ഈദ്ഗാഹ് മൈതാനിയിൽ ടിപ്പു ജയന്തിക്ക് അനുമതി
text_fieldsബംഗളൂരു: കർണാടകയിലെ ഹുബ്ബള്ളി ഈദ്ഗാഹ് മൈതാനിയിൽ ടിപ്പു സുൽത്താൻ ജയന്തി ആഘോഷിക്കാൻ അസദുദ്ദീൻ ഉവൈസിയുടെ ഓൾ ഇന്ത്യ മജ്‌ലിസെ ഇത്തിഹാദുൽ മുസ്ലിമീന് (എ.ഐ.എം.ഐ.എം) അനുമതി. ഡിസംബറിൽ ഈ മൈതാനിയിൽ ടിപ്പു ജയന്തി നടത്താൻ അനുമതി നൽകണമെന്ന് ആവശ്യപ്പെട്ട് പാർട്ടിയുടെ ധാർവാർഡ് ജില്ല കമ്മിറ്റി മുനിസിപ്പൽ കോർപറേഷന് കഴിഞ്ഞ ദിവസം അപേക്ഷ നൽകിയിരുന്നു.
ടിപ്പു ബ്രിട്ടീഷുകാരോട് പട പൊരുതിയ ധീരനായിരുന്നുവെന്നും ആ പോരാളിയെ ഓർത്ത് നമുക്ക് അഭിമാനിക്കാൻ കഴിയണമെന്നും എ.ഐ.എം.ഐ.എം ധാർവാർഡ് ജില്ല കമ്മിറ്റി ജോ. സെക്രട്ടറി വിജയ് എം. ഗുണ്ട്റൽ പറഞ്ഞു. മൈസൂർ രാജാവായിരുന്ന ടിപ്പു സുൽത്താന്‍റെ ജന്മദിനമാണ് ടിപ്പു ജയന്തിയായി ആഘോഷിക്കുന്നത്.
2015ൽ സംസ്ഥാന സർക്കാറിന് കീഴിൽ സംസ്ഥാനത്ത് വിപുലമായി ടിപ്പു ജയന്തി ആഘോഷിച്ചിരുന്നു. എന്നാൽ, ബി.ജെ.പി അധികാരത്തിൽ എത്തിയതിന് പിറകെ 2019ൽ ടിപ്പു ജയന്തി ആഘോഷം സർക്കാർ നിർത്തുകയായിരുന്നു.
ഹുബ്ബള്ളിയിലെ ഈദ്ഗാഹ് മൈതാനത്തിൽ ഗണേശ ചതുർഥി ആഘോഷിക്കാൻ കഴിഞ്ഞ ആഗസ്റ്റിൽ ഹിന്ദുത്വ സംഘടനകൾക്ക് ഹുബ്ബള്ളി മേയർ അനുമതി നൽകിയിരുന്നു. ഈ അനുമതി റദ്ദാക്കാൻ കർണാടക ഹൈകോടതി വിസമ്മതിക്കുകയും ചെയ്തിരുന്നു.
ഇത്തവണ എ.ഐ.എം.ഐ.എം, സമസ്ത സൈനിക് ദള, ചില ദലിത് സംഘടനകൾ എന്നിവർ ഹുബ്ബള്ളി ഈദ്ഗാഹ് മൈതാനത്ത് ടിപ്പു ജയന്തി ആഘോഷത്തിന് അനുമതി നൽകണമെന്ന് ആവശ്യപ്പെട്ട് അപേക്ഷ നൽകുകയായിരുന്നു. ശ്രീരാമസേനയുടെ നേതൃത്വത്തിൽ ഹിന്ദുത്വ സംഘടനകൾ ഇവിടെ കനകദാസ ജയന്തി ആഘോഷിക്കണമെന്ന് ആവശ്യപ്പെട്ട് അപേക്ഷ നൽകിയിരുന്നു. ടിപ്പു ജയന്തി ആഘോഷിക്കുന്നത് സംഘർഷത്തിന് ഇടയാക്കുമെന്ന് ശ്രീരാമസേന നേതാവ് പ്രമോദ് മുത്തലിക് പറഞ്ഞു.
മുസ്ലിംകളുടെ ഉടമസ്ഥതയിലുള്ള സംസ്ഥാനത്തെ വിവിധയിടങ്ങളിലെ ഈദ്ഗാഹ് മൈതാനങ്ങളിൽ ബി.ജെ.പി സർക്കാറിന്‍റെ ഇടപെടലുകൾക്ക് വഴിയൊരുക്കുകയും അതുവഴി ഹിന്ദുത്വരുടെ പരിപാടികൾക്കായി വിട്ടുനൽകാനുമുള്ള ശ്രമങ്ങൾ സജീവമാണെന്നും മുസ്ലിം സംഘടനകൾ ആരോപിക്കുന്നു. 200ലധികം വർഷങ്ങളായി മുസ്‍ലിംകളുടെ ഉടമസ്ഥതയിലുള്ള മൈതാനങ്ങളാണിവ.
ബംഗളൂരു ചാമരാജ്പേട്ടിലെ ഈദ്ഗാഹ് മൈതാനത്ത് ഗണേശചതുർഥി ആഘോഷത്തിന് അനുമതി നൽകിയത് കഴിഞ്ഞ ആഗസ്റ്റിൽ ഹൈകോടതി റദ്ദാക്കിയിരുന്നു. 200 വർഷമായി തുടരുന്ന രീതി ഇക്കാര്യത്തിൽ തുടർന്നും പാലിക്കണമെന്നായിരുന്നു അന്ന് കോടതി പറഞ്ഞത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.