ഓണം സ്പെഷൽ ട്രെയിനുകൾ ഇല്ല; ദുരിതയാത്രക്കൊരുങ്ങി ബംഗളൂരു മലയാളികൾ
text_fieldsബംഗളൂരു: ബംഗളൂരുവിൽനിന്ന് മലബാറിലേക്ക് പുതിയ ട്രെയിൻ എന്ന അധികൃതരുടെ ആ വാക്കും വെറുതെയായി. പുതിയ ട്രെയിൻ പോയിട്ട് കേരളത്തിലേക്കുള്ള യാത്രക്ക് ഏറ്റവും തിരക്കുള്ള ഓണക്കാലത്ത് ഒരു സ്‍പെഷൽ ട്രെയിൻപോലും ഇതുവരെ ദക്ഷിണ-പശ്ചിമ റെയിൽവേ അനുവദിച്ചിട്ടില്ല. ബംഗളൂരുവിൽനിന്ന് കേരളത്തിന്റെ തെക്കോട്ടായാലും വടക്കോട്ടായാലും യാത്രികർക്ക് ദുരിതംതന്നെ മിച്ചം.
മലബാർ മേഖലയിലേക്ക് ദിനേനയുള്ള ഏക ട്രെയിനിൽ ടിക്കറ്റ് കിട്ടാൻ ആഴ്ചകൾക്കുമുമ്പ് ബുക്ക് ചെയ്യണമെന്നതാണ് സ്ഥിതി. എറണാകുളം ഭാഗത്തേക്കുള്ള ഐലൻഡ്, കൊച്ചുവേളി തുടങ്ങിയ പതിവുട്രെയിനുകളുടെ സ്ഥിതിയും ഇതുതന്നെ. കേരള, കർണാടക ആർ.ടി.സികൾ പതിവ് സർവിസുകൾക്കുപുറമെ സ്‍പെഷൽ സർവിസുകൾ ഇറക്കിയിട്ടും യാത്രക്കാർ പുറത്തുതന്നെ. മലബാറിന്‍റെ വാണിജ്യ, വിദ്യാഭ്യാസ, സാംസ്കാരിക തലസ്ഥാനമായ കോഴിക്കോടുനിന്ന് ബംഗളൂരുവിലേക്ക് പുതിയ ട്രെയിൻ അനുവദിക്കാമെന്നും ബാംഗ്ലൂർ സിറ്റി-മംഗളൂരു-കണ്ണൂർ എക്സ്പ്രസ് കോഴിക്കോട്ടേക്ക് നീട്ടുന്നത് പരിഗണിക്കാമെന്നും 2021 നവംബർ രണ്ടാംവാരത്തിൽ കോഴിക്കോട് എം.പി ദക്ഷിണ-പശ്ചിമ റെയിൽവേ മാനേജർ സഞ്ജീവ് കിഷോറുമായി ഹുബ്ബള്ളിയിലെ ആസ്ഥാനത്ത് നടത്തിയ ചർച്ചയിൽ ഉറപ്പുനൽകിയിരുന്നു. പക്ഷേ, വാഗ്ദാനം നടപ്പായില്ല.
ഓണാവധിക്ക് കൂടുതൽ യാത്ര ചെയ്യുന്നത് ഈ വാരാന്ത്യ ദിനങ്ങളിലാണ്. ഇതുവരെ ബംഗളൂരുവിൽനിന്നോ മൈസൂരുവിൽനിന്നോ സ്‍പെഷൽ ട്രെയിനിന്റെ കാര്യത്തിൽ ഒരു തീരുമാനവുമായിട്ടില്ല. ദക്ഷിണ റെയിൽവേ കേരളത്തിൽനിന്ന് പ്രഖ്യാപിച്ച ഏക ട്രെയിൻ മാത്രമാണ് സ്‍പെഷലായി സർവിസ് നടത്തുക. ഇതാകട്ടെ ഓണാവധി കഴിഞ്ഞ് നാട്ടിൽനിന്ന് ബംഗളൂരുവിലേക്ക് മടങ്ങുന്നവരെ ഉദ്ദേശിച്ചിട്ടുള്ളതാണ്.
സെപ്റ്റംബർ 11ന് കൊച്ചുവേളിയിൽനിന്ന് വൈകീട്ട് അഞ്ചിന് പുറപ്പെടുന്ന ഈ സ്‍പെഷൽ ട്രെയിൻ (06037) 12ന് രാവിലെ 10.10ന് സർ എം. വിശേശ്വരയ്യ ബൈയപ്പനഹള്ളി ടെർമിനലിലെത്തും. 12ന് വൈകീട്ട് മൂന്നിന് ബൈയപ്പനഹള്ളിയിൽനിന്ന് യാത്രതിരിക്കുന്ന സ്‍പെഷൽ ട്രെയിൻ (06038) പിറ്റേന്ന് രാവിലെ 6.35ന് കൊച്ചുവേളിയിലെത്തും. കോവിഡ്കാല നിയന്ത്രണത്തിനുപിന്നാലെ കേരളത്തിലേക്കുള്ള ട്രെയിനുകളിലെ ടിക്കറ്റിന് വൻ ഡിമാൻഡാണ്; പ്രത്യേകിച്ചും മലബാർ മേഖലയിലേക്ക്. മലബാറിൽനിന്ന് ബംഗളൂരുവിലേക്കും തിരിച്ചുമുള്ള യാത്രക്കായി ഒരേയൊരു ദിവസ ട്രെയിന്‍ സർവിസ് അപര്യാപ്തമാണ്. യാത്രക്കാരുടെ എണ്ണത്തിലെ ഒരുശതമാനം പേരെപ്പോലും ഉള്‍ക്കൊള്ളാന്‍ ഈ സർവിസിനാവില്ല.
