കൊലയാളിയാനയെ പിടിക്കാൻ ശ്രമം
text_fieldsബംഗളൂരു: രണ്ടുപേരെ കൊലപ്പെടുത്തിയ കാട്ടാനയെ പിടികൂടാൻ ശ്രമം ഊർജിതം. ദക്ഷിണ കന്നടയിലെ കദബ പുത്തൂർ രെഞ്ചിലടിയിൽ രണ്ടുപേരെ കൊന്ന കാട്ടാനയെ പിടികൂടി മെരുക്കാനാണ് പരിശീലനം ലഭിച്ച ആനകളും പാപ്പാൻമാരും വനംവകുപ്പ് ജീവനക്കാരുമടങ്ങുന്ന സംഘം യത്നിക്കുന്നത്. നാഗർഹോളെ, ദുബാരെ ആന സങ്കേതങ്ങളിൽ നിന്നുള്ള അഭിമന്യു, പ്രശാന്ത്, ഹർഷ, കാഞ്ചൻ, മഹേന്ദ്ര എന്നീ താപ്പാനകളാണ് എത്തിയത്. സുള്ള്യ, പഞ്ച, സുബ്രഹ്മണ്യ റേഞ്ചുകളിൽ നിന്നുള്ള 50 വനപാലകരാണ് ജില്ല ഫോറസ്റ്റ് കൺസർവേറ്റർ ഡോ. ദിനേശ് കുമാറിന്റെ നേതൃത്വത്തിൽ രംഗത്തുള്ളത്. പരിശീലനം ലഭിച്ച 30 പാപ്പാന്മാരും ഒപ്പമുണ്ട്.
ഇതിനിടെ, അക്രമകാരികളായ ആനകളെ കണ്ടെത്താൻ ഡ്രോൺ ഉപയോഗിക്കുന്നുണ്ട്. അഞ്ച് വർഷമായി ആനശല്യത്തെക്കുറിച്ച് ആവർത്തിച്ച് പരാതിപ്പെട്ടിട്ടും അധികാരികൾ അലംഭാവം കാണിക്കുന്നതായി നാട്ടുകാർ കുറ്റപ്പെടുത്തുന്നു. തിങ്കളാഴ്ച രാവിലെയാണ് രഞ്ജിത (21), രമേശ് റായി നയില (55) എന്നിവരെ കാട്ടാന കൊന്നത്. പേരട്ക്ക പാൽ സൊസൈറ്റിയിലെ ജീവനക്കാരിയായിരുന്ന രഞ്ജിത രാവിലെ ജോലിക്ക് പോകവേയാണ് കാട്ടാന ആക്രമിച്ചത്. നിലവിളി കേട്ട് രക്ഷിക്കാനെത്തിയ രമേശിനെയും കാട്ടാന ആക്രമിക്കുകയായിരുന്നു.
രണ്ടുപേരുടെ കുടുംബങ്ങൾക്ക് ജില്ല അധികൃതർ 15 ലക്ഷം രൂപ വീതം നഷ്ടപരിഹാരം പ്രഖ്യാപിച്ചിരിക്കുകയാണ്. മരിച്ച യുവതിയുടെ സഹോദരന് ജോലി നൽകാമെന്നും പ്രഖ്യാപിച്ചിട്ടുണ്ട്. ഈ മേഖലയിൽ മാസങ്ങളായി കാട്ടാന ശല്യം രൂക്ഷമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.