ദലൈലാമ ബൈലക്കുപ്പെ ക്യാമ്പിലെത്തി
text_fieldsബംഗളൂരു: തിബത്തൻ ആത്മീയ നേതാവ് ദലൈലാമ മൈസൂരു ബൈലക്കുപ്പെ ടിബത്തൻ സെറ്റിൽമെന്റ് ക്യാമ്പിലെ താഷി ലുൻപോ മൊണാസ്ട്രിയിൽ ദീർഘകാല താമസത്തിനായി ഞായറാഴ്ച എത്തി. 2017ൽ ആയിരുന്നു ദലൈലാമയുടെ ഇതിനുമുമ്പത്തെ ഹ്രസ്വ സന്ദർശനം. ജനുവരി മൂന്നിന് ഹിമാചൽ പ്രദേശിലെ ധർമശാലയിലെ മക്ലിയോഡ് ഗഞ്ചിലുള്ള തെക്ചെൻ ചോലിങ് വസതിയിൽനിന്ന് പുറപ്പെട്ട ദലൈലാമ, ഡൽഹിയിൽ ഒരു ദിവസം തങ്ങി, ശനിയാഴ്ച ഉച്ചക്ക് രണ്ടിന് പ്രത്യേക വിമാനത്തിൽ ബംഗളൂരുവിലെത്തിയിരുന്നു.
വിവിധ കോളജുകളിൽനിന്നുള്ള 600ൽ അധികം തിബത്തൻ വിദ്യാർഥികളും തിബത്തൻ വ്യവസായികളും ചേർന്ന് അദ്ദേഹത്തിന് ബംഗളൂരുവിൽ സ്വീകരണം നൽകി. ഞായറാഴ്ച രാവിലെ 9.30ന് ദലൈലാമയെയും വഹിച്ചുള്ള ഹെലികോപ്ടർ ബംഗളൂരുവിൽനിന്ന് പുറപ്പെട്ട് 11ഓടെ ബൈലക്കുപ്പയിലെ തിബത്തൻ ഫസ്റ്റ് ക്യാമ്പിലിറങ്ങി. മൈസൂരു അസി. കമീഷണർ വിജയ് കുമാർ, മൈസൂരു എസ്.പി എൻ. വിഷ്ണുവർധൻ, കുശാൽനഗർ തഹസിൽദാർ ജെ. നിസർഗപ്രിയ, മറ്റ് ഉദ്യോഗസ്ഥർ എന്നിവർ അദ്ദേഹത്തെ സ്വീകരിച്ചു. ഹെലിപാഡിൽനിന്ന് താഷി ലുൻപോ മൊണാസ്ട്രിയിലേക്കുള്ള നാലുകിലോമീറ്റർ ഘോഷയാത്രയായി വിശ്വാസികൾ ആനയിച്ചു. ആയിരക്കണക്കിന് സന്യാസിമാരും കുട്ടികളും ബൈലക്കുപ്പെ നിവാസികളും റോഡിന്റെ ഇരുവശവും ആദരമർപ്പിക്കാൻ അണിനിരന്നു. താഷി ലുൻപോ മൊണാസ്ട്രിയിലെത്തിയ ദലൈലാമയെ മഠാധിപതി സീക്യാബ് റിൻപോച്ചെ ഇരിപ്പിടത്തിലേക്ക് നയിച്ചു. ടിബത്തൻ ക്യാമ്പിൽ ദലൈലാമയുടെ സുരക്ഷക്കായി 400 പൊലീസുകാരും ധർമശാലയിൽനിന്നുള്ള ഓഫിസർമാരുടെ സംഘവും താമസിക്കുന്നുണ്ട്. തിരിച്ച് അദ്ദേഹം മൈസൂരിൽനിന്ന് പുറപ്പെടും വരെ ഈ സുരക്ഷ തുടരും.
ന്യൂയോർക് സിറ്റിയിൽ കാൽമുട്ടിന് ശസ്ത്രക്രിയ കഴിഞ്ഞ് ആഗസ്റ്റ് 28ന് തിരിച്ചെത്തിയ ശേഷം ദലൈലാമ ധർമശാലക്ക് പുറത്തേക്ക് നടത്തുന്ന ആദ്യയാത്രയാണിത്. ഫെബ്രുവരിയിൽ നടക്കുന്ന ടിബത്തൻ ലോസാർ ആഘോഷം വരെ അദ്ദേഹം ബൈലക്കുപ്പയിൽ തുടർന്നേക്കും. ധർമശാല കഴിഞ്ഞാൽ പ്രവാസത്തിൽ കഴിയുന്ന ടിബത്തൻ ജനതയുടെ ഏറ്റവും വലിയ രണ്ടാമത്തെ ജനസംഖ്യ ബൈലക്കുപ്പയിലാണുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.