അവനവനോടുതന്നെയുള്ള കലഹമാണ് കഥ -ആലങ്കോട് ലീലാകൃഷ്ണൻ
text_fieldsബംഗളൂരു: അവനവനോടുള്ള കലഹമാണ് കഥയെന്ന് സാഹിത്യകാരൻ ആലങ്കോട് ലീലാകൃഷ്ണൻ. ബാംഗ്ലൂർ മലയാളി റൈറ്റേഴ്സ് ആൻഡ് ആർട്ടിസ്റ്റ്സ് ഫോറം സംഘടിപ്പിച്ച എസ്.കെ. നായരുടെ പൂച്ചക്കണ്ണി സുന്ദരിയാണ് എന്ന പുസ്തകത്തിന്റെ പ്രകാശന ചടങ്ങിൽ മുഖ്യ പ്രഭാഷണം ചെയ്യുകയായിരുന്നു അദ്ദേഹം.
നിലനിൽക്കുന്ന വെറുപ്പിന്റെ പ്രത്യയശാസ്ത്രങ്ങളോട് നിരന്തരം കലഹിച്ച മനുഷ്യന്റെ സ്നേഹാന്വേഷണത്തിന്റെ ചരിത്രമാണ് കഥകൾ. ആ കഥകൾ ഇല്ലാതായാൽ നമ്മൾ ഇല്ലാതാവും. നമ്മൾ കഥയില്ലാത്തവരാകും. അഥവാ ഒന്നിനും കൊള്ളാത്തവരാകും-അദ്ദേഹം പറഞ്ഞു. അതിപ്രാകൃതരായ നിയാണ്ടർതാൽ മനുഷ്യർപോലും കുഞ്ഞുങ്ങളെ കൊന്നിരുന്നില്ല. ജനിച്ച കുഞ്ഞുങ്ങളെ നിഷ്ഠൂരമായി കൊല്ലാൻ മടിയില്ലാത്തവരായി ഇരുപത്തൊന്നാം നൂറ്റാണ്ടിലെ അത്യാധുനിക സമൂഹം മാറിയിരിക്കയാണ് എന്നതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് ഗസ്സ. ആയുധമെടുക്കാത്ത നാടാണ് ഇന്ത്യ. ബുദ്ധന്റെയും ഗാന്ധിയുടെയും നാട്. ആ രാജ്യത്തിലെ എഴുത്തുകാർ ഒരിക്കലും ഹിംസയുടെ പ്രയോക്താക്കളാകില്ല, ഫാസിസത്തിന്റെ കുഴലൂത്തുകാർ ആകില്ല. അതുകൊണ്ടാണ് കൊല്ലപ്പെട്ടവരിൽ അധികവും എഴുത്തുകാർ ആയതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ചിരിക്കുന്ന ചെരിപ്പുകൾ എന്ന കഥാസമാഹാരത്തിന്റെ കവർപേജ് കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് ജേതാവായ സുധാകരൻ രാമന്തളി പ്രകാശനം ചെയ്തു. റൈറ്റേഴ്സ് ഫോറം പ്രസിഡന്റ് ടി.എ. കലിസ്റ്റസ് അധ്യക്ഷതവഹിച്ചു.
ശാന്തകുമാർ എലപ്പുള്ളി, വിഷ്ണുമംഗലം കുമാർ, സുധാകരൻ രാമന്തളി, ആർ.വി. ആചാരി, തങ്കച്ചൻ പന്തളം, എം.എസ് ചന്ദ്രശേഖരൻ, ഡോക്ടർ രാജൻ, ഒ. വിശ്വനാഥൻ, മുഹമ്മദ് കുനിങ്ങാട്, സലിം കുമാർ, സുരേന്ദ്രൻ വെണ്മണി, അഡ്വ. ജിബു ജമാൽ, സൗദ റഹ്മാൻ, തുടങ്ങിയവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.