പോപുലർ ഫ്രണ്ടിനെയും എസ്.ഡി.പി.ഐയെയും നിരോധിക്കാൻ നടപടി തുടങ്ങി –ആഭ്യന്തര മന്ത്രി
text_fieldsബംഗളൂരു: പോപുലർ ഫ്രണ്ടിനെയും എസ്.ഡി.പി.ഐയെയും നിരോധിക്കാൻ കേന്ദ്രതലത്തിൽ നടപടി തുടങ്ങിയതായി ആഭ്യന്തര മന്ത്രി അരഗ ജ്ഞാനേന്ദ്ര പറഞ്ഞു. കർണാടകയിൽ മാത്രമല്ല, രാജ്യത്തിന്റെ മറ്റു ഭാഗങ്ങളിലും ഈ സംഘടനകൾ തീവ്രവാദ പ്രവർത്തനത്തിന്റെ ഭാഗമാണെന്ന് അദ്ദേഹം ആരോപിച്ചു. ഇരു സംഘടനകളും എങ്ങനെയാണ് പ്രവർത്തിക്കുന്നതെന്നും എങ്ങനെയാണ് ഫണ്ട് ലഭിക്കുന്നതെന്നും എല്ലാവർക്കുമറിയാം. ഇത്തരം സംഘടനകൾക്കെതിരെ റെയ്ഡ് ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.
കർണാടകയിൽ പലയിടങ്ങളിലും പോപുലർ ഫ്രണ്ട്, എസ്.ഡി.പി.ഐ നേതാക്കളുടെ വീടുകളിലും ഓഫിസുകളിലും വ്യാഴാഴ്ച എൻ.ഐ.എ റെയ്ഡ് നടന്നിരുന്നു. സിർസിയിൽനിന്ന് അബ്ദുൽ ഷുക്കൂർ ഹൊന്നാവർ, പോപുലർ ഫ്രണ്ട് കലബുറഗി പ്രസിഡന്റ് ഇജാസ് അലി, ഷാഹിദ് ഖാൻ, ശിവമൊഗ്ഗ, ചിത്രദുർഗ, ചിക്കമഗളൂരു എന്നിവിടങ്ങളിലെ എസ്.ഡി.പി.ഐ നേതാക്കൾ, മുൻ മൈസൂരു പ്രസിഡന്റ് മൗലാന മുഹമ്മദ് കലീമുല്ല, ദാവൻകരെ സ്വദേശി ഇമാമുദ്ദീൻ, ഹരിഹര ടൗൺ സ്വദേശി അബു താഹിർ തുടങ്ങിയവരെ കസ്റ്റഡിയിലെടുത്തിരുന്നു. അതേസമയം, എ.കെ. അഷ്റഫ്, മുഹ്യുദ്ദീൻ ഹാലയങ്ങാടി, നവാസ് കാവൂർ എന്നീ നേതാക്കളെയാണ് എൻ.ഐ.എ പിടികൂടിയതെന്ന് എസ്.ഡി.പി.ഐ നേതാവ് അതാവുല്ല ജോക്കട്ടെ പ്രതികരിച്ചു. നേതാക്കളുടെ അറസ്റ്റിൽ പ്രതിഷേധിച്ച് ഉഡുപ്പിയിൽ റോഡ് ഉപരോധിച്ച പോപുലർ ഫ്രണ്ട് പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തുനീക്കി.
കർണാടകയിൽ അറസ്റ്റിലായത് ഏഴുപേരെന്ന് എൻ.ഐ.എ
ബംഗളൂരു: വ്യാഴാഴ്ച നടന്ന റെയ്ഡിൽ കർണാടകയിൽ ഏഴുപേർ അറസ്റ്റിലായതായി എൻ.ഐ.എ അറിയിച്ചു. അനീസ് അഹമ്മദ്, അഫ്സർ പാഷ, അബ്ദുൽ വാഹിദ് സേട്ട്, യാസർ അറഫാത്ത് ഹസൻ, മുഹമ്മദ് ഷാക്കിബ്, മുഹമ്മദ് ഫാറൂഖുറഹ്മാൻ, ഷാഹിദ് നസിർ എന്നിവരാണ് അറസ്റ്റിലായത്. എൻ.ഐ.എ ഡൽഹി സെൽ രജിസ്റ്റർ ചെയ്ത കേസിൽ കേരളത്തിൽനിന്ന് എട്ടും കർണാടകയിൽനിന്ന് ഏഴും തമിഴ്നാട്ടിൽനിന്ന് മൂന്നും യു.പിയിൽനിന്ന് ഒരാളുമടക്കം 19 പേരാണ് അറസ്റ്റിലായതെന്ന് എൻ.ഐ.എ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.