ഉബർ, ഒലെ ഓട്ടോറിക്ഷകൾക്ക് നിരോധം വരുന്നു
text_fieldsബംഗളൂരു: ഉബർ, ഒല എന്നീ ആപ്പ് അടിസ്ഥാനമാക്കിയുള്ള ഓട്ടോറിക്ഷ ടാക്സികളെ കർണാടകയിൽ നിരോധിക്കുന്നു. ഇവ നിയമവിരുദ്ധമാണെന്ന് സർക്കാർ പ്രഖ്യാപിച്ചു. 'ഓൺ ഡിമാൻഡ് ട്രാൻസ്പോർട്ടേഷൻ ടെക്നോളജി ആക്ട് 2016' പ്രകാരം ഇത്തരം ടാക്സികൾ അടുത്ത ദിവസങ്ങളിൽ സംസ്ഥാനത്ത് നിരോധിക്കും. ഇതോടൊപ്പം ബൈക്ക് ടാക്സിയായ 'റാപിഡോ'ക്കും നിരോധനത്തിന് സാധ്യതയുണ്ട്. ഇതുസംബന്ധിച്ച് മറുപടി നൽകാൻ കമ്പനികൾക്ക് മൂന്നുദിവസത്തെ സമയം നൽകി സർക്കാർ നോട്ടീസ് നൽകിയിട്ടുണ്ട്. നിയമമനുസരിച്ച് ഓട്ടോറിക്ഷകൾക്ക് ഇത്തരത്തിൽ ടാക്സി സർവിസ് നടത്താൻ നിലവിൽ അനുമതി ഇല്ല. നിയമപ്രകാരം ൈഡ്രവർക്ക് പുറമേ ആറ് യാത്രക്കാർക്ക് മാത്രം ഇരിപ്പിടമുള്ള കാബുകളെയാണ് ടാക്സി എന്നതുകൊണ്ട് വിവക്ഷിക്കുന്നത്. ഇത്തരത്തിൽ ഇവക്ക് പൊതുഗതാഗത സേവനത്തിന് താൽക്കാലിക അനുമതിയാണ് നിയമത്തിന് കീഴിൽ നൽകുന്നത്. നേരത്തേതന്നെ ഓട്ടോറിക്ഷകൾക്ക് ഇത്തരത്തിൽ സർവിസുകൾ നടത്താനുള്ള അനുമതി ഗതാഗതവകുപ്പ് നൽകിയിരുന്നില്ല. എന്നാൽ യാത്രക്കാരുടെ സൗകര്യം പരിഗണിച്ച് നടപടിയെടുത്തിരുന്നില്ല. കമ്പനികൾ തൃപ്തികരമായ മറുപടി നൽകുന്നതിൽ പരാജയപ്പെട്ടാൽ അടുത്തയാഴ്ചയോടെ ഇവക്കെതിരെ നടപടി വരുമെന്നും അധികൃതർ പറഞ്ഞു.
അനുമതിയില്ലാതെ ഓട്ടോ ടാക്സികൾ ഓടിക്കരുതെന്ന് ആവശ്യപ്പെട്ട് നിരവധി തവണ കമ്പനികൾക്ക് നോട്ടീസ് അയച്ചിരുന്നു. എന്നാൽ മറുപടി നൽകാതെ കോടതിയിൽ പോകുന്ന നടപടികളാണ് കമ്പനികൾ സ്വീകരിച്ചത്. ഇതിനാലാണ് നിയമം കർശനമായി നടപ്പാക്കുന്നതെന്നും അധികൃതർ പറയുന്നു.
സർക്കാർ നിശ്ചയിച്ച ഓട്ടോ കൂലിക്കും മുകളിൽ തുക ഈടാക്കുന്നുവെന്ന യാത്രക്കാരുടെ പരാതിയും ഇത്തരം ഓട്ടോകൾക്കെതിരായ നടപടികൾക്ക് പിന്നിലുണ്ട്. രണ്ടു കിലോമീറ്റർ മാത്രം ദൂരമുള്ള സ്ഥലങ്ങളിലേക്കടക്കം വൻതുകയാണ് ഇത്തരം ടാക്സികൾ ഈടാക്കുന്നത്. ചട്ടപ്രകാരം ഓട്ടോകൾക്ക് ആദ്യ രണ്ടു കിലോമീറ്ററിന് 30 രൂപയാണ് നിരക്ക്. പിന്നീടുള്ള ഓരോ കിലോമീറ്ററിനും 15 രൂപയുമാണ്. സർക്കാർ നിശ്ചയിച്ച തുകയേക്കാൾ അധികനിരക്ക് ഈടാക്കുന്നുവെന്ന് ഇവക്കെതിരെ വ്യാപക പരാതിയുണ്ടെന്നും ഇത് സർക്കാറിന് ബോധ്യപ്പെട്ടതിന്‍റെ അടിസ്ഥാനത്തിലാണ് നടപടിയെന്നും ഗതാഗത കമീഷണർ ടി.എച്ച്.എം. കുമാർ പറഞ്ഞു.
സർക്കാർ നിശ്ചയിച്ച കൂലിയിൽ കൂടുതൽ വാങ്ങരുതെന്നും കമ്പനികൾക്ക് അയച്ച നോട്ടീസിൽ പറയുന്നുണ്ട്. അതേസമയം ആപ് അടിസ്ഥാനത്തിൽ ഓടുന്നതിലൂടെ തങ്ങൾക്ക് നഷ്ടമല്ലാതെ മറ്റൊന്നുമുണ്ടാകുന്നില്ലെന്ന് ഓട്ടോഡ്രൈവർമാർ പറയുന്നു. ഡ്രൈവർമാർക്കുള്ള ഇൻസെന്‍റിവ് പോലും ഒലെ, ഉബർ കമ്പനികൾ നൽകുന്നില്ല. ഇതിന് പകരമായി സാധാരണ രൂപത്തിൽ സാധാരണ നിരക്കിൽ ഓടുന്നതാണ് യാത്രക്കാർക്കും ഡ്രൈവർമാർക്കും നല്ലത്. ഗതാഗതവകുപ്പിന് കീഴിൽ ടാക്സി സർവിസ് തുടങ്ങണമെന്ന നിർദേശവും യൂനിയനുകൾ വെച്ചിരുന്നു. എന്നാൽ ഗതാഗതവകുപ്പ് ഇക്കാര്യം അവഗണിക്കുകയാണ്. കമ്പനികളും ഗതാഗതവകുപ്പും ചെയ്യുന്ന പ്രശ്നങ്ങൾക്ക് സാധാരണ ൈഡ്രവർമാരാണ് പഴി കേൾക്കുന്നതെന്നും അവരുടെ ജീവിതം ദുസ്സഹമായെന്നും യൂനിയനുകൾ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.