ബ്യാദഗി മുളകിന് വിലയിടിഞ്ഞു; കർഷകർ വാഹനങ്ങൾക്ക് തീവെച്ചു
text_fieldsബംഗളൂരു: ബ്യാദഗി മുളകിന്റെ വില കുത്തനെ ഇടിഞ്ഞതിനെ തുടർന്ന് ഹാവേരിയിൽ കർഷകർ അക്രമാസക്തരായി. കാർഷിക വിഭവ സംഭരണ വിപണന സമിതി (എ.പി.എം.സി) മാർക്കറ്റിൽ ബ്യാദഗി മുളകിന്റെ വിവിധ തരങ്ങൾക്കുള്ള ഇ-ലേലം തിങ്കളാഴ്ച വൈകീട്ട് പൂർത്തിയായതിനെ തുടർന്ന് അധികൃതർ വില പ്രഖ്യാപിച്ചതോടെ രോഷാകുലരായ ഒരു സംഘം കർഷകർ എ.പി.എം.സി ഓഫിസിനും യാർഡിൽ നിർത്തിയിട്ട വാഹനങ്ങൾക്കും തീവെക്കുകയായിരുന്നു. മനഃപൂർവം മുളകിന്റെ വിലയിടിച്ചെന്ന് ആരോപിച്ചാണ് ഒരു വിഭാഗം കർഷകർ അക്രമം നടത്തിയത്. ആറു കാറുകളും അഗ്നിരക്ഷാസേനയുടെയും പൊലീസിന്റെയും വാഹനങ്ങളും മൂന്ന് ഇരുചക്രവാഹനങ്ങളും അഗ്നിക്കിരയായി. അക്രമവുമായി ബന്ധപ്പെട്ട് 47 പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു.
ഭൗമസൂചിക പദവി ലഭിച്ച സവിശേഷ കാർഷിക വിളയാണ് കർണാടക ഹാവേരി ജില്ലയിലെ ബ്യാദഗി മേഖലയിൽനിന്നുള്ള ബ്യാദഗി മുളക്. കഴിഞ്ഞയാഴ്ച നാലു ലക്ഷം ചാക്ക് മുളകാണ് എ.പി.എം.സിയിലെത്തിയത്. തിങ്കളാഴ്ചയും വൻ തോതിൽ ചരക്കെത്തി. 3,13,156 ചാക്ക് മുളകാണ് കഴിഞ്ഞദിവസം കർഷകർ എത്തിച്ചത്.
സ്ഥലത്തുണ്ടായിരുന്ന പൊലീസിന് അക്രമകാരികളെ നിയന്ത്രിക്കാനായില്ല. പൊലീസിനുനേരെയും കല്ലേറ് നടന്നു. ഏതാനും പൊലീസുകാർക്ക് പരിക്കേറ്റതായി ഹാവേരി എസ്.പി അൻഷുകുമാർ ശ്രീവാസ്തവ പറഞ്ഞു. സംഭവമറിഞ്ഞ് കൂടുതൽ പൊലീസും അഗ്നിരക്ഷാസേനയും എത്തിയെങ്കിലും ഇവരെ വിരട്ടിയോടിച്ചു. അഗ്നിരക്ഷാവാഹനത്തിനും തീവെച്ചു. എ.പി.എം.സി യാർഡിലേക്കുള്ള പ്രവേശനകവാടങ്ങൾ കർഷകർ അടച്ചതിനാൽ ഏറെ നേരം പൊലീസിന് അകത്തേക്ക് പ്രവേശിക്കാനായില്ല. പിന്നീട് സുരക്ഷക്കായി വൻ പൊലീസ് സംഘം എത്തിയാണ് രംഗം നിയന്ത്രണ വിധേയമാക്കിയത്.
മുളകിന്റെ ഗുണമേന്മ നോക്കിയാണ് മാർക്കറ്റിൽ വില നിശ്ചയിക്കുന്നതെന്നും വിലയിടിയാനുണ്ടായ സാഹചര്യം സംബന്ധിച്ച് കർഷകർ ചർച്ച നടത്തണമെന്നും എ.പി.എം.സി മർച്ചൻറ്സ് അസോസിയേഷൻ പ്രസിഡന്റ് സുരേഷ് ഗൗഡ പറഞ്ഞു. ചൊവ്വാഴ്ച ബ്യാദഗി എം.എൽ.എ ബസവരാജ് ശിവണ്ണാവർ, എസ്.പി അൻഷുകുമാർ, ഡെപ്യൂട്ടി കമീഷണർ രഘുനന്ദൻ മൂർത്തി എന്നിവരുമായി എ.പി.എം.സി അംഗങ്ങൾ ചർച്ച നടത്തി. തിങ്കളാഴ്ചത്തെ ഇ-ടെൻഡർ റദ്ദാക്കാനും പുതിയ ലേലം വിളിക്കാനും തീരുമാനിച്ചു. ഇതിനു പുറമെ, ഉൽപന്നങ്ങൾ ഒന്നിച്ച് മാർക്കറ്റിലെത്തുന്നത് ഒഴിവാക്കാൻ ആഴ്ചയിൽ രണ്ടു തവണ ലേലം നടത്താനും തീരുമാനമായി. എ.പി.എം.സി യാർഡിൽ പൊലീസ് ഔട്ട്പോസ്റ്റ് സ്ഥാപിക്കുമെന്ന് എസ്.പി അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.