ഐക്യസാധ്യത തേടി പ്രതിപക്ഷ പാർട്ടികളുടെ രണ്ടാം യോഗം ഇന്ന്
text_fieldsബംഗളൂരു: ലോക്സഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി ഐക്യസാധ്യത തേടി ബംഗളൂരുവിൽ പ്രതിപക്ഷ പാർട്ടികളുടെ രണ്ടാം യോഗം. ഓർഡിനൻസ് വിവാദത്തിൽ കോൺഗ്രസിനോടിടഞ്ഞ ആം ആദ്മി പാർട്ടി അവസാന നിമിഷം യോഗത്തിൽ പങ്കെടുക്കുമെന്ന് അറിയിച്ചത് ഐക്യ ശ്രമങ്ങൾക്ക് ഉണർവ് നൽകിയിട്ടുണ്ട്. നഗരത്തിലെ ഹോട്ടലിൽ തിങ്കൾ, ചൊവ്വ ദിവസങ്ങളിലായാണ് പ്രതിപക്ഷ നേതാക്കൾ സംഗമിക്കുക. ജൂൺ 23ന് പട്നയിൽ നടന്ന ആദ്യ യോഗത്തിൽ 15 പാർട്ടികളാണ് പങ്കെടുത്തിരുന്നത്. രണ്ടാം യോഗത്തിൽ 24 പാർട്ടികൾക്ക് ക്ഷണമുണ്ട്.
പട്നയിൽ നടന്ന യോഗം ഒരു സൂചന മാത്രമായിരുന്നെങ്കിൽ ബംഗളൂരുവിൽ നടക്കാനിരിക്കുന്ന യോഗം ഏറെ നിർണായകമാണ്. ലോക്സഭ തെരഞ്ഞെടുപ്പിൽ ബി.ജെ.പിക്കെതിരെ ഏതുതരം തന്ത്രങ്ങൾ സ്വീകരിക്കണമെന്നത് സംബന്ധിച്ച സുപ്രധാന ചർച്ചകളും തീരുമാനങ്ങളും യോഗം കൈക്കൊള്ളും. തിങ്കളാഴ്ച രാവിലെ മുതൽ നേതാക്കൾ എത്തിത്തുടങ്ങും.
കോൺഗ്രസ് പാർലമെന്ററി പാർട്ടി ചെയർപേഴ്സൻ സോണിയ ഗാന്ധിയും രാഹുൽ ഗാന്ധിയും യോഗത്തിൽ പങ്കെടുക്കും. സോണിയയുടെ നേതൃത്വത്തിൽ പ്രതിപക്ഷ പാർട്ടി നേതാക്കൾക്കായി തിങ്കളാഴ്ച അത്താഴ വിരുന്നൊരുക്കിയിട്ടുണ്ട്. എന്നാൽ, അത്താഴവിരുന്നിൽ തൃണമൂൽ കോൺഗ്രസ് അധ്യക്ഷ മമത ബാനർജി പങ്കെടുക്കില്ലെന്നാണ് അറിയിച്ചത്. ഹെലികോപ്ടർ അപകടത്തിൽ കാലിന് പരിക്കുള്ള മമതയും പാർട്ടി വക്താവ് ഡെറിക് ഒബ്രിയാനും ചൊവ്വാഴ്ച പങ്കെടുക്കും. ശിവസേന (ഉദ്ധവ് താക്കറെ വിഭാഗം) നേതാക്കളായ ഉദ്ധവ് താക്കറെ, സഞ്ജയ് റാവത്ത്, ആദിത്യ താക്കറെ, ഡി.എം.കെ അധ്യക്ഷനും തമിഴ്നാട് മുഖ്യമന്ത്രിയുമായ സ്റ്റാലിൻ, ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ, ആർ.ജെ.ഡി ചീഫ് ലാലു പ്രസാദ് യാദവ്, ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ, സീതാറാം യെച്ചൂരി (സി.പി.എം.) തുടങ്ങിയ പാർട്ടി നേതാക്കൾ യോഗത്തിനെത്തും.
ആർ.എസ്.പി, ഫോർവേഡ് ബ്ലോക്ക്, മുസ്ലിം ലീഗ്, കേരള കോൺഗ്രസ് (ജോസഫ്), കേരള കോൺഗ്രസ് (മാണി), എം.ഡി.എം.കെ, കെ.ഡി.എം.കെ തുടങ്ങിയ പാർട്ടികളും പങ്കെടുക്കും. അതേസമയം, ജെ.ഡി-എസ്, ബി.ആർ.എസ് എന്നിവ യോഗത്തിൽ പങ്കെടുക്കില്ലെന്ന് അറിയിച്ചിട്ടുണ്ട്. വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരടക്കം പങ്കെടുക്കുന്ന ചടങ്ങായതിനാൽ ബംഗളൂരു കനത്ത സുരക്ഷ വലയത്തിലാണ്.
