കെ.കെ.ജി: നിശ്ശബ്ദനായ സാഹിത്യ സേവകൻ
text_fieldsകെ.കെ. ഗംഗാധരൻ
ബംഗളൂരു: പൊതുവെ പൊതുവേദികളിൽനിന്ന് അകന്നുകഴിഞ്ഞിരുന്ന നിശ്ശബ്ദ സാഹിത്യ സേവകനായിരുന്നു സുഹൃത്തുക്കളും അടുപ്പക്കാരും കെ.കെ.ജി എന്ന് സ്നേഹത്തോടെ വിളിച്ചിരുന്ന കെ.കെ. ഗംഗാധരൻ. മലയാള സാഹിത്യ കൃതികളെ കന്നഡ മൊഴിയിലെത്തിക്കാൻ പതിറ്റാണ്ടുകളായി പ്രവർത്തിച്ചിരുന്ന അദ്ദേഹത്തിന്റെ സാഹിത്യ സപര്യക്കുള്ള അംഗീകാരമായിരുന്നു കഴിഞ്ഞ വർഷം ലഭിച്ച കേന്ദ്രസാഹിത്യ അക്കാദമി അവാർഡ് നേട്ടം.
മലയാളത്തിൽ നിന്ന് കന്നഡയിലേക്ക് മാത്രം വിവർത്തനം ചെയ്യുക എന്നതായിരുന്നു അദ്ദേഹത്തിന്റെ രീതി. തകഴി ശിവശങ്കരപ്പിള്ള, വൈക്കം മുഹമ്മദ് ബഷീർ, എം.ടി. വാസുദേവൻ നായർ, ടി. പത്മനാഭൻ, മലയാറ്റൂർ രാമകൃഷ്ണൻ, പുനത്തിൽ കുഞ്ഞബ്ദുള്ള, യു.കെ. കുമാരൻ, സന്തോഷ് ഏച്ചിക്കാനം, ബെന്യാമിൻ തുടങ്ങി 25 കഥാകൃത്തുക്കളുടെ കഥകളാണ് ‘മലയാള കഥെഗളു’ എന്ന കൃതിയിലൂടെ കന്നഡ മൊഴിയിലെത്തിയത്. 2019ൽ കർണാടക സർക്കാറിന്റെ കുവെംപു ഭാഷാ ഭാരതി പ്രാധികാരയാണ് ഈ പുസ്തകം പ്രസിദ്ധീകരിച്ചത്.
കാസർകോട് പാത്തനടുക്ക സ്വദേശിയായ കെ.കെ. ഗംഗാധരൻ 1979 മുതൽ ബംഗളൂരുവിലാണ് താമസം. കുടകിലെ സോമവാർ പേട്ടിലെ കന്നഡ മീഡിയം സ്കൂളിലായിരുന്നു പഠനം. പിന്നീട് റെയിൽവേ മെയിൽ സർവിസ് ഉദ്യോഗസ്ഥനായി കർണാടകത്തിലെ വിവിധയിടങ്ങളിൽ ജോലി ചെയ്യാൻ കഴിഞ്ഞത് കന്നഡ ഭാഷയുമായുള്ള ബന്ധം വർധിപ്പിച്ചു. ആർ.എം.എസിൽ സർവിസിലിരിക്കെ പോസ്റ്റൽ എംപ്ലോയീസ് യൂനിയൻ ഭാരവാഹിയായും പ്രവർത്തിച്ചിട്ടുണ്ട്. 1978ൽ മൈസൂരുവിൽനിന്ന് പ്രസിദ്ധീകരിച്ചുവന്ന ഒടനടി മാസികയിൽ ‘ഇ.എം.എസ്. നമ്പൂതിരിപ്പാടിന്റെ ചോദ്യോത്തരങ്ങൾ’ ലേഖന പരമ്പര വിവർത്തനം ചെയ്താണ് തർജമ രംഗത്തേക്ക് കടന്നത്.
