മോഷണക്കേസ്; മലയാളി ഡ്രൈവറുടെ വീട്ടിൽനിന്ന് 1.5 കോടിയുടെ വസ്തുക്കൾ കണ്ടെടുത്തു
text_fieldsബംഗളൂരു: ബംഗളൂരു ഫ്രേസർ ടൗണിലെ വീട്ടിൽ നടന്ന കവർച്ചയുമായി ബന്ധപ്പെട്ട കേസ് തെളിഞ്ഞു. നഷടപ്പെട്ട 2.5 കോടിയുടെ വസ്തുക്കളിൽ 1.5 കോടിയുടെ വസ്തുക്കൾ മലയാളി ഡ്രൈവറുടെ വീട്ടിൽനിന്ന് കണ്ടെടുത്തതായി ബംഗളൂരു പുലികേശി നഗർ പൊലീസ് അറിയിച്ചു. എന്നാൽ, സംഭവത്തിൽ പ്രതിയെന്ന് സംശയിക്കപ്പെടുന്ന കോട്ടയം പുതുപ്പള്ളി സ്വദേശി കക്കാട്ട് കാരാട്ട് വീട്ടില് ജോമോന് കെ. വര്ഗീസിനെ (43) ആഗസ്റ്റ് 21ന് ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയിരുന്നു.
സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ: നഗരത്തിലെ മൾട്ടി നാഷനൽ കമ്പനിയുടെ വൈസ് പ്രസിഡന്റിന്റെ കാർ ഡ്രൈവറായിരുന്നു ജോമോൻ വർഗീസ്. പുലികേശി നഗർ ഫ്രേസർ ടൗണിലെ അപാർട്ട്മെന്റിലായിരുന്നു വീട്ടുടമ താമസിച്ചിരുന്നത്. ഇതിന് തൊട്ടടുത്തായാണ് ജോമോനെ താമസിപ്പിച്ചിരുന്നത്. കഴിഞ്ഞ ജൂലൈയിൽ അപാർട്ട്മെന്റിൽനിന്ന് 2.5 കോടിയുടെ വസ്തുക്കൾ കാണാതായതായി വീട്ടുടമ പൊലീസിൽ പരാതി നൽകി. കവർച്ചയിൽ ജോമോന് പങ്കുണ്ടെന്ന സംശയത്തെ തുടർന്ന് പൊലീസ് ഇയാളെ ചോദ്യം ചെയ്തിരുന്നു. എന്നാൽ, തെളിവൊന്നും ലഭിക്കാത്തതിനാൽ വിട്ടയച്ചു.
ഇതിന് പിന്നാലെ ആഗസ്റ്റ് 21ന് താമസസ്ഥലത്ത് ആത്മഹത്യ ചെയ്ത നിലയിൽ ജോമോനെ കണ്ടെത്തി. ഇയാളുടെ പോക്കറ്റിൽനിന്ന് മലയാളത്തിൽ എഴുതിയ ഏഴു പേജുള്ള ആത്മഹത്യ കുറിപ്പും കണ്ടെത്തിയിരുന്നു. വീട്ടുടമയും ഭാര്യയുമാണ് താൻ കടുംകൈ ചെയ്യാൻ കാരണമെന്നും പൊലീസ് തന്നെ പീഡിപ്പിക്കുന്നതായും കത്തിൽ ആരോപിച്ചിരുന്നു. കത്തിന്റെ അടിസ്ഥാനത്തിൽ വീട്ടുടമക്കെതിരെ ആത്മഹത്യ പ്രേരണ കുറ്റം ചുമത്തി പൊലീസ് കേസെടുക്കുകയും ചെയ്തു. കവർച്ച കേസിൽ തുമ്പ് കണ്ടെത്താൻ ഒരു സംഘം പൊലീസ് കോട്ടയത്തേക്ക് തിരിച്ചു.
ജോമോന്റെ വീട്ടിൽനിന്ന് 1.5 കോടിയുടെ തൊണ്ടിമുതൽ കണ്ടെടുത്തു. സ്വർണാഭരണങ്ങളും വിലപിടിച്ച വസ്തുക്കളും വിദേശ കറൻസിയുമടക്കം 38 മുതലുകളാണ് കണ്ടെടുത്തത്. ഫ്രേസർ ടൗണിലെ വീട്ടിലെ ജ്വല്ലറി ബോക്സിൽ കണ്ടെത്തിയ വിരലടയാളം ജോമോന്റെ വീട്ടിൽനിന്നും കണ്ടെത്തിയതായും പൊലീസ് വെളിപ്പെടുത്തി. ബാക്കി വസ്തുക്കൾ ബാങ്ക് ലോക്കറിലാണെന്നാണ് സംശയിക്കുന്നത്. ജോമോന്റെ ഭാര്യ നിഷയോട് ചോദ്യം ചെയ്യാൻ ബംഗളൂരുവിൽ ഹാജരാകാൻ നിർദേശിച്ചതായും പൊലീസ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.