ബൈക്കിൽ മൂന്നുപേരുമായി യാത്ര; രജിസ്റ്റർ ചെയ്തത് ഒന്നര ലക്ഷം കേസുകൾ
text_fieldsബംഗളൂരു: ബൈക്കിൽ മൂന്നുപേരുമായി സഞ്ചരിച്ചതിന് ഈ വർഷം രജിസ്റ്റർ ചെയ്തത് 1,49,694 കേസുകൾ. 49,76,400 രൂപയാണ് ഇത്രയും കേസുകളിൽ നിന്നായി പിഴയായി ഈടാക്കിയത്.
കഴിഞ്ഞ വർഷം 1,17,738 കേസുകളാണ് രജിസ്റ്റർ ചെയ്തിരുന്നത്. ബൈക്കിൽ മൂന്നു പേരുമായി സഞ്ചരിക്കുന്നവരിൽ ഭൂരിഭാഗം പേരും ഹെൽമറ്റ് ധരിക്കാറില്ലെന്ന് ട്രാഫിക് പൊലീസ് പറയുന്നു. കഴിഞ്ഞ ശനിയാഴ്ച ബി.ജി.എസ് ഫ്ലൈ ഓവറിൽ മൂന്നുപേരുമായി സഞ്ചരിച്ച ബൈക്ക് ഓട്ടോറിക്ഷയുമായി കൂട്ടിയിടിച്ച് 19കാരനായ ബി.ബി.എ വിദ്യാർഥി മരണപ്പെട്ടിരുന്നു. സംഭവത്തിൽ അശ്രദ്ധമായി വാഹനമോടിച്ചതിനടക്കമാണ് പൊലീസ് കേസെടുത്തത്.
ഇത്തരത്തിലുള്ള സംഭവങ്ങൾ നഗരത്തിൽ വ്യാപകമാണെന്നാണ് സിറ്റി പൊലീസ് പറയുന്നത്. ഇത്തരം നിയമലംഘനങ്ങൾ തടയാൻ എ.ഐ കാമറകൾ കൂടുതലായി ഉപയോഗിക്കാൻ പോവുകയാണെന്ന് ഈസ്റ്റ് ട്രാഫിക് പൊലീസ് ഡെപ്യൂട്ടി കമീഷണർ കുൽദീപ് കുമാർ പറഞ്ഞു. നിയമലംഘനങ്ങൾ കാമറയിൽ പതിഞ്ഞാൽ വാഹനമുടമകൾക്ക് നേരിട്ട് ചലാൻ അയക്കാൻ ഇതോടെ സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സീറ്റ് ബെൽറ്റ് ധരിക്കാത്തതിനെടുത്ത കേസുകളുടെ എണ്ണവും ഈ വർഷം വർധിച്ചിട്ടുണ്ട്. ഒരു ദിവസംതന്നെ ഒരേ കുറ്റകൃത്യത്തിന് വ്യത്യസ്ത സമയങ്ങളിൽ പിടിക്കപ്പെട്ടാൽ ഓരോന്നിനും പിഴയീടാക്കുമെന്ന് പൊലീസ് പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.