ടിപ്പുവിന്റെ ഘാതകർ; സിനിമയിൽനിന്ന് ബി.ജെ.പി മന്ത്രി പിന്മാറി
text_fieldsബംഗളൂരു: ചരിത്രസത്യത്തിന് വിരുദ്ധമായി ടിപ്പു സുൽത്താന്റെ അന്ത്യവുമായി ബന്ധപ്പെട്ട സിനിമ നിർമാണത്തിൽനിന്ന് ബി.ജെ.പി മന്ത്രിയും നിർമാതാവുമായ മുനിരത്ന ഒടുവിൽ പിന്മാറി.
വിവിധയിടങ്ങളിൽനിന്ന് എതിർപ്പുയർന്നതോടെയാണ് ഹോർട്ടികൾചർ മന്ത്രി നിലപാട് മാറ്റിയത്. സംസ്ഥാനത്തെ പ്രമുഖരായ വൊക്കലിഗ സമുദായത്തിലെ പോരാളികളായിരുന്ന ഉരിഗൗഡ, ദൊഡ്ഡനഞ്ചഗൗഡ എന്നിവർ തങ്ങളാണ് ടിപ്പുവിനെ വധിച്ചതെന്ന് അവകാശപ്പെട്ടിരുന്നു. ഇതുസംബന്ധിച്ച സിനിമയെടുക്കുമെന്നാണ് മുനിരത്ന അറിയിച്ചിരുന്നത്. ‘ഉരി ഗൗഡ-നഞ്ചെ ഗൗഡ’ എന്ന് പേരിട്ടിരുന്ന സിനിമ കർണാടക ഫിലിം ചേംബർ ഓഫ് കോമേഴ്സിൽ രജിസ്റ്റർ ചെയ്യുകയും ചെയ്തു.
മുനിരത്നയുടെ കമ്പനിയായ വൃഷഭവതി പ്രൊഡക്ഷൻസിന്റെ ബാനറിലായിരുന്നു നിർമാണം പ്രഖ്യാപിച്ചിരുന്നത്. മേയ് 18ന് ഷൂട്ടിങ് തുടങ്ങുമെന്നും അറിയിച്ചിരുന്നു. എന്നാൽ, സിനിമ സംബന്ധിച്ച് മൈസൂരു മേഖലയിൽ വ്യാപക എതിർപ്പുയർന്നിരുന്നു. ‘വൊക്കലിഗ സംഘ’യും സിനിമക്കെതിരെ രംഗത്തുവന്നിരുന്നു. വൊക്കലിഗ ആചാര്യനായ ആദിചുഞ്ചനഗിരി നിർമലാനന്ദാന സ്വാമിയും സിനിമയെടുക്കുന്നതിൽനിന്ന് പിന്മാറണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഇതിനാലാണ് പിന്മാറ്റമെന്നും ഒരുവിഭാഗം ജനങ്ങളുടെ വികാരത്തെ വ്രണപ്പെടുത്താൻ ആഗ്രഹിക്കുന്നില്ലെന്നും പിന്നീട് മുനിരത്ന പറഞ്ഞു. ടിപ്പുവിന്റെ വധവുമായി ബന്ധപ്പെട്ട നുണ പ്രചരിപ്പിക്കുകയും അതിലൂടെ വൊക്കലിഗ സമുദായത്തിന്റെ പിന്തുണ നേടുകയുമായിരുന്നു ബി.ജെ.പി ലക്ഷ്യമിട്ടിരുന്നത്.
ടിപ്പു സുൽത്താനെക്കുറിച്ച് തെറ്റായ സന്ദേശം നൽകുന്നുവെന്ന് ആരോപണമുയർന്ന ‘ടിപ്പു നിജ കനസുഗളു’ എന്ന നാടകം വന്നതോടെയാണ് ടിപ്പുവിനെ കൊന്നത് വൊക്കലിഗ പോരാളികളാണെന്ന അവകാശവാദത്തിന് പ്രചാരം ലഭിക്കുന്നത്. അദ്ദണ്ഡ കരിയപ്പയാണ് ഈ നാടകത്തിന്റെ സംവിധായകൻ. അതേസമയം, ജനങ്ങളെ ബി.ജെ.പി തെറ്റിദ്ധരിപ്പിക്കുകയാണെന്നും ചരിത്രസത്യങ്ങളെ വളച്ചൊടിക്കുകയാണെന്നും കോൺഗ്രസ് ആരോപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.