ് നിലപാടിൽ സാമൂഹിക പ്രവർത്തകർ പ്രതിഷേധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.