ഡൽഹി ഓർഡിനൻസ് കോൺഗ്രസ് എതിർക്കും; യോഗത്തിന് എ.എ.പിയും
ന്യൂഡൽഹി: ലോക്സഭ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയെ നേരിടാനുള്ള തന്ത്രങ്ങള്‍ ചര്‍ച്ച ചെയ്യാൻ തിങ്കളാഴ്ച ബംഗളൂരുവിൽ നടക്കുന്ന പ്രതിപക്ഷ പാര്‍ട്ടികളുടെ രണ്ടാം സംയുക്ത യോഗത്തിൽ ആം ആദ്മി പാർട്ടി പങ്കെടുക്കും.
ഡൽഹി ഓർഡിനൻസിനെതിരെ കോൺഗ്രസ് നിലപാട് പരസ്യമാക്കിയതോടെയാണ് ഞായറാഴ്ച വൈകീട്ട് ചേർന്ന ആം ആദ്മി പാർട്ടി രാഷ്ട്രീയകാര്യ സമിതി ബംഗളൂരു യോഗത്തിൽ പങ്കെടുക്കാൻ തീരുമാനിച്ചത്.
ഡല്‍ഹിയിലെ ഉദ്യോഗസ്ഥരുടെ മേലുള്ള അധികാരം ഡല്‍ഹി സര്‍ക്കാറിനാണെന്ന സുപ്രീംകോടതി വിധി മറികടക്കാന്‍ കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന ഓര്‍ഡിനന്‍സ് വിഷയത്തിൽ കോണ്‍ഗ്രസിന്റെ നിലപാട് വ്യക്തമാണെന്നും പാര്‍ലമെന്റില്‍ എതിര്‍ക്കുമെന്നും എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാല്‍ ഞായറാഴ്ച വാർത്ത ഏജൻസിയോട് പറഞ്ഞിരുന്നു.
സംസ്ഥാനങ്ങളുടെ അധികാരത്തില്‍ ഇടപെടുന്നത് ഫെഡറല്‍ തത്ത്വങ്ങള്‍ക്ക് വിരുദ്ധമാണെന്നാണ് കോണ്‍ഗ്രസ് നിലപാടെന്നും കെ.സി. വേണുഗോപാൽ കൂട്ടിച്ചേർത്തു. ജൂണില്‍ പട്നയില്‍ നടന്ന പ്രതിപക്ഷ പാര്‍ട്ടികളുടെ ആദ്യ യോഗത്തിൽ ആം ആദ്മി പാർട്ടി പങ്കെടുത്തിരുന്നു.
ഓര്‍ഡിനന്‍സിനെ കോണ്‍ഗ്രസ് പിന്തുണക്കുകയാണെങ്കില്‍ ബംഗളൂരു യോഗം ബഹിഷ്കരിക്കുമെന്ന് പിന്നീട് പ്രഖ്യാപിച്ചു. കോൺഗ്രസ് തീരുമാനം സ്വാഗതം ചെയ്ത് രംഗത്തുവന്ന ആം ആദ്മി പാർട്ടി ഉടൻ രാഷ്ട്രീയകാര്യ സമിതി ചേർന്ന് ബംഗളൂരു യോഗത്തിൽ പങ്കെടുക്കാൻ തീരുമാനിച്ചു.
കോണ്‍ഗ്രസ് പിന്തുണയോടെ ആം ആദ്മി നടത്തുന്ന പോരാട്ടത്തിന് കൂടുതല്‍ ശക്തി കൈവന്നതായി പാര്‍ട്ടി നേതാവും ഡല്‍ഹി മന്ത്രിയുമായ ഗോപാല്‍ റായ് പറഞ്ഞു. ഭരണഘടനക്ക് മൂല്യം കല്പിക്കുന്ന ഒരു പാര്‍ട്ടിക്കും ഡല്‍ഹി ഓര്‍ഡിനന്‍സിനെ എതിര്‍ക്കാതിരിക്കാന്‍ കഴിയില്ലെന്നും ഓര്‍ഡിനന്‍സ് രാജ്യവിരുദ്ധമാണെന്നും യോഗത്തിനുശേഷം ആം ആദ്മി വക്താവ് രാഘവ് ഛദ്ദ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.