വെടിപ്പാകും; ബംഗളൂരു നഗരം മാലിന്യമുക്തമാക്കാൻ വരുന്നു 11 പദ്ധതികൾ
text_fieldsബംഗളൂരു: നഗരാന്തരീക്ഷം മാലിന്യമുക്തമാക്കാൻ 11 വമ്പൻ പദ്ധതികൾ വരുന്നു. ഇവക്ക് സംസ്ഥാന സർക്കാർ അനുമതി നൽകി. പതിനഞ്ചാമത് ഫിനാൻസ് കമീഷനാണ് പദ്ധതികൾക്ക് ഫണ്ട് ലഭ്യമാക്കുക. വാഹനപ്പെരുപ്പമുൾപ്പെടെയുള്ള കാരണത്താൽ നഗരത്തിലെ അന്തരീക്ഷ മലിനീകരണം ഓരോ ദിവസവും രൂക്ഷമാകുന്ന സാഹചര്യത്തിലാണ് സർക്കാർ ഇടപെടൽ. ജനങ്ങൾ പൊതുഗതാഗതം കൂടുതലായി ഉപയോഗിച്ചാൽ സ്വകാര്യവാഹനങ്ങളുടെ എണ്ണംകുറച്ച് മലിനീകരണം നിയന്ത്രിക്കാനാകുമെന്നാണ് പ്രതീക്ഷ. മലിനീകരണം കുറക്കാനായി മറ്റു പല മാർഗങ്ങളും സ്വീകരിക്കാനും സർക്കാർ ലക്ഷ്യമിടുന്നു. ബൃഹത് ബംഗളൂരു മഹാനഗര പാലികെ (ബി.ബി.എം.പി.), ബംഗളൂരു മെട്രോപോളിറ്റൻ ട്രാൻസ്പോർട്ട് കോർപറേഷൻ (ബി.എം.ടി.സി), ഹോർട്ടികൾചർ വകുപ്പ്, ഡയറക്ടറേറ്റ് ഓഫ് അർബൻ ലാൻഡ് ട്രാൻസ്പോർട്ട് (ഡി.യു.എൽ.ടി) എന്നിവയാണ് പുതിയ പദ്ധതികൾ നടപ്പാക്കുക.
ആകെ 140 കോടി രൂപയുടെ പദ്ധതികളാണ് നടപ്പാക്കുന്നത്. ബസ് ഡിപ്പോകൾ വൈദ്യുതീകരിക്കൽ, അഞ്ച് ഡബിൾ ഡക്കർ ബസുകൾ വാങ്ങൽ, പൊതുഗതാഗതം പ്രോത്സാഹിപ്പിക്കൽ, 100 വൈദ്യുത ഫീഡർ ബസുകൾ വാങ്ങൽ എന്നിവയാണ് ബി.എം.ടി.സി നടപ്പാക്കുന്ന പദ്ധതികൾ.
ഇതിൽ ബസ് ഡിപ്പോകൾ വൈദ്യുതീകരിക്കാൻ 20 കോടി രൂപയും ഡബിൾ ഡക്കർ ബസുകൾക്കായി പത്തുകോടി രൂപയും ഉൾപ്പെടുത്തും. പൊതുഗതാഗതം പ്രോത്സാഹിപ്പിക്കുന്നതിനുള്ള പ്രവർത്തനങ്ങൾക്ക് കോടി രൂപയും വൈദ്യുത ഫീഡർ ബസുകൾക്കായി 13 കോടി രൂപയുമാണ് കണക്കാക്കുന്നത്.
മെക്കാനിക്കൽ സ്ട്രീറ്റ് സ്വീപ്പിങ് മെഷീനുകൾ ലഭ്യമാക്കൽ, നടപ്പാതകളുടെ നിർമാണം, വെർട്ടിക്കൽ ഗാർഡനുകൾ സ്ഥാപിക്കൽ, ട്രാൻസ്പോർട്ട് കൺസ്ട്രക്ഷൻ മാലിന്യങ്ങൾ ശേഖരിക്കുക, പാർക്കുകൾ വികസിപ്പിക്കുക എന്നീ കാര്യങ്ങളാണ് ബി.ബി.എം.പി. ചെയ്യേണ്ടത്. ഇതിൽ തെരുവു ശുചീകരിക്കുന്ന യന്ത്രത്തിന് 30 കോടി രൂപയും നടപ്പാതകൾക്കായി 30 കോടി രൂപയും വെർട്ടിക്കൽ ഗാർഡനുകൾക്കായി അഞ്ചു കോടി രൂപയും മാലിന്യ ശേഖരണത്തിനായി 20 കോടി രൂപയും പാർക്കുകളുടെ വികസനത്തിനായി അഞ്ചു കോടി രൂപയുമാണ് കണക്കാക്കിയിരിക്കുന്നത്. നഗരത്തിൽ നിലവിൽതന്നെ നിരവധി ഇലക്ട്രിക് ബസുകളാണ് പൊതുഗതാഗതത്തിനായി ഉപയോഗിക്കുന്നത്. ശബ്ദരഹിത സുഖ യാത്രക്കൊപ്പം പരിസ്ഥിതി മലിനീകരണം കുറക്കാനും ഇതുമൂലം സാധിക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.