ഓട്ടോ വാടക ഉയർത്തിയില്ലെങ്കിൽ ബംഗളൂരു വിടുമെന്ന് ഉബർ
text_fieldsബംഗളൂരു: സംസ്ഥാനസർക്കാർ തങ്ങൾക്കുള്ള കമീഷൻ തുക പത്തു ശതമാനത്തിൽനിന്ന് ഉയർത്തുന്നില്ലെങ്കിൽ ബംഗളൂരുവിലെ തങ്ങളുടെ ഓട്ടോറിക്ഷ സേവനം നിർത്തലാക്കുമെന്ന് ഓൺലൈൻ ടാക്സി കമ്പനിയായ ഉബർ. മീറ്റർ തുകയേക്കാൾ 25 ശതമാനം അധികം തുക ഈടാക്കിയാൽ മാത്രമേ തങ്ങൾക്ക് മുന്നോട്ടുപോകാൻ കഴിയൂ എന്ന് ഗതാഗതവകുപ്പിന് ഉബർ അധികൃതർ അയച്ച കത്തിൽ പറയുന്നു.
ഓൺലൈൻ കമ്പനികളുടെ ഓട്ടോ ടാക്സികൾ സർക്കാർ നിശ്ചയിച്ച തുകയേക്കാൾ കൂടുതൽ ഈടാക്കുന്നു എന്ന പരാതിയെ തുടർന്ന് ഉബർ, ഒല, റാപ്പിഡോ എന്നീ കമ്പനികളുടെ ഓട്ടോ ടാക്സികളെ സംസ്ഥാനത്ത് നിരോധിച്ചിരുന്നു. ഇതിനെതിരെ ഉബറും ഒലയും ഹൈകോടതിയെ സമീപിച്ചിരുന്നു. തുടർന്ന് മീറ്റർ തുകയേക്കാൾ പത്തു ശതമാനം അധിക തുകയും ജി.എസ്.ടിയും ഈടാക്കാൻ ഈ കമ്പനികൾക്ക് ഹൈകോടതി ഇടക്കാല ഉത്തരവിലൂടെ അനുമതി നൽകിയിരുന്നു.
കമ്പനികളെ നിരോധിച്ചതിനുശേഷം മൂന്നുദിവസം കഴിഞ്ഞ് ഒക്ടോബർ 14നാണ് കോടതി ഉത്തരവ് വന്നത്. ഓൺലൈൻ ടാക്സികളെ സർക്കാർ തടയരുതെന്നും കോടതി പറഞ്ഞിരുന്നു. എന്നാൽ, 15 ദിവസത്തിനുള്ളിൽ ചർച്ച നടത്തി നിശ്ചിത തുക ഓട്ടോചാർജായി തീരുമാനിക്കാമെന്ന് സർക്കാർ കോടതിയെ അറിയിച്ചിരുന്നു. എന്നാൽ, പലവട്ടം ചർച്ചകൾ നടത്തിയെങ്കിലും ഇരുകൂട്ടരും തമ്മിൽ ഇതുവരെ ധാരണയായിട്ടില്ല. ഏറെക്കാലം പത്തു ശതമാനം മാത്രം കമീഷൻ സ്വീകരിച്ച് സർവിസ് നടത്താൻ കഴിയില്ലെന്ന് ഉബർ ഇന്ത്യ ആൻഡ് സൗത് ഏഷ്യ സെൻട്രൽ ഓപറേഷൻസ് തലവൻ നിതീഷ് ഭൂഷൺ പ്രതികരിച്ചു. ഇതിനാൽ ഇത്തരം സേവനങ്ങൾ കമ്പനി നിർത്തലാക്കേണ്ടിവരും. ബംഗളൂരുവിൽ സാധ്യമായ ചിലയിടങ്ങളിൽ മാത്രമാക്കി ഓട്ടോസേവനം പരിമിതപ്പെടുത്തേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു. സമ്മർദം ചെലുത്താനായി പറയുന്നതല്ല ഇത്.
