നമ്മ മെട്രോ വൈറ്റ്ഫീൽഡ് പാതയിൽ പരീക്ഷണയോട്ടം 25ന്
text_fieldsബംഗളൂരു: നമ്മ മെട്രോ പർപ്പിൾ ലൈനിൽ ബൈയപ്പനഹള്ളി മുതൽ വൈറ്റ്ഫീൽഡ് വരെ പുതിയ പാതയിൽ ഒക്ടോബർ 25ന് പരീക്ഷണയോട്ടം നടക്കും. പരീക്ഷണയോട്ടത്തിനുള്ള മെട്രോ കോച്ചുകൾ കഴിഞ്ഞദിവസം ബൈയപ്പനഹള്ളിയിൽ എത്തിച്ചിരുന്നു. വൈറ്റ്ഫീൽഡ് മുതൽ ഗരുഡാചർ പാളയ വരെ മോട്ടോർ ട്രോളി ഉപയോഗിച്ചുള്ള പരിശോധന പൂർത്തിയാക്കി. മെട്രോ കോച്ചുകൾ ഉപയോഗിച്ചുള്ള പരീക്ഷണയോട്ടം പൂർത്തിയാവുന്നതോടെ ഈ പാതയിലെ സ്റ്റേഷനുകളുടെ നിർമാണം വേഗത്തിലാക്കുമെന്ന് ബി.എം.ആർ.സി.എൽ എം.ഡി അൻജും പർവേസ് പറഞ്ഞു.
അടുത്തവർഷം ജനുവരി അവസാനത്തോടെ സ്റ്റേഷൻ നിർമാണമടക്കം പൂർത്തിയാക്കി ഫെബ്രുവരി ആദ്യ ആഴ്ചയിൽ റെയിൽ സുരക്ഷ കമീഷണറെ പരിശോധനക്കായി വിളിക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ഇത്തവണ ഡിജിറ്റൽ ഉപകരണങ്ങളുടെ സഹായത്തോടെയാണ് സമാന്തര ട്രാക്കുകളുടെ അലൈൻമെന്റ് പരിശോധിച്ചത്. നമ്മ മെട്രോയിൽ ആദ്യമായാണ് ഇതിന് ഡിജിറ്റൽ സംവിധാനം ഉപയോഗിക്കുന്നത്. ബൈയപ്പനഹള്ളി- കെ.ആർ പുരം പാത കഴിഞ്ഞ മാസം തുറന്നുനൽകുമെന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്. എന്നാൽ, കനത്ത മഴയും വെള്ളക്കെട്ടും കാരണം പ്രവൃത്തി തടസ്സപ്പെട്ടു. ബൈയപ്പനഹള്ളി മുതൽ വൈറ്റ് ഫീൽഡ് വരെ 15 കിലോമീറ്റർ ആർ വൺ എ, ആർ വൺ ബി എന്നീ റീച്ചുകളിലായാണ് പൂർത്തിയാക്കുന്നത്. ബൈയപ്പനഹള്ളി മുതൽ സീതാരാമ പാളയ വരെ 8.67 കിലോമീറ്ററാണ് ആർ വൺ എയിൽ ഉൾപ്പെട്ടിട്ടുള്ളത്. സീതാരാമ പാളയ മുതൽ വൈറ്റ് ഫീൽഡ് വരെ 7.14 കിലോമീറ്റർ ആർ വൺ ബി റീച്ചിലും ഉൾപ്പെടുത്തിയാണ് പൂർത്തിയാക്കുന്നത്. ബൈയപ്പനഹള്ളിക്കും കെ.ആർ പുരത്തിനുമിടയിൽ ബെന്നിഗന ഹള്ളി എന്ന സ്റ്റോപ്പാണ് ഉണ്ടാവുക. കെ.ആർ പുരത്തിനും വൈറ്റ്ഫീൽഡിനുമിടയിൽ മഹാദേവപുര, ഗരുഡാചർപാളയ, ഹൂഡി ജങ്ഷൻ, സീതാരാമ പാളയ, കുന്ദലഹള്ളി, നല്ലൂർഹള്ളി, ശ്രീ സത്യസായി ഹോസ്പിറ്റൽ, പട്ടന്തുർ അഗ്രഹാര, കാഡുഗൊഡി, ചന്നസാന്ദ്ര എന്നീ സ്റ്റോപ്പുകളുമുണ്ടാകും. വൈറ്റ്ഫീൽഡ് മേഖലയിൽനിന്ന് ദിനേന സിറ്റി ഭാഗത്തേക്ക് യാത്രചെയ്യുന്ന ആയിരക്കണക്കിന് യാത്രക്കാർക്ക് പുതിയ മെട്രോ പാത ഉപകാരപ്പെടും. നിലവിൽ കനത്ത ഗതാഗതക്കുരുക്കിൽ രണ്ടു മണിക്കൂറിലേറെ ചെലവഴിച്ചാണ് ഈ റൂട്ടിലെ യാത്ര.
പർപ്പിൾ ലൈനിൽ മൈസൂരു റോഡ് മുതൽ കെങ്കേരി വരെ പുതിയ പാതയിൽ മാസങ്ങൾക്കുമുമ്പ് മെട്രോ ഓടിത്തുടങ്ങിയിരുന്നു. കെങ്കേരി മുതൽ ചെല്ലഘട്ട വരെയുള്ള പാതയുടെ പ്രവൃത്തി അടുത്ത വർഷം പൂർത്തിയാക്കാനാണ് ബി.എം.ആർ.സി.എൽ ലക്ഷ്യമിടുന്നത്. നമ്മ മെട്രോ രണ്ടാംഘട്ട പദ്ധതിയിൽ ഇതുവരെ ഗ്രീൻ ലെനിൽ സിൽക്ക് ഇൻസ്റ്റിറ്റ്യൂട്ട് മുതൽ യെലച്ചനഹള്ളി വരെയും പർപ്പിൾ ലൈനിൽ മൈസൂരു റോഡ് മുതൽ കെങ്കേരി വരെയും രണ്ട് പാതകളാണ് യാത്രക്കായി തുറന്നുനൽകിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.