മന്ത്രിപദത്തിൽ കണ്ണുനട്ട് കുമാരസ്വാമി; രണ്ട് ബി.ജെ.പി എം.പിമാരും മന്ത്രിയായേക്കും
text_fieldsബംഗളൂരു: മൂന്നാം നരേന്ദ്ര മോദി സർക്കാറിൽ കർണാടകയിൽനിന്ന് മൂന്നുപേർക്ക് മന്ത്രിസ്ഥാനം ലഭിച്ചേക്കും. എൻ.ഡി.എ സഖ്യ കക്ഷിയായ ജെ.ഡി-എസ് സംസ്ഥാന അധ്യക്ഷനും മാണ്ഡ്യയിൽനിന്നുള്ള എം.പിയുമായ എച്ച്.ഡി. കുമാരസ്വാമി, ബംഗളൂരു സൗത്തിൽനിന്നുള്ള ബി.ജെ.പി എം.പി തേജസ്വി സൂര്യ, ധാർവാഡിൽനിന്നുള്ള ബി.ജെ.പി എം.പി പ്രൾഹാദ് ജോഷി, മുൻ മുഖ്യമന്ത്രിമാരായ ജഗദീഷ് ഷെട്ടർ, മുൻ ഉപമുഖ്യമന്ത്രി ഗോവിന്ദ് കർജോൾ, ഡോ. സി.എൻ. മഞ്ജുനാഥ് തുടങ്ങിയവരാണ് കർണാടകയിൽനിന്ന് മന്ത്രിപട്ടികയുടെ സാധ്യത ലിസ്റ്റിൽ മുന്നിലുള്ളത്.
കുമാരസ്വാമിയടക്കമുള്ള ജെ.ഡി-എസ് നേതാക്കൾ ഡൽഹിയിൽ തമ്പടിച്ചിരിക്കുകയാണ്. ഒറ്റക്ക് കേവല ഭൂരിപക്ഷം ലഭിക്കാത്ത ബി.ജെ.പി സഖ്യകക്ഷികൾക്ക് മന്ത്രിപദം നൽകി പിന്തുണ ഉറപ്പിക്കാനാണ് ശ്രമം. രണ്ടു സീറ്റ് മാത്രമുള്ള ജെ.ഡി-എസിനും ഇതു ഗുണകരമായി. മാണ്ഡ്യയിൽ കുമാരസ്വാമി വിജയിച്ചാൽ കേന്ദ്രമന്ത്രിയാവുമെന്ന സൂചന തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ ബി.ജെ.പി കർണാടക അധ്യക്ഷൻ ബി.വൈ. വിജയേന്ദ്രയും നൽകിയിരുന്നു.
വ്യാഴാഴ്ച ഡൽഹിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ മന്ത്രിസഭ രൂപവത്കരണത്തിനായി ഫോർമുല രൂപപ്പെടുത്തിയിരുന്നു. കുറഞ്ഞത് അഞ്ചു സീറ്റെങ്കിലും നേടിയ സഖ്യകക്ഷികൾക്ക് കാബിനറ്റ് ബർത്തും അഞ്ചിൽ താഴെ സീറ്റ് നേടിയ സഖ്യകക്ഷികൾക്ക് സംസ്ഥാന ചുമതലയുള്ള മന്ത്രിപദവിയുമാണ് തീരുമാനിച്ചത്.
ഇതുപ്രകാരം, ജെ.ഡി-എസിന് കാബിനറ്റ് പദവി ലഭിക്കില്ല. എന്നാൽ, മുൻ മുഖ്യമന്ത്രി എന്ന പരിഗണനകൂടി കണക്കിലെടുത്ത് എച്ച്.ഡി. കുമാരസ്വാമിക്ക് കാബിനറ്റ് ബർത്ത് നൽകുമെന്നാണ് വിവരം. സംസ്ഥാനത്തെ 28 മണ്ഡലങ്ങളിൽ ബി.ജെ.പി 25 സീറ്റിലും ജെ.ഡി-എസ് മൂന്നു സീറ്റിലുമാണ് മത്സരിച്ചത്. ബി.ജെ.പി 17ഉം ജെ.ഡി-എസ് രണ്ടും സീറ്റിൽ വിജയിച്ചു. അതേസമയം, കോൺഗ്രസ് ഒമ്പതു സീറ്റിലും ജയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.