അടുത്ത മാസം മുതൽ പാൽവില മൂന്നുരൂപ കൂടും
text_fieldsബംഗളൂരു: ആഗസ്റ്റ് ഒന്നുമുതൽ സംസ്ഥാനത്തെ പാൽവില ലിറ്ററിന് മൂന്നുരൂപ കൂടും. ക്ഷീരകർഷകരുടെ സംഘടനകളുടെ ആവശ്യം പരിഗണിച്ച് സംസ്ഥാന സർക്കാറാണ് തീരുമാനമെടുത്തത്.കർണാടക മിൽക് ഫെഡറേഷൻ (കെ.എം.എഫ്) പ്രതിനിധികളുമായി ചർച്ച നടത്തിയതിനുശേഷം ഒരാഴ്ച കഴിഞ്ഞ് വിലവർധനക്ക് മന്ത്രിസഭ അംഗീകാരം നൽകുകയായിരുന്നു. സ്വകാര്യ കമ്പനികൾ കർഷകർക്ക് കൂടുതൽ വില നൽകുമെന്ന് വാഗ്ദാനം നൽകുന്നതിനാൽ ഫെഡറേഷനിൽ പാൽ വരുന്നത് കുറയുന്നുവെന്ന് ഭാരവാഹികൾ പറഞ്ഞു.
വ്യാഴാഴ്ചയാണ് തീരുമാനത്തിന് മന്ത്രിസഭ അംഗീകാരം നൽകിയതെന്ന് നിയമമന്ത്രി എച്ച്.കെ. പാട്ടീൽ പറഞ്ഞു. ഇതോടെ ആഗസ്റ്റ് ഒന്നുമുതൽ സംസ്ഥാനത്ത് നന്ദിനി പാലിന്റെ വില ലിറ്ററിന് മൂന്നു രൂപ കൂടും. നേരത്തേ പലതവണ പാൽവില വർധനക്ക് ആവശ്യം ഉയർന്നിരുന്നുവെങ്കിലും നിയമസഭ തെരഞ്ഞെടുപ്പിൽ തിരിച്ചടിയാകുമെന്നു ഭയന്ന് മുൻ ബി.ജെ.പി സർക്കാർ തീരുമാനമെടുത്തിരുന്നില്ല.
നിത്യോപയോഗ സാധനങ്ങൾക്കൊപ്പം പാൽവിലയും കൂടുന്നതോടെ ഹോട്ടൽ വിഭവങ്ങൾക്കും വില കൂടും. അല്ലാതെ പിടിച്ചുനിൽക്കാനാകില്ലെന്നാണ് ഹോട്ടൽ ഉടമകളും പറയുന്നത്.പച്ചക്കറി വിലയടക്കം കുതിച്ചുയർന്ന സാഹചര്യത്തിൽ ഭക്ഷണങ്ങൾക്ക് വിലവർധന അനിവാര്യമാണെന്ന് ബൃഹത് ബംഗളൂരു ഹോട്ടലേഴ്സ് അസോസിയേഷൻ പ്രസിഡന്റ് പി.സി. റാവു പറഞ്ഞു. പാൽവില കൂടുന്നതോടെ നഗരത്തിലെ ബേക്കറി വിഭവങ്ങളുടെ വിലയും കൂടും.പാൽ കൊണ്ടുള്ള പേഡ, ബർഫി തുടങ്ങിയ മധുരപലഹാരങ്ങളുടെ വില അഞ്ചു മുതൽ പത്തു ശതമാനം ഉയരും. ജ്യൂസ് അടക്കമുള്ളവക്കും വിലയേറും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.