നാഗർഹോളെയിൽ പെൺകടുവ ചത്ത നിലയിൽ
text_fieldsബംഗളൂരു: മൈസൂരു ഹുൻസൂരുവിലെ നാഗർഹോളെ കടുവ സംരക്ഷണ കേന്ദ്രത്തിൽ പെൺകടുവയെ ചത്ത നിലയിൽ കണ്ടെത്തി. റിസർവ് വനത്തിലെ ആനചൗകുരു റെയ്ഞ്ചിലാണ് 12 വയസ്സ് മതിക്കുന്ന കടുവയുടെ ജഡം കണ്ടെത്തിയത്.
മറ്റൊരു കടുവയുമായുള്ള പോരാട്ടത്തിലാണ് മരണം സംഭവിച്ചതെന്ന് കരുതുന്നതായി നാഗർഹോളെ ടൈഗർ റിസർവ് ഡയറക്ടറും ചീഫ് ഫോറസ്റ്റ് കൺസർവേറ്ററുമായ സി. ഹർഷ് കുമാർ പറഞ്ഞു. മുതിർന്ന വനം ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ ജഡം പോസ്റ്റ്മോർട്ടം നടത്തി. കാട്ടിൽ ഓരോ കടുവയും അവക്കാവശ്യമായ അതിർത്തി നിർണയിച്ച് ആ പ്രദേശത്ത് ഇരപിടിച്ച് കഴിയുന്നവയാണ്.
ഭക്ഷണത്തിന്റെയും വെള്ളത്തിന്റെയും ലഭ്യതക്കനുസരിച്ച് ഈ അതിർത്തി വലുതാകാം. പെൺകടുവകൾക്ക് 20 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയും ആൺകടുവകൾക്ക് 60 മുതൽ 100 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയും ആവശ്യമാണ്. മരങ്ങളുടെ തായ്ത്തടിയിൽ മൂത്രമൊഴിച്ചാണ് ഇവ അതിർത്തി അടയാളപ്പെടുത്തുക. ഒരു കടുവയുടെ ആവാസവ്യവസ്ഥയിലേക്ക് മറ്റൊരു കടുവ കടന്നുവന്നാൽ ഇരുവരും തമ്മിൽ പോരാട്ടം നടക്കുമെന്നതാണ് കാട്ടിലെ രീതി. ഇതിനിടയിൽ ഗുരുതര പരിക്കേൽക്കുന്ന കടുവ പിന്നീട് ഇരപിടിക്കാനാവാതെ ചത്തുപോകുന്നതാണ് പതിവ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.