ബി.ജെ.പി വിട്ട യു.ബി. ബനാകർ കോൺഗ്രസിൽ ചേർന്നേക്കും
text_fieldsബംഗളൂരു: ബി.ജെ.പിവിട്ട കർണാടകയിലെ മുൻ എം.എൽ.എയും കർണാടക വെയർഹൗസിങ് കോർപറേഷൻ ചെയർമാനുമായ യു.ബി. ബനാകർ കോൺഗ്രസിൽ ചേരുമെന്ന് സൂചന. ഹാവേരിയിലെ ഹിരെകെരൂർ മണ്ഡലത്തെ രണ്ടുതവണ പ്രതിനിധാനംചെയ്ത നേതാവാണ് ബനാകർ. കഴിഞ്ഞ ദിവസം വെയർഹൗസിങ് കോർപറേഷൻ ചെയർമാൻ സ്ഥാനവും വീരശൈവ ലിംഗായത്ത് വികസന കോർപറേഷൻ ഡയറക്ടർ സ്ഥാനവും അദ്ദേഹം രാജിവെച്ചിരുന്നു.
2018ൽ ഹിരെകെരൂർ മണ്ഡലത്തിൽനിന്ന് വിജയിച്ച കോൺഗ്രസ് സ്ഥാനാർഥി ബി.സി. പാട്ടീൽ രാജിവെച്ച് ബി.ജെ.പിയിൽ ചേർന്നതിനെത്തുടർന്ന് 2019ൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ സ്ഥാനാർഥിയാക്കണമെന്നാവശ്യപ്പെട്ട് യു.ബി. ബനാകർ രംഗത്തെത്തിയിരുന്നു. പക്ഷേ, പാട്ടീലിനെയാണ് ബി.ജെ.പി സ്ഥാനാർഥിയാക്കിയത്.
ഇതിന്റെ അതൃപ്തി ബനാകറിനുണ്ടായിരുന്നു. നിലവിൽ കൃഷിമന്ത്രിയായ ബി.സി. പാട്ടീലും പാർട്ടിയും മണ്ഡലത്തിൽ തന്നെ അവഗണിക്കുകയാണെന്ന് ആരോപിച്ചാണ് രാജി.
നിയമസഭ തെരഞ്ഞെടുപ്പ് അടുത്തുവരവെ മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയുടെ ജില്ലയായ ഹാവേരിയിലെ നേതാവ് പാർട്ടിവിട്ടത് ബി.ജെ.പി.ക്ക് തിരിച്ചടിയായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.