പങ്കാളിത്ത പദ്ധതിയുമായി ടോട്ടനമും കിക്ക് സ്റ്റാർട്ട് എഫ്.സിയും
text_fieldsബംഗളൂരു: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ക്ലബ് ടോട്ടനം ഹോട്സ്പറുമായി പങ്കാളിത്ത പദ്ധതിയുമായി ബംഗളൂരുവിലെ ഫുട്ബാൾ ക്ലബായ കിക്ക്സ്റ്റാര്‍ട്ട് എഫ്.സി.
മൂന്നു വര്‍ഷത്തേക്കാണ് കരാര്‍. 2016ൽ സ്ഥാപിതമായ കിക്ക്സ്റ്റാർട്ട് എഫ്.സി ബംഗളൂരു ഡിവിഷൻ ലീഗിലും സംസ്ഥാന തലത്തിലും മികച്ച പ്രകടനം പുറത്തെടുത്തിരുന്നു. ഏറെ കാലത്തിനു ശേഷം കഴിഞ്ഞതവണ കർണാടക സന്തോഷ് ട്രോഫി ജേതാക്കളായ ടീമിൽ കിക്ക് സ്റ്റാർട്ട് എഫ്.സിയിൽനിന്നുള്ള താരങ്ങളുമുണ്ടായിരുന്നു. ക്ലബിന്റെ വനിത ടീം അടുത്തിടെ നടന്ന ഇന്ത്യന്‍ വനിത ലീഗില്‍ റണ്ണേഴ്സ് അപ്പ് ആയിരുന്നു.
വളർന്നുവരുന്ന കളിക്കാർക്കും പരിശീലകര്‍ക്കും മികച്ച അവസരമാണ് ഈ പങ്കാളിത്തത്തിലൂടെ തുറന്നുകിട്ടുന്നതെന്ന് കിക്ക് സ്റ്റാർട്ട് എഫ്.സി അധികൃതർ പറഞ്ഞു. ഭാവിയില്‍ കിക്ക്സ്റ്റാര്‍ട്ട് എഫ്.സിയുടെ യൂത്ത് ടീമിന് യു.കെയില്‍ ടോട്ടനം യൂത്ത് ടീമിനൊപ്പം പരിശീലനം നടത്താനുള്ള അവസരവും ടോട്ടനമിന്റെ ഗ്ലോബല്‍ ഫുട്ബാള്‍ കോച്ചിങ് ടീമില്‍ നിന്നുള്ള സാങ്കേതിക സഹായവും ലഭിക്കും.
ബംഗളൂരുവില്‍ നടന്ന ചടങ്ങില്‍ കിക്ക്സ്റ്റാര്‍ട്ട് എഫ്.സി, ടോട്ടനം ഹോട്സ്പർ ടീം അധികൃതർ ജഴ്സികള്‍ പരസ്പരം കൈമാറി. ടോട്ടനം അംബാസഡര്‍മാരായ ലെഡ്ലെ കിങ്, ഓസ്വാള്‍ഡോ അര്ഡിലെസ്, എ.ഐ.എഫ്.എഫ് വൈസ് പ്രസിഡന്റ് എന്‍.എ. ഹാരിസ് എം.എല്‍.എ, കിക്ക്സ്റ്റാർട്ട് എഫ്.സി സ്ഥാപക ചെയര്മാന് ശേഖര്‍ രാജന്, സ്ഥാപകനും സി.ഇ.ഒ.യുമായ ലക്ഷ്മൺ ഭട്ടറായ് എന്നിവര്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.