ബംഗളൂരു-മൈസൂരു എക്സ്പ്രസ് വേ: പ്രതിഷേധം; ടോൾപിരിവ് നീട്ടി
text_fieldsബംഗളൂരു: ബംഗളൂരു-മൈസൂരു ദേശീയപാത 275ലെ എക്സ്പ്രസ് വേയിൽ ടോൾപിരിവ് ആരംഭിക്കുന്നത് ദേശീയപാത അതോറിറ്റി മാർച്ച് 14വരെ നീട്ടിയത് ഗത്യന്തരമില്ലാതെ. ഒഴിവാക്കാനാവാത്ത കാരണങ്ങളാലാണ് പിരിവ് നീട്ടിയതെന്നാണ് ദേശീയപാത പ്രോജക്ട് ഡയറക്ടർ ബി.ടി. ശ്രീധരയുടെ വിശദീകരണം.
പ്രധാനമന്ത്രി നരേന്ദ്ര മോദി മാർച്ച് 11ന് പാത ഉദ്ഘാടനം ചെയ്യാനിരിക്കെ, അതിനുമുമ്പെ ടോൾപിരിവ് ആരംഭിക്കുന്നതിൽ സർക്കാറിനും ബി.ജെ.പി നേതൃത്വത്തിനും താൽപര്യമില്ലെന്നാണ് വിവരം. ടോൾ പിരിവിനെതിരെ സമൂഹമാധ്യമങ്ങളിലും പ്രതിഷേധമുയർന്നിരുന്നു.
ചൊവ്വാഴ്ച എട്ടു മുതൽ ബംഗളൂരു-നിദഘട്ട സെക്ഷനിലെ ആറുവരിപ്പാതയിൽ ടോൾപിരിവ് ആരംഭിക്കുമെന്ന് ദേശീയപാത അതോറിറ്റി അറിയിച്ചിരുന്നു. ടോൾനിരക്ക് സംബന്ധിച്ച വിവരങ്ങളും പ്രസിദ്ധീകരിച്ചു. എന്നാൽ, പ്രതിഷേധമുയർന്നതോടെ അധികൃതർ തീരുമാനം മാറ്റി.
തിങ്കളാഴ്ച ഇതുസംബന്ധിച്ച കത്ത് രാമനഗര ജില്ല അധികൃതർക്ക് ദേശീയപാത പ്രോജക്ട് ഡയറക്ടർ ബി.ടി. ശ്രീധര നൽകി. ആദ്യഘട്ട ടോൾപിരിവ് മാർച്ച് 14ലേക്ക് മാറ്റിയതായും ഇതുസംബന്ധിച്ച് പൊതുജനങ്ങളെ അറിയിക്കണമെന്നുമാണ് കത്തിലെ ഉള്ളടക്കം.
ബംഗളൂരു-നിദഘട്ട സെക്ഷനിൽ സർവിസ് റോഡുകളുടെ പ്രവൃത്തി പൂർത്തിയാകുന്നതുവരെ ടോൾപിരിവ് നീട്ടിയതായി സമൂഹമാധ്യമത്തിൽ പോസ്റ്റിട്ട മൈസൂരു-കുടക് എം.പി പ്രതാപ് സിംഹ, ടോൾനിരക്ക് പുനഃപരിശോധിക്കുന്ന കാര്യം ദേശീയപാത അധികൃതരുമായി ചർച്ച ചെയ്യുമെന്നും അറിയിച്ചു.
കാർ, ജീപ്പ്, വാൻ എന്നിവക്ക് ഒരു വശത്തേക്കുള്ള യാത്രക്ക് 135 രൂപയും ഒരു ദിവസത്തിനകം ഇരുവശത്തേക്കുമുള്ള യാത്രക്ക് 205 രൂപയുമാണ് നിരക്ക്. ബംഗളൂരു മുതൽ മൈസൂരുവരെ 118 കിലോമീറ്റർ വരുന്ന 10 വരി പാതയായാണ് വിഭാവനം ചെയ്തിരിക്കുന്നത്. 56 കിലോമീറ്റർ വരുന്ന ബംഗളൂരു -നിദഘട്ട സെക്ഷനിലെ ആറുവരിപ്പാത പൂർത്തിയായെങ്കിലും സർവിസ് റോഡ് നിർമാണപ്രവൃത്തികൾ അന്തിമഘട്ടത്തിലാണ്.
സർവിസ് റോഡുകൾ പണി പൂർത്തിയാവാത്തതിനാൽ ഓട്ടോയും ബൈക്കുമടക്കമുള്ള ചെറുവാഹനങ്ങൾ പ്രധാന പാതയിലൂടെ തന്നെയാണ് ഈ സെക്ഷനിൽ യാത്രചെയ്യുന്നത്. സർവിസ് റോഡ് ചെറു വാഹനങ്ങൾക്ക് ഗതാഗതയോഗ്യമാക്കിയശേഷമേ ആറുവരിപ്പാതയിൽ ടോൾ പിരിക്കാവൂ എന്ന് യാത്രക്കാർ ചൂണ്ടിക്കാട്ടുന്നു.
കുമ്പളഗോഡിലെ കണിമിണികെയിലാണ് ടോൾപ്ലാസ ആദ്യഘട്ടത്തിൽ തുറക്കുക. നിദഘട്ട മുതൽ മൈസൂരുവരെ വരുന്ന 62 കിലോമീറ്റർ പാതയിൽ മാണ്ഡ്യ ശ്രീരംഗപട്ടണ കെ. ഷെട്ടിഹള്ളിയിലെ ഗണഗുരുവിൽ രണ്ടാം ഘട്ടത്തിൽ ടോൾ പ്ലാസ തുറക്കും. ഓരോ ടോൾ പ്ലാസയിലും ഫാസ്ടാഗ് സൗകര്യത്തോടെയുള്ള 11 ഗേറ്റുകൾ വീതമുണ്ടാകും.
ഓരോ 60 കിലോമീറ്ററിലും ഒരു ടോൾ പ്ലാസ എന്നതാണ് ദേശീയപാത അതോറിറ്റിയുടെ മാർഗനിർദേശം. രണ്ടാം ടോൾ പ്ലാസ കൂടി തുറക്കുന്നതോടെ ബംഗളൂരു ഭാഗത്തുനിന്ന് മൈസൂരു ഭാഗത്തേക്ക് പോകുന്ന മലയാളികളടക്കമുള്ള യാത്രക്കാർക്ക് ചെലവേറും. ബംഗളൂരു മുതൽ മൈസൂരുവരെ 118 കിലോമീറ്റർ പാതയിലെ കാർ യാത്രക്ക് ശരാശരി 255 രൂപ ടോൾ നൽകേണ്ടിവരുമെന്നാണ് കണക്കുകൂട്ടൽ.
ടോൾ പാതകളിൽ കിലോമീറ്ററിന് മൂന്നു രൂപ എന്ന നിരക്കാണ് ദേശീയപാത അതോറിറ്റി നിശ്ചയിച്ചിരിക്കുന്നത്. ബംഗളൂരു- മൈസൂരു പാതയിലെ ആദ്യഘട്ട ടോൾ സെക്ഷന് ഇത് കിലോമീറ്ററിന് 2.50 രൂപയായാണ് നിലവിൽ നിശ്ചയിച്ചത്. അതേസമയം, ബംഗളൂരുവിലെ മറ്റൊരു എക്സ്പ്രസ് വേയായ നൈസ് റോഡിൽ കിലോമീറ്ററിന് ആറ് രൂപ എന്നനിരക്കിലാണ് ടോൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.