പുലിനഖ ലോക്കറ്റ് അണിഞ്ഞ രണ്ട് പൂജാരിമാർ പിടിയിൽ
text_fieldsമംഗളൂരു: പുലിനഖം ഉപയോഗിച്ചുള്ള ലോക്കറ്റ് ധരിച്ചതിന് ചിക്കമഗളൂരുവിൽ രണ്ട് പൂജാരിമാരെ അറസ്റ്റ് ചെയ്തു. ഖണ്ഡ്യ മർകണ്ഠേശ്വര ക്ഷേത്രം പൂജാരിമാരായ കൃഷ്ണാനന്ദ ഹൊള്ള (63), നാഗേന്ദ്ര ജോയ്സ് (41) എന്നിവരെയാണ് വനം അധികൃതർ അറസ്റ്റ് ചെയ്തതെന്ന് ചിക്കമഗളൂരു ജില്ല പൊലീസ് സൂപ്രണ്ട് വിക്രം അമഥെ പറഞ്ഞു. മൂന്ന് ലോക്കറ്റുകൾ പിടിച്ചെടുത്തു. ഇവ രാസപരിശോധനക്ക് വിധേയമാക്കുമെന്ന് വനം അധികൃതർ അറിയിച്ചു. അതേസമയം, വന്യമൃഗങ്ങളുടെ നഖങ്ങള്‍, പല്ലുകള്‍, തോല് എന്നിവയുള്‍പ്പെടെയുള്ള അവശിഷ്ടങ്ങള്‍ കൈവശം വെക്കുന്നവര്ക്കെതിരെയുള്ള നടപടികള്‍ക്ക് നേതൃത്വം നല്‍കുന്നതിന് വനം വകുപ്പ് ഉന്നതതല സമിതിക്ക് രൂപം നല്കി. അഡീഷനല്‍ ചീഫ് ഫോറസ്റ്റ് കണ്‍സർവേറ്ററാണ് സമിതി അധ്യക്ഷന്‍.
പുലിനഖം ലോക്കറ്റ് ധരിച്ചുവെന്നാരോപിച്ച് കന്നഡ ബിഗ് ബോസ് മത്സരാര്‍ഥിയായ വര്‍ത്തൂര്‍ സന്തോഷിനെ വനം വകുപ്പ് അധികൃതര്‍ അറസ്റ്റ് ചെയ്തതിന് പിന്നാലെ കർണാടകയിൽ സെലിബ്രിറ്റികളുടെ വീടുകളില്‍ റെയ്ഡ് നടത്തിയിരുന്നു. കന്നട സൂപ്പര്‍ താരം തൂഗുദീപ് ദര്ശന്, നടന് വിനയ് ഗുരുജി, ബിദനഗരെ ശനീശ്വര ക്ഷേത്രത്തിലെ പൂജാരി ധനഞ്ജയ് ഗുരുജി എന്നിവരുമായി ബന്ധപ്പെട്ടയിടങ്ങളിലായിരുന്നു പരിശോധന.
വന്യജീവി സംരക്ഷണ നിയമ പ്രകാരം കടുവ, സിംഹം, മാൻ തുടങ്ങിയ വന്യമൃഗങ്ങളെ കൊല്ലുന്നതും അവയുടെ നഖം, തോൽ, കൊമ്പ് തുടങ്ങിയവ സൂക്ഷിക്കുന്നതും വിൽപന നടത്തുന്നതും കുറ്റകരമാണ്. ചിക്കമഗളൂരുവിൽ മൂന്നു പേരെ വനം ഉദ്യോഗസ്ഥർ ചോദ്യം ചെയ്യുന്നുണ്ട്. തുംകുരുവിൽ നിന്ന് പരാതികൾ ലഭിച്ചിട്ടുണ്ടെന്ന് വനം അഡി. ചീഫ് പ്രിൻസിപ്പൽ കൺസർവേറ്റർ കുമാർ പുഷ്കർ പറഞ്ഞു.
ബുധനാഴ്ച നടന് ദര്‍ശന്റെ വീട്ടില്‍ പരിശോധന നടത്തിയ വനം വകുപ്പ് അധികൃതര്‍ രാജ്യസഭാംഗം ജഗ്ഗേഷ്, എച്ച്.ഡി. കുമാരസ്വാമിയുടെ മകനും നടനുമായ നിഖില്‍ കുമാരസ്വാമി, നിര്‍മാതാവ് റോക്ക്ലൈന് വെങ്കടേഷ് എന്നിവര്‍ക്ക് നോട്ടീസ് നല്‍കിയിട്ടുണ്ട്. പുലിനഖ ലോക്കറ്റ് അണിഞ്ഞുകൊണ്ടുള്ള ചിത്രം പ്രചരിച്ചതിനെത്തുടര്‍ന്നാണ് നടപടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.