തുറന്നുകിടന്ന ഓവുചാലിൽ മൂന്നുവയസ്സുകാരനെ കാണാതായി
text_fieldsബംഗളൂരു: തുറന്നു കിടന്ന ഓവുചാലിൽ വീണ് മൂന്നു വയസ്സുകാരനെ കാണാതായി. വർത്തൂറിൽ ഞായറാഴ്ച ൈവകീട്ട് 4.30നാണ് അപകടം. വർത്തൂറിലെ വിനോദ്-സപ്ന ദമ്പതികളുടെ മകൻ കബിറിനെയാണ് കാണാതായത്. സുഹൃത്തിനൊപ്പം മഴയത്ത് കളിക്കവെ മൂടാത്ത ഓവുചാലിൽ വീഴുകയായിരുന്നു. കുട്ടിയെ കണ്ടെത്താനുള്ള തിരച്ചിൽ തുടരുകയാണ്.
കൂട്ടുകാരനാണ് വിവരം മാതാപിതാക്കളെ അറിയിക്കുന്നത്. കബിറിന്റെ മാതാവ് ഉടൻ ഓടിയെത്തിയെങ്കിലും കുട്ടി ഒഴുക്കിൽപെട്ടിരുന്നു. അഗ്നിരക്ഷ-അടിയന്തര സേനയെ അയൽവാസികളും മാതാപിതാക്കളും വിവരമറിയിച്ചതോടെ തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. പശ്ചിമബംഗാൾ സ്വദേശികളായ ഈ കുടുംബം നേരത്തേ ബെള്ളന്തൂരിലായിരുന്നു താമസം. പിന്നീടാണ് വർത്തൂറിലേക്ക് മാറിയത്.
അപകടസമയത്ത് കുട്ടിയുടെ പിതാവ് വിനോദ് സ്ഥലത്തുണ്ടായിരുന്നില്ല. സമീപത്തെ അപ്പാർട്മെന്റിലെ ജോലിക്കാരനാണ് വിനോദ്. പൊലീസ് കേസെടുത്തിട്ടുണ്ട്. നഗരത്തിന്റെ വിവിധയിടങ്ങളിൽ തുറന്നുകിടക്കുന്ന ഓടകൾ അപകടഭീഷണി ഉയർത്തുന്നുണ്ട്. എന്നാൽ കൃത്യമായ പരിഹാരനടപടികൾ ഉണ്ടാകുന്നില്ല.
2009ൽ സമാനമായ അപകടം ലംഗരാജപുരയിൽ നടന്നിരുന്നു. തുറന്നുകിടന്ന ഓവുചാലിൽ അന്നുവീണ ആറു വയസ്സുകാരൻ അഭിഷേകിനെ ഇതുവരെ കണ്ടെത്താനായിട്ടില്ല. ലക്ഷം രൂപ ഈ കുടുംബത്തിന് ബി.ബി.എം.പി നഷ്ടപരിഹാരം വാഗ്ദാനം ചെയ്തിരുന്നുവെങ്കിലും കുടുംബം നിരസിക്കുകയായിരുന്നു.
2011ൽ മൈസൂരു റോഡിൽ ഇത്തരത്തിൽ കാനയിൽ ഒഴുക്കിൽപെട്ട് 12കാരനെ കാണാതായിരുന്നു. 2015 ജൂണിൽ ദേവരബീസനഹള്ളിയിൽ പത്ത് വയസ്സുകാരനായ ജുനൈദിനെയും ഇത്തരത്തിൽ കാണാതായിരുന്നു.
ക്രിക്കറ്റ് ബാൾ എടുക്കാനായി എത്തിയ കുട്ടിയാണ് അന്ന് തുറന്നുകിടന്ന കാനയിൽ ഒഴുക്കിൽപെട്ടത്. 2015 ഒക്ടോബറിൽ 15കാരനെ തനിസാന്ദ്രയിലെ കനാലിലും കാണാതായി. 2018 നവംബറിൽ ഏഴു വയസ്സുകാരനായ രാകേഷിനെയും കെങ്കേരിയിൽ തുറന്നുകിടന്ന കാനയിൽ വീണ് കാണാതായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.