ആശുപത്രി ചികിത്സകൾക്ക് ബംഗളൂരുവിലേക്ക് വരുന്നവരടക്കം ട്രെയിൻ ടിക്കറ്റ് കിട്ടാതെ പ്രയാസപ്പെടുകയാണ്.യശ്വന്ത്പുരിൽനിന്ന് രാത്രി എട്ടിന് പുറപ്പെടുന്ന യശ്വന്ത്പുർ-കണ്ണൂർ എക്സ്പ്രസ് (1657) മാത്രമാണ് പാലക്കാട്, കോഴിക്കോട് വഴി ദിനേനയുള്ളത്. ബംഗളൂരു സിറ്റി-മംഗളൂരു-കണ്ണൂർ എക്സ്പ്രസ് (06511) യശ്വന്ത്പുർ, ഹാസൻ, മംഗളൂരു വഴിയാണ് സർവിസ് എന്നതിനാൽ കോഴിക്കോട്, തിരൂർ, ഷൊർണൂർ ഭാഗങ്ങളിലേക്ക് യാത്ര ചെയ്യേണ്ടവർക്ക് ഉപകാരപ്പെടില്ല. ബംഗളൂരുവിൽനിന്ന് രാത്രി 9.35 ന് പുറപ്പെടുന്ന ബംഗളൂരു സിറ്റി-മംഗലാപുരം- കണ്ണൂർ എക്സ്പ്രസ് (06511) യശ്വന്ത്പുർ, ശ്രാവണ ബെലഗോള, സകലേഷ്പുരവഴി പിറ്റേന്ന് രാവിലെ 6.52ന് മംഗളൂരു ജങ്ഷനിലും 10.40ന് കണ്ണൂരിലുമെത്തും.
തിരിച്ച് കണ്ണൂരിൽനിന്ന് വൈകീട്ട് 5.05ന് പുറപ്പെടുന്ന ട്രെയിൻ രാത്രി 7.50ന് മംഗളൂരു ജങ്ഷനിലും പിറ്റേന്ന് രാവിലെ 6.50ന് ബംഗളൂരു സിറ്റിയിലുമെത്തും. കണ്ണൂരിലെത്തി തിരിച്ച് പോകുന്നതിനിടയില്‍ ആറുമണിക്കൂറോളം സമയം ട്രെയിൻ കണ്ണൂരില്‍ നിര്‍ത്തിയിടുകയാണ്. ഈ സമയം ഉപയോഗപ്പെടുത്തി സർവിസ് കോഴിക്കോട്ടേക്ക് നീട്ടണമെന്ന ആവശ്യമുയർന്നിരുന്നു. ദക്ഷിണ പശ്ചിമ റെയിൽവേക്ക് ഇക്കാര്യത്തിൽ എതിർപ്പില്ലെന്ന് മുമ്പ് അറിയിച്ചിരുന്നെങ്കിലും നടപടിയായില്ല.
ആഴ്ചയിലൊരിക്കൽ ബംഗളൂരുവിൽനിന്ന് പാലക്കാട് വഴി മംഗലാപുരത്തേക്ക് സർവിസ് നടത്തുന്ന യശ്വന്ത്പുർ-മംഗളൂരു സെൻട്രൽ എക്സ്പ്രസ് (16565) യാത്രക്കാർക്ക് ഉപകാരപ്രദമായ സമയത്തല്ല സർവിസ് നടത്തുന്നത്. ഞായറാഴ്ച രാത്രി 11.55ന് യശ്വന്ത്പുരിൽനിന്ന് പുറപ്പെടുന്ന ട്രെയിൻ തിങ്കളാഴ്ച രാവിലെ 11.50നാണ് കോഴിക്കോട്ടും ഉച്ചക്ക് 1.22ന് കണ്ണൂരും വൈകീട്ട് 04.05ന് മംഗളൂരുവിലുമെത്തും. മംഗളൂരുവിൽനിന്ന് തിങ്കളാഴ്ച രാത്രി 11.35ന് പുറപ്പെടുന്ന മംഗളൂരു-യശ്വന്ത്പുർ വീക്ക്‍ലി എക്സ്പ്രസ് (16566) ചൊവ്വാഴ്ച ഉച്ചക്ക് ഒന്നിന് യശ്വന്ത്പുരിലെത്തും. വെള്ളിയാഴ്ചകളിൽ യശ്വന്ത്പുരിൽനിന്ന് പുറപ്പെടുകയും ഞായറാഴ്ചകളിൽ യശ്വന്ത്പുരിലേക്ക് പുറപ്പെടുകയും ചെയ്യുന്ന രീതിയിൽ ഷെഡ്യൂൾ പുനഃക്രമീകരിക്കണമെന്ന് യാത്രക്കാർ ആവശ്യമുയർത്തിയിരുന്നെങ്കിലും നടപ്പായിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.