ഓൺലൈൻ ടാക്സി സേവനം തീർത്തും വ്യത്യസ്തമാണെന്നും ഗുണമേന്മയുള്ള സേവനം ലഭ്യമാക്കാൻ ചെലവ് കൂടുതലാണെന്നും ഇന്ധനം, സമയം, മറ്റു കാര്യങ്ങളടക്കമുള്ളവ പരിഗണിക്കണമെന്നും അദ്ദേഹം പറഞ്ഞു. എല്ലാ മാസവും ബംഗളൂരുവിൽ ഒരു മില്യൺ യാത്രക്കാരും അരലക്ഷം ഡ്രൈവർമാരും തങ്ങളുടെ ഓട്ടോ സേവനങ്ങൾ ഉപയോഗിക്കുന്നുവെന്നാണ് ഉബറിന്റെ കണക്ക്.
നിലവില്‍ കർണാടക സർക്കാർ നിശ്ചയിച്ച ഓട്ടോറിക്ഷകളുടെ മിനിമം നിരക്ക് (ആദ്യ രണ്ടു കിലോമീറ്റര്‍) 30 രൂപയാണ്. പിന്നീടുള്ള ഓരോ കിലോമീറ്ററിനും 15 രൂപ. രാത്രി പത്തിനും പുലർച്ച അഞ്ചിനുമിടയിലുള്ള യാത്രക്ക് 50 ശതമാനം അധിക നിരക്ക് ഈടാക്കും. കാത്തുനില്‍ക്കുന്നതിന് ഓരോ 15 മിനിറ്റിനും അഞ്ചു രൂപ വീതവും. എന്നാൽ, ഓൺലൈൻ ഓട്ടോകൾ രണ്ടു കിലോമീറ്റർ താഴെയുള്ള ഓട്ടത്തിനും നൂറു രൂപയാണ് ഈടാക്കിയിരുന്നത്. ഇതിനാലാണ് ഇവക്കെതിരെ സർക്കാർ നടപടിയെടുത്തത്.
നൂറുരൂപക്ക് താഴെയുള്ള ഓട്ടംപോകാതെ വെബ് ഓട്ടോകൾ
ബംഗളൂരു: ഹൈകോടതിയുടെ ഇടക്കാല ഉത്തരവു പ്രകാരം ഓൺലൈൻ ഓട്ടോകൾ മീറ്റർ ചാർജിനേക്കൾ 10 ശതമാനം അധിക തുക ഈടാക്കിയാണ് ഓടേണ്ടത്. ഇതുപ്രകാരമാണ് നഗരത്തിലെ ഉബർ, ഒല ഓട്ടോകൾ ഓടുന്നത്.
ഗതാഗതവകുപ്പിന്റെ ശക്തമായ നിലപാടും ഹൈകോടതി ഇടപെടലും കാരണമാണ് തുക കുറക്കാൻ അവർ നിർബന്ധിതരായത്. എന്നാൽ, നിലവിൽ യാത്രക്കാർ ഓട്ടം ബുക്ക് ചെയ്യുമ്പോൾ 100 രൂപയിൽ താഴെയാണ് തുക കാണിക്കുന്നതെങ്കിൽ ഓട്ടം ഏറ്റെടുക്കാതെ ഒഴിഞ്ഞുമാറുകയാണ് ഡ്രൈവർമാർ. ഇതോടെ, ചെറുദൂരങ്ങളിലേക്ക് യാത്ര ചെയ്യേണ്ടവർ മറ്റ് ഓട്ടോകളെ വിളിക്കേണ്ട സ്ഥിതിയാണ്. ഇങ്ങനെ വിളിച്ചാൽ മീറ്റർ ഇടാതെയാണ് ഓട്ടോകൾ ഓടുക. ചെറുദൂരത്തേക്കാണെങ്കിലും നൂറുരൂപ നൽകേണ്ട സ്ഥിതിയാണ് യാത്രക്കാർക്ക്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.