പൊലീസ് സേനയിൽ ചിലർക്ക് മയക്കുമരുന്ന് മാഫിയ ബന്ധം -മന്ത്രി ദിനേശ് ഗുണ്ടുറാവു
text_fieldsമംഗളൂരു: പൊലീസ് സേനയിൽ താഴ്ന്ന റാങ്കിലുള്ള ചിലർക്ക് മയക്കുമരുന്ന് മാഫിയയുമായി ബന്ധമുണ്ടെന്ന് ദക്ഷിണ കന്നട ജില്ല ചുമതല വഹിക്കുന്ന ആരോഗ്യ-കുടുംബക്ഷേമ മന്ത്രി ദിനേശ് ഗുണ്ടു റാവു പറഞ്ഞു. ജില്ലയിലെ പൊലീസ് ഉദ്യോഗസ്ഥരുടെ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പൊലീസ് സേനയിലെ ഇത്തരം ആളുകളെ മേലധികാരികൾ കണ്ടെത്തി നടപടിയെടുക്കുകയും സഹപ്രവർത്തകർ ഒറ്റപ്പെടുത്തുകയും വേണമെന്ന് മന്ത്രി നിർദേശിച്ചു. വലിയ വികസന സാധ്യതകൾ ഉള്ള ജില്ലയാണിത്. ക്രമസമാധാനപാലനം ഇതിന് പ്രധാനമാണ്. പൊലീസ് നിഷ്പക്ഷമായി പ്രവർത്തിച്ചാലേ ജനങ്ങളുടെ വിശ്വാസം ആർജ്ജിക്കാൻ കഴിയൂ. മയക്കുമരുന്ന്, സദാചാര ഗുണ്ടായിസം തുടങ്ങിയവക്ക് പൊലീസിന്റെ ഒത്താശയുണ്ടെന്ന് തോന്നിയാൽ ജനങ്ങൾ വിവരങ്ങൾ കൈമാറാൻ മടിക്കുമെന്ന് മന്ത്രി പറഞ്ഞു. നിയമസഭ സ്പീക്കർ യു.ടി. ഖാദർ, ജില്ല ഡെപ്യൂട്ടി കമീഷണർ എം.പി. മുള്ളൈ മുഹിളൻ, മംഗളൂരു സിറ്റി പൊലീസ് കമീഷണർ കുൽദീപ് കുമാർ ആർ. ജയിൻ, ജില്ല പൊലീസ് സൂപ്രണ്ട് സി.ബി. ഋഷ്യന്ത് തുടങ്ങിയവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.