ബസ് ചാർജ് വർധന ഉടനില്ല -ഗതാഗതമന്ത്രി
text_fieldsബംഗളൂരു: കർണാടകയിൽ ബസ് ചാർജ് വർധന ഉടനെയുണ്ടാകില്ലെന്ന് ഗതാഗതമന്ത്രി രാമലിംഗ റെഡ്ഡി. നേരത്തേ ബസ് ചാർജ് നിരക്ക് വർധിപ്പിക്കണമെന്ന് കെ.എസ്.ആർ.ടി.സിയും മറ്റു കോർപറേഷനുകളും ആവശ്യപ്പെട്ടിരുന്നെങ്കിലും നിലവിൽ അത്തരം നിർദേശങ്ങളൊന്നും ട്രാൻസ്പോർട്ട് കോർപറേഷനുകൾ സർക്കാറിനുമുന്നിൽ സമർപ്പിച്ചിട്ടില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.
ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ നിരക്ക് വർധിപ്പിക്കണമെന്നു തന്നെയാണ് തീരുമാനമെങ്കിലും സർക്കാർ അന്തിമ തീരുമാനമെടുത്തിട്ടില്ല. നിരക്ക് വർധന നടപ്പാക്കുമ്പോൾ 15 ശതമാനംവരെ വർധനയുണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ. ബി.എം.ടി.സി 2010 ലും മറ്റു മൂന്ന് കോർപറേഷനുകൾ 2020 ലുമാണ് അവസാനമായി നിരക്ക് വർധിപ്പിച്ചത്. അന്ന് ഡീസൽ ലിറ്ററിന് 60 രൂപയായിരുന്നു. കഴിഞ്ഞ മൂന്നു മാസം കൊണ്ട് മാത്രം കെ.എസ്.ആർ.ടി.സി 290 കോടി രൂപയുടെ നഷ്ടമാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
ഇന്ധനവിലയിലെയും സ്പെയർ പാർട്സുകളുടെയും വില വർധന, ശക്തി പദ്ധതി നടപ്പിലാക്കിയത് തുടങ്ങിയവയാണ് നഷ്ടം വർധിക്കാൻ കാരണമായി പറയുന്നത്. ബി.എം.ടി.സിക്ക് പ്രതിദിനം 40 കോടി രൂപ ചെലവ് വരുമ്പോൾ 34 കോടി രൂപയാണ് വരുമാനമായി ലഭിക്കുന്നത്. അതേസമയം ട്രാൻസ്പോർട്ട് കോർപറേഷനുകളുടെ നിലനിൽപ്പിന് അടിയന്തരമായി നിരക്ക് വർധിപ്പിക്കണമെന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്.
സർക്കാർ 7401 കോടി രൂപ നാല് ട്രാൻസ്പോർട്ട് കോർപറേഷനുകൾക്കുമായി നൽകാനുണ്ടെന്നാണ് കണക്ക്. കൂടാതെ സ്ത്രീകൾക്ക് സൗജന്യ യാത്രയനുവദിക്കുന്ന ശക്തി പദ്ധതി നടപ്പിലാക്കിയ വകയിൽ 1787 കോടി രൂപ ഇപ്പോഴും കോർപറേഷനുകൾക്ക് നൽകിയിട്ടില്ല. ശമ്പളത്തിലെയും മറ്റു ആനുകൂല്യങ്ങളുടെയും വർധന ആവശ്യപ്പെട്ട് ട്രാൻസ്പോർട്ട് കോർപറേഷൻ ജീവനക്കാർ അനിശ്ചിതകാല സമരവും പ്രഖ്യാപിച്ചിരുന്നു. സിദ്ധരാമയ്യ സർക്കാർ സ്ത്രീകൾക്ക് സൗജന്യ യാത്രയനുവദിച്ചുകൊണ്ട് ട്രാൻസ്പോർട്ട് കോർപറേഷനുകളെ ഇല്ലാതാക്കുകയാണെന്നും ആസ്തികൾ വിറ്റുമുടിക്കാൻ ശ്രമിക്കുകയാണെന്നും ബി.ജെ.പി ആരോപിക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.