പരശുരാമൻ പ്രതിമ ഒമ്പതാം മാസം തകർന്നു; വിവാദം
text_fieldsമംഗളൂരു: ഉഡുപ്പി ജില്ലയിൽ കാർക്കളക്കടുത്ത ഉമിക്കൽ മലയിലെ തീം പാർക്കിൽ സ്ഥാപിച്ച പരശുരാമൻ പ്രതിമ എട്ടു മാസം പിന്നിടുമ്പോഴേക്ക് തകർന്നു. കഴിഞ്ഞ ജനുവരി 27നാണ് പ്രതിമ അനാച്ഛാദനം ചെയ്തത്. വെങ്കലം ഉപയോഗിച്ച് പണിതത് എന്ന വ്യാജേന ഫൈബർ പ്രതിമയാണ് സ്ഥാപിച്ചതെന്ന് കോൺഗ്രസ് ആരോപിച്ചു. തട്ടിപ്പിനു പിന്നിൽ പ്രവർത്തിച്ച മുൻ ഊർജമന്ത്രിയും കാർക്കള എം.എൽ.എയുമായ ബി.ജെ.പി നേതാവ് വി. സുനിൽ കുമാറിനെതിരെ നടപടി ആവശ്യപ്പെട്ട് പാർക്ക് പരിസരത്ത് കോൺഗ്രസ് ധർണ സംഘടിപ്പിച്ചു . കെ.പി.സി.സി വക്താവ് സുധീർ കുമാർ മർലോളി ഉദ്ഘാടനം ചെയ്തു. മുൻ എം.എൽ.എ വിനയകുമാർ സൊറകെ, ഉഡുപ്പി ഡി.സി.സി പ്രസിഡന്റ് അശോക് കുമാർ കൊഡവൂർ, ചിക്കമംഗളൂരു ഡി.സി.സി പ്രസിഡന്റ് അൻഷുമാൻ, പ്രസാദ് രാജ് കാഞ്ചൻ, ദിനേശ് ഹെഗ്ഡെ, മിഥുൻ റൈ, മുനിയാലു ഉദയ് ഷെട്ടി എന്നിവർ സംസാരിച്ചു.
പരശുരാമന്റെ പേരു പറഞ്ഞ് വോട്ടു നേടാൻ സുനിൽ കുമാർ നടത്തിയ വൻ തട്ടിപ്പാണ് പ്രതിമയെന്ന് സുധീർ കുമാർ പറഞ്ഞു. സമുദ്രനിരപ്പിൽനിന്ന് 50 അടി ഉയരത്തിൽ സ്ഥാപിച്ച 33 അടി പൊക്കമുള്ള പ്രതിമ നിർമാണത്തിന് 15 ടൺ വെങ്കലം ഉപയോഗിച്ചെന്നാണ് സർക്കാർ കണക്ക്.
കേടായ പ്രതിമ കഴിഞ്ഞയാഴ്ച ഷീറ്റുകൊണ്ട് മറച്ചിരുന്നു. കഴിഞ്ഞ ദിവസം മുതൽ ഷീറ്റിനകം ശൂന്യമാണ്. പ്രതിമ ഒളിപ്പിച്ചു കടത്തിക്കൊണ്ടുപോയി. 10 കോടി രൂപ ചെലവിൽ കർണാടക വിനോദസഞ്ചാര, സാംസ്കാരിക വകുപ്പുകളുടെ സംയുക്ത സംരംഭമായാണ് പാർക്ക് ഒരുക്കിയത്. സമുദ്ര നിരപ്പിൽനിന്ന് 450 അടി ഉയരത്തിലുള്ള മലയിലെ പാർക്കിൽ മ്യൂസിയം, 500 ഇരിപ്പിടം, റസ്റ്റാറന്റ് തുടങ്ങിയ സൗകര്യങ്ങളുണ്ട്.
പ്രതിമയുടെ നിർമാണ സാമഗ്രികൾ ഗുണനിലവാരം കുറഞ്ഞതാണെന്ന് നേരത്തേ ആരോപണമുണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.