കുടകിൽ കൊള്ളയടിച്ചത് ആയിരക്കണക്കിന് മരങ്ങൾ
text_fieldsബംഗളൂരു: കുടകിലെ തലക്കാവേരി സങ്കേതത്തിൽനിന്ന് അനധികൃതമായി കടത്തിയത് ആയിരക്കണക്കിന് മരങ്ങൾ. കുടക് ഏകീകരണ രംഗസമിതി അംഗങ്ങളാണ് കൊള്ള പുറത്തു കൊണ്ടുവന്നത്. സംഭവത്തിൽ ചില വനപാലകർക്കും പങ്കുണ്ടെന്നാണ് സംശയിക്കുന്നത്.
വിരാജ്പേട്ട് എം.എൽ.എ എ.എസ്. പൊന്നണ്ണക്ക് സമിതി അംഗങ്ങൾ പരാതി നൽകി. തലക്കാവേരി സങ്കേതത്തിലെ പടിനാൽക്കുനാട് സംരക്ഷിത വനത്തിൽ മുന്ദ്രോത്ത് ഫോറസ്റ്റ് റേഞ്ചിൽ 6000 ഇനം മരങ്ങളുണ്ട്. സംരക്ഷിത വനമേഖലയിൽ അതിക്രമിച്ചു കയറി ആയിരക്കണക്കിനു മരങ്ങളാണ് മുറിച്ചുമാറ്റിയിരിക്കുന്നത്. നേരത്തേ മരം മുറിച്ച് കടത്തിയ കേസിൽ മൂന്നുപേരെ കസ്റ്റഡിയിലെടുത്തിരുന്നു. മുറിച്ചുമാറ്റിയ മരങ്ങളുടെ തെളിവ് നശിപ്പിക്കാൻ വേണ്ടി മരക്കുറ്റികൾക്ക് തീയിടുന്നത് കാട്ടുതീ പടരാൻ ഇടയാക്കാറുണ്ട്.
അഞ്ചേക്കറോളം ഭാഗത്ത് മരങ്ങൾ മുറിച്ചുമാറ്റിയിട്ടുണ്ടെന്നാണ് കുടക് ഏകീകരണ രംഗസമിതി അംഗങ്ങൾ കണ്ടെത്തിയത്. സംരക്ഷിത വനമേഖലയിൽ അതിക്രമിച്ചു കയറി മരം കടത്തിയതിന് വനം വകുപ്പ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ശക്തമായ നടപടികളെടുക്കുമെന്ന് ഡെപ്യൂട്ടി കൺസർവേറ്റർ ഓഫ് ഫോറസ്റ്റ്, ജഗന്നാഥ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.