ധനമന്ത്രിയെയും റിസർവ് ബാങ്കിനെയും മറയാക്കി തമിഴ് യുവതി തട്ടിയത് ലക്ഷങ്ങൾ
text_fieldsബംഗളൂരു: കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ, റിസർവ് ബാങ്ക് ഓഫ് ഇന്ത്യ എന്നിവ മറയാക്കി യുവതി നിരവധിയാളുകളിൽനിന്ന് ലക്ഷങ്ങൾ തട്ടിയതായി പരാതി. മായസാന്ദ്ര സ്വദേശി കെ. രത്നമ്മയുടെ പരാതിയിൽ അത്തിബെലെ പൊലീസ് തമിഴ്നാട് ഹൊസുർ സ്വദേശി പവിത്രക്കെതിരെ (39) കേസെടുത്തു. ബ്ലൂ വിങ്സ് എന്ന പേരിൽ തുടങ്ങിയ പണമിടപാട് ഏജൻസിയാണ് തട്ടിപ്പിന് ഉപയോഗിച്ചതെന്ന് പൊലീസ് പറഞ്ഞു. ധനമന്ത്രിയുമായുള്ള അടുപ്പത്തിലൂടെ തനിക്ക് ആർ.ബി.ഐ 17 കോടി രൂപ അനുവദിച്ചതായെന്ന തന്ത്രപരമായ വിവരണങ്ങളിലൂടെ യുവതി ആളുകളെ വിശ്വസിപ്പിച്ചു. നിർമല സീതാരാമന്‍റെ വ്യാജ ഒപ്പിട്ട രേഖകൾ ഇടപാടുകാരെ കാണിച്ചതുകൂടാതെ നോട്ടുകെട്ടുകളുടെ കൂമ്പാരത്തിന്‍റെ വിഡിയോയും പ്രദർശിപ്പിച്ചു. അഞ്ചു ലക്ഷം നിക്ഷേപിക്കുന്നവർക്ക് സബ്സിഡി തുകയായി അത്രയും ചേർത്ത് 10 ലക്ഷം നൽകുമെന്ന വാഗ്ദാനം ഏറെപ്പേരെ ആകർഷിച്ചു.
തുക നിക്ഷേപിച്ചാൽ മാത്രമേ സബ്സിഡി ലഭിക്കൂ എന്നായിരുന്നു നിബന്ധന.
രണ്ടു മാസമായിട്ടും പ്രതികരണം ഇല്ലാതായതോടെ തട്ടിപ്പിനിരയായെന്ന് ചന്ദപുര, അത്തിബെലെ, ഹൊസുർ, ധർമപുരി തുടങ്ങിയ പ്രദേശവാസികൾക്ക് മനസ്സിലായി.
പവിത്രയുടെ കൂട്ടാളികളായ പ്രവീൺ, എല്ലപ്പ, ഷീല, രുക്മിണി, രാധ, മമത, നെഹ്റുജി, ശരത് കുമാർ, സതീഷ്, മഞ്ജുള, മാർട്ടിൻ, ഹേമലത, ശാലിനി തുടങ്ങിയവരെയും കേസിൽ പ്രതി ചേർത്തതായി പൊലീസ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.