മൈസൂരു മഹാദേവപുരയിൽ കടുവയിറങ്ങി
text_fieldsബംഗളൂരു: മൈസൂരു നഗരത്തിൽനിന്ന് 10 കിലോമീറ്റർ അകലെ മഹാദേവപുരയിൽ കടുവയുടെ സാന്നിധ്യം കണ്ടെത്തിയത് പ്രദേശവാസികളെ പരിഭ്രാന്തിയിലാക്കി. കടുവ റോന്തുചുറ്റുന്നതിന്റെ വിഡിയോ ദൃശ്യം സമൂഹ മാധ്യമങ്ങളിൽ വൈറലായി.
മേഖലയിൽ പുലിശല്യം തുടരുന്നതിനിടെയാണ് കടുവയെയും കണ്ടത്. മഹാദേവപുരയിൽനിന്ന് നാലു കിലോമീറ്റർ അകലെയുള്ള ഗൊബ്ബറകളെ വില്ലേജിൽ നാഗരാജു എന്നയാളുടെ നാല് ആടുകളെ കഴിഞ്ഞദിവസം കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയിരുന്നു. പല തവണ പുലിയെ ഗ്രാമത്തിൽ കണ്ടിരുന്നതായി നാഗരാജു പറഞ്ഞു.
കടുവയുടെ സാന്നിധ്യംകൂടി സ്ഥിരീകരിച്ചതോടെ ആടുകളെ കൊലപ്പെടുത്തിയത് കടുവയാകാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ലെന്ന് അദ്ദേഹം പറഞ്ഞു. ചിക്കമന ക്ഷേത്രത്തിന് സമീപം ചന്നഹള്ളി- മഹാദേവപുര റോഡ് മുറിച്ചുകടക്കുന്ന കടുവയുടെ ദൃശ്യമാണ് വിഡിയോയിലുള്ളത്. ചന്നഹള്ളി വില്ലേജിൽ കഴിഞ്ഞയാഴ്ച പുട്ടമ്മ എന്ന വീട്ടമ്മയുടെ ആടിനെ ആക്രമിച്ചത് ഇതേ കടുവയാണെന്ന് ഗ്രാമവാസികൾ ചൂണ്ടിക്കാട്ടുന്നു.
മൈസൂരു-നഞ്ചൻകോട് അതിർത്തി മേഖലയിലും സിന്ധുഹള്ളി, ഷെട്ടിഹള്ളി, രാംപുര, കടക്കോളയിലെ ടി.വി.എസ് ഫാക്ടറി, ബള്ളൂരു ഹുണ്ഡി, ദുഗ്ഗഹള്ളി, ഹാദനൂരു ഒടയനപുര, ഇന്ദിരനഗർ എന്നിവിടങ്ങളിലും കടുവയെ കണ്ടിരുന്നു.
ഒരേ കടുവയാകാം ഇതെന്നാണ് വനം വകുപ്പിന്റെ നിഗമനം. മൈസൂരു നഗരത്തിൽ മുമ്പ് പലതവണ പുലിയുടെ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ടെങ്കിലും നഗരസമീപത്തിൽ ആദ്യമായാണ് കടുവസാന്നിധ്യം സ്ഥിരീകരിക്കുന്നത്. മൈസൂരുവിൽനിന്ന് 10 കിലോമീറ്ററും ശ്രീരംഗപട്ടണയിൽനിന്ന് 15 കിലോമീറ്ററും മാറിയാണ് മഹാദേവപുര.
കടുവയെ കണ്ടെത്തിയ പ്രദേശം ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫിസർ രാജേഷ് സന്ദർശിച്ചു. ശ്രീരംഗപട്ടണ റേഞ്ച് ഫോറസ്റ്റ് ഓഫിസർ പുട്ടസ്വാമി, അസി. ഫോറസ്റ്റ് ഓഫിസർ അനന്ദഗൗഡ, മൈസൂരു ലെപേഡ് ടാസ്ക് ഫോഴ്സ് (എൽ.ടി.എഫ്) അംഗങ്ങൾ തുടങ്ങിയവരും കൂടെയുണ്ടായിരുന്നു.
കടുവയുടെ സാന്നിധ്യം സ്ഥിരീകരിച്ച സംഘം രാത്രികാലത്ത് വീടിന് പുറത്തിറങ്ങരുതെന്നും പകൽസമയങ്ങളിൽ കൃഷിയിടത്തിൽ പോകുന്നവർ ശ്രദ്ധിക്കണമെന്നും ഗ്രാമവാസികൾക്ക് മുന്നറിയിപ്പ് നൽകി. അരീക്കരെ പൊലീസും ഗ്രാമത്തിലെത്തി. കടുവയെ പിടികൂടുന്നതിന് 35ഓളം വരുന്ന വനംവകുപ്പ് ജീവനക്കാരുടെ ദൗത്യസംഘത്തെ നിയോഗിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.