എട്ടുമാസം തുടർച്ചയായി ഇത് പ്രസിദ്ധീകരിച്ചു. തുടർന്ന് പുനത്തിൽ കുഞ്ഞബ്ദുള്ളയുടെ ‘പാഞ്ചാലിയുടെ ലോകം’ എന്ന ചെറുകഥ കന്നഡ മാസികയായ മല്ലികെക്കുവേണ്ടി വിവർത്തനം ചെയ്തു. പിന്നീട് യു.കെ. കുമാരൻ, എം.ടി. വാസുദേവൻ നായർ, തകഴി ശിവശങ്കരപ്പിള്ള, വൈക്കം മുഹമ്മദ് ബഷീർ, മാധവിക്കുട്ടി തുടങ്ങിയ പ്രമുഖരുടെ കഥകൾ കന്നഡയിലെ സാഹിത്യ പ്രേമികളിലേക്കും മൊഴിമാറ്റിയെത്തിച്ചു.ഇവ കന്നഡ പ്രസിദ്ധീകരണങ്ങളായ സുധ, തരംഗ, മയൂര, തുഷാര തുടങ്ങിയവയിലായിരുന്നു വെളിച്ചം കണ്ടത്. മാധവിക്കുട്ടിയുടെ ഇരുനൂറ്റമ്പത് കഥകൾ കന്നഡയിലേക്ക് വിവർത്തനം ചെയ്തെന്ന പ്രത്യേകതയുമുണ്ട്. നാലു പുസ്തകങ്ങളിലായിട്ടാണ് മാധവിക്കുട്ടിയുടെ കഥകൾ പ്രസിദ്ധീകരിച്ചത്. മാധവിക്കുട്ടി കഥകളുടെ നാലാം ഭാഗം കഴിഞ്ഞ വർഷമാണ് പ്രസിദ്ധീകരിച്ചത്.
കേന്ദ്രസാഹിത്യ അക്കാദമി അവാർഡ് നേടിയ ശേഷം കെ.കെ. ഗംഗാധരനെ ദ്രാവിഡ ഭാഷാ വിവർത്തക സംഘം ആദരിച്ചപ്പോൾ, കെ.കെ. ഗംഗാധരന് റൈറ്റേഴ്സ് ഫോറം ആദരമൊരുക്കിയപ്പോൾ (ഫയൽ ചിത്രങ്ങൾ)
മലയാളിയായ ഡോ. സുഷമ ശങ്കറിന്റെ നേതൃത്വത്തിൽ സജീവമായ ദ്രാവിഡ ഭാഷാ വിവർത്തക സംഘത്തിലെ മുതിർന്ന അംഗം കൂടിയായിരുന്നു അദ്ദേഹം. കേന്ദ്ര സാഹിത്യ പുരസ്കാരം നേടിയ ശേഷം ദ്രാവിഡ ഭാഷാ വിവർത്തക സംഘം, ബംഗളൂരു മലയാളി റൈറ്റേഴ്സ് ആൻഡ് ആർട്ടിസ്റ്റ്സ് ഫോറം തുടങ്ങിയവയുടെ നേതൃത്വത്തിൽ അദ്ദേഹത്തിന് ആദരം നൽകിയിരുന്നു. താൻ മരണമടഞ്ഞാൽ ഒരു മത ചടങ്ങുകളും പാടില്ല എന്ന് അദ്ദേഹം നേരത്തെ പറഞ്ഞുവെച്ചിരുന്നു.
അതു പ്രകാരം ചടങ്ങുകളൊന്നുമില്ലാതെയായിരുന്നു അന്തിമ വേള. ഏതാനും മണിക്കൂറുകൾ മാത്രം ഭൗതിക ശരീരം വീട്ടിൽ പൊതുദർശനത്തിനുവെച്ച ശേഷം മൃതദേഹം മെഡിക്കൽ വിദ്യാർഥികളുടെ പഠനാവശ്യത്തിന് വിട്ടുനൽകാനാണ് തീരുമാനം. കെ.കെ. ഗംഗാധരന്റെ നിര്യാണത്തിൽ ബാംഗ്ലൂർ മലയാളി റൈറ്റേഴ്സ് ആൻഡ് ആർട്ടിസ്റ്റ്സ് ഫോറവും ദ്രാവിഡ ഭാഷാ വിവർത്തക സംഘം പ്രസിഡന്റ് ഡോ. എസ്. സുഷമ ശങ്കറും അനുശോചിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.