ബന്ദിപ്പൂരിൽ കടുവയും കനകപുരയിൽ പുലിയും പിടിയിൽ
text_fieldsബംഗളൂരു: ബന്ദിപ്പൂർ ടൈഗർ റിസർവിന്റെ ഭാഗമായ ഹെഡിയാല റെയ്ഞ്ചിൽ വീട്ടമ്മയെ കൊലപ്പെടുത്തിയ കടുവയെയും രാമനഗര കനകപുരയിൽ നാട്ടുകാരെ ഭീതിയിലാഴ്ത്തിയ പുലിയെയും വനംവകുപ്പ് പിടികൂടി. നഞ്ചൻകോട് ബള്ളൂരു ഹുണ്ടി വില്ലേജിലെ 48 കാരിയായ രത്നമ്മയാണ് വെള്ളിയാഴ്ച വൈകീട്ട് മൂന്നോടെ കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. തുടർന്ന് നാട്ടുകാർ ഉപരോധമടക്കം നടത്തിയിരുന്നു. കടുവയെ പിടികൂടാൻ വനം വകുപ്പ് ഉദ്യോഗസ്ഥർ കെണി സ്ഥാപിച്ച് തെരച്ചിൽ നടത്തിവരികയായിരുന്നു.
പ്രദേശത്ത് മുമ്പ് കാലികളെയും കടുവ കൊലപ്പെടുത്തിയിട്ടുണ്ട്. വൈൽഡ് ലൈഫ് വെറ്ററിനേറിയന്മാരായ ഡോ. മിർസ വസിം, ഡോ. പ്രദീപ് എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ തിരച്ചിലിലാണ് കല്ലാരകണ്ടിക്ക് സമീപം കടുവയെ കണ്ടെത്തിയത്. പിടികൂടിയ കടുവയെ മൈസൂരു കൂർഗള്ളിയിലെ വൈൽഡ് ആനിമൽസ് റെസ്ക്യൂ ആൻഡ് റീഹാബിലിറ്റേഷൻ സെന്ററിലേക്ക് മാറ്റി.
കനകപുരയിൽ മൂന്നു വയസ്സുള്ള പുലിയെയാണ് വനം വകുപ്പ് കെണിയിലാക്കിയത്. കസബ ഹൊബ്ലി വില്ലേജ് മേഖലയിൽ പുലിയെ കണ്ടത് ശ്രദ്ധയിൽപെട്ടതിനെ തുടർന്നാണ് നാട്ടുകാരുടെ പരാതി പ്രകാരം വനംവകുപ്പ് മൂന്നുദിവസം മുമ്പ് കെണിയൊരുക്കിയത്. പുലിയെ വൈദ്യ പരിശോധനക്ക് വിധേയമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.